പാക്കിസ്ഥാനെ എറിഞ്ഞൊതുക്കി ശ്രീലങ്ക

സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെ 121 റൺസിലൊതുക്കി ശ്രീലങ്ക. 30 റൺസ് നേടിയ ബാബര്‍ അസം ആണ് ടീമിന്റെ ടോപ് സ്കോറര്‍. മൊഹമ്മദ് നവാസ് 26 റൺസ് നേടിയാണ് പാക്കിസ്ഥാന്റെ സ്കോര്‍ 100 കടത്തിയത്. 19.1 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

റിസ്വാനെ(14) നഷ്ടമാകുമ്പോള്‍ 28 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്. 35 റൺസ് ബാബര്‍ അസമും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ഫകര്‍ സമനെ(13) ചാമിക കരുണാരത്നേ പുറത്താക്കുകയായിരുന്നു.

പത്തോവര്‍ പിന്നിടുമ്പോള്‍ 66 റൺസായിരുന്നു പാക്കിസ്ഥന്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 30 റൺസ് നേടിയ ബാബര്‍ അസമിനെ വനിന്‍ഡു ഹസരംഗ പുറത്താക്കിയതോടെ പാക്കിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി.

ഇഫ്തിക്കര്‍ അഹമ്മദിനെയും ആസിഫ് അലിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി വനിന്‍ഡു ഹസരംഗ പാക്കിസ്ഥാന്റെ നില കൂടുതൽ പരുങ്ങലിലാക്കി. മൊഹമ്മദ് നവാസ് നേടിയ 26 റൺസ് വാലറ്റത്തിൽ പാക്കിസ്ഥാന് ആശ്വാസമായി. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ മൂന്നും മഹീഷ് തീക്ഷമ, പ്രമോദ് മധുഷന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.