3 റണ്‍സ് ജയം, ഇന്ത്യയെ കീഴടക്കി ശ്രീലങ്ക എമേര്‍ജിംഗ് ഏഷ്യ കപ്പ് ജേതാക്കള്‍

2018 എമേര്‍ജിംഗ് ഏഷ്യ കപ്പ് ജേതാക്കളായി ശ്രീലങ്ക. ഇന്ന് നടന്ന ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ 3 റണ്‍സ് ജയം സ്വന്തമാക്കിയാണ് ശ്രീലങ്കയുടെ ടീം ഏഷ്യന്‍ ചാമ്പ്യന്മാരായത്. ഇന്ത്യ ഫൈനലിലേക്ക് പാക്കിസ്ഥാനെ കീഴടക്കി എത്തിയപ്പോള്‍ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ശ്രീലങ്ക ഫൈനല്‍ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 270/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയുടെ സ്കോറിനു മൂന്ന് റണ്‍സ് അകലെ വരെ എത്തുവാനെ കഴിഞ്ഞുള്ളു. 9 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഹസിത ബോയഗോഡ(54), ഷെഹാന്‍ ജയസൂര്യ(46) എന്നിവര്‍ക്കൊപ്പം ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച കമിന്‍ഡു മെന്‍ഡിസ് 61 റണ്‍സുമായി തിളങ്ങിയപ്പോള്‍ ശ്രീലങ്ക മികച്ച സ്കോര്‍ നേടുകയായിരുന്നു. വനിന്ധു ഹസരംഗ 31 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അങ്കിത് രാജ്പുത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷംസ് മുലാനി, മയാംഗ് മാര്‍ക്കണ്ടേ, ജയന്ത് യാദവ്, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഇന്ത്യന്‍ നിരയില്‍ ജയന്ത് യാദവ് 71 റണ്‍സുമായി പൊരുതിയപ്പോള്‍ ഷംസ് മുലാനി(46), നിതീഷ് റാണ(40), റുതുരാജ് ഗായ്ക്വാഡ്(31) എന്നിവരോടപ്പം 5 പന്തില്‍ 28 റണ്‍സുമായി അതീത് സേഥും പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. വിജയിക്കുവാന്‍ അവസാന ഓവറില്‍ 20 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 16 റണ്‍സ് മാത്രമേ അവസാന ഓവറില്‍ നിന്ന് നേടാനായുള്ളു.

ശ്രീലങ്കയ്ക്കായി അസേല ഗുണരത്നേ മൂന്നും ഷെഹാന്‍ ജയസൂര്യ, ലസിത് എംബുല്‍ഡെനിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.