Afgsrilanka

ട്വിസ്റ്റോട് ട്വിറ്റ്, അഫ്ഗാന്‍ ഹൃദയം തകര്‍ത്ത് 2 റൺസ് വിജയവുമായി ശ്രീലങ്ക

37.1 ഓവറിൽ ശ്രീലങ്ക ഉയര്‍ത്തിയ വിജയ ലക്ഷ്യം മറികടന്നാൽ ഏഷ്യ കപ്പ് സൂപ്പര്‍ 4ല്‍ കടക്കാമെന്ന ലക്ഷ്യം ഏറ്റെടുത്തിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തിൽ അത് സ്വന്തമാക്കുന്നതിന്റെ വക്കിലെത്തിയെങ്കിലും 37.4 ഓവറിൽ ടീം 289 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 2 റൺസ് വിജയവുമായി സൂപ്പര്‍ 4ന് യോഗ്യത നേടി ശ്രീലങ്ക. ഇന്നത്തെ ത്രില്ലര്‍ മത്സരത്തിൽ മത്സരം മാറി മറിയുന്ന കാഴ്ച കണ്ടപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഈ പരാജയം ബംഗ്ലാദേശിന് തുണയായി. 37.1 ഓവറിൽ മുജീബിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ 3 റൺസ് വേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന് ഒരു സിക്സ് നേടാനായിരുന്നുവെങ്കിൽ വിജയം കൈക്കലാക്കി സൂപ്പര്‍ ഫോറിൽ കടക്കമായിരുന്നു. എന്നാൽ ഫസൽഹഖ് ഫറൂഖിയെ വിക്കറ്റിന് മുന്നിൽ കുടുക്കി ധനന്‍ജയ ഡി സിൽവ ശ്രീലങ്കയുടെ വിജയ ശില്പിയായി.

292 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന്റെ തുടക്കം മോശമായിരുന്നു. 50 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ നാലാം വിക്കറ്റും അഞ്ചാം വിക്കറ്റും വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. 201/4 എന്ന നിലയിൽ നിന്ന് 237/7 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു.

നാലാം വിക്കറ്റിൽ 61 റൺസ് നേടി റഹ്മത് ഷാ- ഹഷ്മത്തുള്ള ഷഹീദി നേടിയപ്പോള്‍ 40 പന്തിൽ 45 റൺസ് നേടിയ റഹ്മത് ഷായുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. പിന്നീട് 80 റൺസ് മൊഹമ്മദ് നബിയും ഷഹീദുയും ചേര്‍ന്ന് നേടിയപ്പോള്‍ 26.3 ഓവറിൽ അഫ്ഗാനിസ്ഥാന്‍ 201 റൺസായിരുന്നു നേടിയത്. 32 പന്തിൽ 65 റൺസ് നേടിയ നബിയുടെ വിക്കറ്റ് നഷ്ടമായ ശേഷവും അഫ്ഗാനിസ്ഥാന്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

എന്നാൽ 32ാം ഓവറിൽ കരിം ജനത്(22), ഹസ്മത്തുള്ള ഷഹീദി(59) എന്നിവരെ പുറത്താക്കി ദുനിത് വെല്ലാലാഗേ അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കി. നജീബുള്ള സദ്രാന്‍ – റഷീദ് ഖാന്‍ കൂട്ടുകെട്ട് 39 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് കസുന്‍ രജിത 23 റൺസ് നേടിയ സദ്രാനെ പുറത്താക്കിയത്.

9ാം വിക്കറ്റ് അഫ്ഗാനിസ്ഥാന് നഷ്ടമാകുമ്പോള്‍ 3 റൺസ് ആയിരുന്നു ടീം വിജയത്തിനായി നേടേണ്ടിയിരുന്നത്. 16 പന്തിൽ 27 റൺസുമായി റഷീദ് ഖാന്‍ മറുവശത്ത് കാഴ്ചക്കാരനായി നിന്നപ്പോള്‍ ഫറൂഖിയെ പുറത്താക്കി ധനന്‍ജയ ഡി സിൽവ ശ്രീലങ്കന്‍ വിജയം ഒരുക്കി. മുജീബിനെയും ഫറൂഖിയെയും ഒരേ ഓവറിലാണ് ഡി സിൽവ പുറത്താക്കിയത്.

കസുന്‍ രജിത നാല് വിക്കറ്റ് നേടിയപ്പോള്‍ ദുനിത് വെല്ലാലാഗേയും ധനന്‍ജയ ഡി സിൽവയും രണ്ട് വീതം വിക്കറ്റ് നേടി ശ്രീലങ്കയ്ക്കായി തിളങ്ങി.

Exit mobile version