ഒടുവില്‍ സര്‍ഫ്രാസ് തുറന്നു സമ്മതിച്ചു, ഇന്ത്യയുടത്ര വൈദഗ്ദ്ധ്യം പാക്കിസ്ഥാനില്ല

ഇന്ത്യന്‍ താരങ്ങളുടെയത്ര ക്രിക്കറ്റ് വൈദഗ്ദ്യം പാക്കിസ്ഥാന്‍ താരങ്ങള്‍ക്കില്ലായെന്നും അത് തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലുമായി രണ്ട് മത്സരങ്ങളിലാണ് ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടത്. പാക് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുക കൂടി ചെയ്തപ്പോള്‍ പാക്കിസ്ഥാനു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമേറിയത് ആവുകയായിരുന്നു.

സര്‍ഫ്രാസ് അഹമ്മദ്-ഷൊയ്ബ് മാലിക്ക് കൂട്ടുകെട്ടിന്റെ പ്രകടന മികവാണ് പാക്കിസ്ഥആനെ 237 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഒറ്റയാള്‍ പ്രകടനത്തിനു പിന്തുണയായി പാക് ഫീല്‍ഡിംഗ് കൂടി എത്തിയപ്പോള്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിച്ചു. ക്യാച്ചുകള്‍ ഇത്തരത്തില്‍ കൈവിടുകയാണെങ്കില്‍ ടീമിനു വിജയം എന്നത് ചിന്തിക്കുവാനെ പാടില്ലെന്നാണ് പാക് നായകന്‍ അഭിപ്രായപ്പെട്ടത്. ഫീല്‍ഡിംഗ് കഴിഞ്ഞ കുറേ കാലമായി പാക്കിസ്ഥാന്‍ മെച്ചപ്പെടുത്തല്‍ വരുത്തിയ മേഖലയാണ് എന്നാല്‍ ഇപ്പോള്‍ ഏഷ്യ കപ്പിനിടെ എന്താണ് ടീമിനു സംഭവിച്ചതെന്നാണ് തനിക്കും അറിയാത്തതെന്ന് സര്‍ഫ്രാസ് അഹമ്മദ് കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാന് ആത്മവിശ്വാസക്കുറവ്: മിക്കി ആര്‍തര്‍

ഏഷ്യ കപ്പില്‍ ഹോളണ്ടിനെതിരെ ആധികാരികമായി തുടങ്ങിയ പാക്കിസ്ഥാന്‍ പിന്നീട് ഇന്ത്യയോട് രണ്ട് തവണയും അഫ്ഗാനിസ്ഥാനോട് നേരിയ മാര്‍ജിനില്‍ വിജയവും സ്വന്തമാക്കി തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം നേടാനായാല്‍ ഏഷ്യ കപ്പ് ഫൈനലില്‍ കടക്കുമെന്ന് സ്ഥിതിയില്‍ നില്‍ക്കുമ്പോളാണ് ടീമിനു ആത്മവിശ്വാസക്കുറവുണ്ടെന്ന അഭിപ്രായവുമായി മുഖ്യ കോച്ച് മിക്കി ആര്‍തര്‍.

കഴിഞ്ഞ ദിവസം ഇന്ത്യയോട് ടൂര്‍ണ്ണമെന്റില്‍ രണ്ടാം തവണ പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചുവെങ്കിലും ബൗളര്‍മാര്‍ അമ്പേ പരാജയമായ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

നിലവില്‍ ടീമിനും ആത്മവിശ്വാസക്കുറവുണ്ടെന്നും പരാജയ ഭീതി ഡ്രെസ്സിംഗ് റൂമില്‍ കയറിക്കൂടിയിട്ടുണ്ടെന്നും തുറന്ന് സമ്മതിച്ച മിക്കി ആര്‍തര്‍ എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായപ്പെട്ടു. 9 വിക്കറ്റിനു ഇന്ത്യയോട് പരാജയപ്പെടുക എന്നത് പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോല്‍വിയാണ്. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പരിശീലനവും പാക്കിസ്ഥാന്‍ ടീം മുന്‍ നിരയിലാണെന്നത് വ്യക്തമാക്കുന്നുണ്ടെങ്കിലും മത്സരഫലത്തില്‍ അവ പ്രതിഫലിക്കാത്തതിനു കാരണം ആത്മവിശ്വാസമില്ലായ്മയാണെന്നും ആര്‍തര്‍ പറഞ്ഞു.

