പാക്കിസ്ഥാന് ആത്മവിശ്വാസക്കുറവ്: മിക്കി ആര്‍തര്‍

ഏഷ്യ കപ്പില്‍ ഹോളണ്ടിനെതിരെ ആധികാരികമായി തുടങ്ങിയ പാക്കിസ്ഥാന്‍ പിന്നീട് ഇന്ത്യയോട് രണ്ട് തവണയും അഫ്ഗാനിസ്ഥാനോട് നേരിയ മാര്‍ജിനില്‍ വിജയവും സ്വന്തമാക്കി തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം നേടാനായാല്‍ ഏഷ്യ കപ്പ് ഫൈനലില്‍ കടക്കുമെന്ന് സ്ഥിതിയില്‍ നില്‍ക്കുമ്പോളാണ് ടീമിനു ആത്മവിശ്വാസക്കുറവുണ്ടെന്ന അഭിപ്രായവുമായി മുഖ്യ കോച്ച് മിക്കി ആര്‍തര്‍.

കഴിഞ്ഞ ദിവസം ഇന്ത്യയോട് ടൂര്‍ണ്ണമെന്റില്‍ രണ്ടാം തവണ പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചുവെങ്കിലും ബൗളര്‍മാര്‍ അമ്പേ പരാജയമായ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

നിലവില്‍ ടീമിനും ആത്മവിശ്വാസക്കുറവുണ്ടെന്നും പരാജയ ഭീതി ഡ്രെസ്സിംഗ് റൂമില്‍ കയറിക്കൂടിയിട്ടുണ്ടെന്നും തുറന്ന് സമ്മതിച്ച മിക്കി ആര്‍തര്‍ എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായപ്പെട്ടു. 9 വിക്കറ്റിനു ഇന്ത്യയോട് പരാജയപ്പെടുക എന്നത് പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോല്‍വിയാണ്. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പരിശീലനവും പാക്കിസ്ഥാന്‍ ടീം മുന്‍ നിരയിലാണെന്നത് വ്യക്തമാക്കുന്നുണ്ടെങ്കിലും മത്സരഫലത്തില്‍ അവ പ്രതിഫലിക്കാത്തതിനു കാരണം ആത്മവിശ്വാസമില്ലായ്മയാണെന്നും ആര്‍തര്‍ പറഞ്ഞു.

സെമി ഫൈനല്‍ മത്സരമെന്ന് വിശേഷിപ്പിക്കാവുന്ന ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ജയിച്ച് ഇന്ത്യയെ വെള്ളിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുവാന്‍ പാക്കിസ്ഥാനു സാധിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച ആര്‍തര്‍ ടീം അടുത്ത മത്സരത്തില്‍ തങ്ങളുടെ മികവ് പുറത്തെടുക്കുമെന്നും കോച്ച് പറഞ്ഞു.

Exit mobile version