കൂറ്റന്‍ വിജയവുമായി ഇന്ത്യ, ഒപ്പം കൂടി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും

സീനിയര്‍ ടീം ഏഷ്യ കപ്പ് ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ട തൊട്ടടുത്ത ദിവസം ഏഷ്യ കപ്പില്‍ കൂറ്റന്‍ വിജയത്തോടെ ഇന്ത്യയുടെ യുവ നിര. നേപ്പാളിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ 172 റണ്‍സിന്റെ വിജയമാണ് ഉദ്ഘാടന ദിവസത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്. 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇന്ത്യ 304 റണ്‍സ് നേടിയപ്പോള്‍ നേപ്പാള്‍ 133 റണ്‍സിനു 36.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാല്‍ 104 റണ്‍സും പ്രഭ്സിമ്രാന്‍ സിംഗ് 82 റണ്‍സും നേടി തിളങ്ങി. നേപ്പാളിന്റെ ഭീം ഷാര്‍ക്കി നാല് വിക്കറ്റ് നേടി. ബൗളിംഗില്‍ ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി, ഹര്‍ഷ് ത്യാഗി എന്നിവര്‍ മൂന്നും മോഹിത് ജംഗ്ര രണ്ടും വിക്കറ്റ് നേടി.

മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക 6 വിക്കറ്റിനു ബംഗ്ലാദേശിനെയും പാക്കിസ്ഥാന്‍ ഹോങ്കോംഗിനെതിരെ 9 വിക്കറ്റ് ജയവും സ്വന്തമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ അഫ്ഗാന്‍ യുവനിര 5 വിക്കറ്റ് ജയം സ്വന്തമാക്കി. നാളെ യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.