സെമി ഫൈനല്‍ മത്സരമെന്ന് വിശേഷിപ്പിക്കാവുന്ന ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ജയിച്ച് ഇന്ത്യയെ വെള്ളിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുവാന്‍ പാക്കിസ്ഥാനു സാധിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച ആര്‍തര്‍ ടീം അടുത്ത മത്സരത്തില്‍ തങ്ങളുടെ മികവ് പുറത്തെടുക്കുമെന്നും കോച്ച് പറഞ്ഞു.

റഷീദ് മികച്ചത്, പക്ഷേ കളിക്കാനാകാത്ത തരത്തിലുള്ള ബൗളറല്ല: മഹമ്മദുള്ള

നിര്‍ണ്ണായകമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 87/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 249 റണ്‍സിലേക്ക് എത്തിച്ചതിനു പിന്നില്‍ രണ്ട് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. മഹമ്മദുള്ളയും ടീമിലെക്ക് ഈ മത്സരത്തിനു തൊട്ട് മുമ്പ് എത്തിയ ഇമ്രുല്‍ കൈസും. ഇരുവരും ചേര്‍ന്ന് 130 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനു പൊരുതാവുന്ന സ്കോര്‍ നല്‍കിയതും ബൗളര്‍മാര്‍ അത് വിജയകരമായി രക്ഷിക്കുകയും ചെയ്തത്.

74 റണ്‍സ് നേടി മഹമ്മദുള്ള പുറത്തായപ്പോള്‍ ഇമ്രുല്‍ കൈസ് 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മഹമ്മദുള്ള പറയുന്നത്. റഷീദ് ഖാന്‍ മികച്ച ബൗളറാണെങ്കിലും കളിക്കാനാകാത്ത മാത്രം അപകടകാരിയായ ബൗളര്‍ അല്ല റഷീദെന്നാണ് മഹമ്മദുള്ള പറയുന്നത്.

ബംഗ്ലാദേശിന്റെ ദുരന്ത മുഖത്തെ പോരാളിയായി വിശേഷിക്കപ്പെടുന്ന മഹമ്മദുള്ള ടീമിനെ പലയാവര്‍ത്തി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. റഷീദ് ഖാന് വിക്കറ്റ് നല്‍കരുതെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ താരം സമ്മര്‍ദ്ദത്തില്‍ തനിക്ക് കൂടുതല്‍ മികവ് പുലര്‍ത്തുവാന്‍ പറ്റാറുണ്ടെന്നും പറഞ്ഞു. സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നതാണ് ഏറെ പ്രാധാന്യമുള്ള കാര്യമെന്നും താരം അഭിപ്രായപ്പെട്ടു.

റഷീദ് ഖാനു വിക്കറ്റ് നല്‍കാതിരിക്കുമ്പോളും റണ്‍സ് വരണമെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നു. സിംഗിളുകള്‍ എടുത്ത് തുടങ്ങിയ ശേഷം റഷീദ് ഖാനെ രണ്ട് സിക്സറുകള്‍ പറത്തുവാനും മഹമ്മദുള്ളയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷീദ് ഖാനെ നേരിടുന്നതില്‍ ടീമിനു പിഴവ് സംഭവിച്ചുവെങ്കിലും ഇത്തവണ അതുണ്ടാവരുതെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു. ആറാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വിജയം തന്നെ റഷീദ് ഖാന് വിക്കറ്റ് നല്‍കാതിരുന്നതാണെന്നും മഹമ്മദുള്ള കൂട്ടിചേര്‍ത്തു.

3 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. 250 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ അവസാന ഓവറില്‍ 8 റണ്‍സാണ് നേടേണ്ടിയിരുന്നതെങ്കില്‍ 4 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. അവസാന ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ റഷീദ് ഖാനെ പുറത്താക്കി മത്സരം ബംഗ്ലാദേശിന്റെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയത്തിനടുത്തെത്തി പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി.

മുഹമ്മദ് ഷെഹ്സാദും ഹസ്മത്തുള്ള ഷഹീദിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അസ്ഗര്‍ അഫ്ഗാനും(39) മുഹമ്മദ് നബിയും(38) ടീമിനെ വിജയത്തിലരികിലേക്ക് നയിച്ചുവെങ്കിലും അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു. 71 റണ്‍സാണ് ഹസ്മത്തുള്ള ഷഹീദി നേടിയത്. 53 റണ്‍സ് നേടി മുഹമ്മദ് ഷെഹ്സാദും പുറത്തായ ശേഷം ഒരു ഘട്ടത്തില്‍ റണ്‍ റേറ്റുയര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൊരുതി ബംഗ്ലാദേശ് സ്കോറിനു അടുത്തെത്തുകയായിരുന്നു. സമിയുള്ള ഷെന്‍വാരി പുറത്താകാതെ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ , മഷ്റഫേ മൊര്‍തസ എന്നിവര്‍ രണ്ട് വിക്കറ്റും മഹമ്മദുള്ള, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇവരോ ഫേവറൈറ്റ്സ്?, ഇന്ത്യയോട് വീണ്ടും പരാജയമേറ്റു വാങ്ങി പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ഏവരും പറഞ്ഞത് പാക്കിസ്ഥാനാണ് ഈ ഏഷ്യ കപ്പിലെ ഫേവറൈറ്റ്സ് എന്നാണ്. അതിനു നിരത്തിയ കാരണങ്ങള്‍ സര്‍ഫ്രാസ് അഹമ്മദിനു കീഴില്‍ അടുത്തിടെ ടീം പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന പ്രകടനം, ഫകര്‍ സമന്റെ ഫോം, യുഎഇ അവരുടെ ഹോം ഗ്രൗണ്ട്, ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ അഭാവം എന്നിവയായിരുന്നു. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും എല്ലാം പാക്കിസ്ഥാനു ആനുകൂല്യം പ്രഖ്യാപിച്ചപ്പോള്‍ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറയുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ശതകം നേടിയ മത്സരത്തില്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ നിന്ന് വിജയം കുറിയ്ക്കുകയായിരുന്നു.

ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനോട് പൊരുതി ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ പാക്കിസ്ഥാനു എന്നാല്‍ വീണ്ടും പിഴയ്ക്കുകയായിരുന്നു. ഷൊയ്ബും(78) സര്‍ഫ്രാസും(44) വീണ്ടും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 237 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗിനെ യാതൊരു തരത്തിലും തടയിടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം അനായാസം കീഴടങ്ങി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി. പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ മുതലാക്കി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനൊപ്പം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് നേടിയത്. ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് തന്റെ 15ാം ഏകദിന ശതകം സ്വന്തമാക്കിയ ശിഖര്‍ ധവാനാണ് കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെങ്കിലും രോഹിത്തും ഒട്ടും പിന്നിലല്ലായിരുന്നു.

210 റണ്‍സില്‍ ശിഖര്‍ ധവാന്‍ റണ്ണൗട്ടാവുമ്പോള്‍ 100 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 2 സിക്സും സഹിതമാണ് ശിഖര്‍ തന്റെ 114 റണ്‍സ് നേടിയത്. ഇന്ത്യ വിജയത്തിനു 28 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷൊയ്ബ് മാലിക്കിന്റെ ഓവറില്‍ ഡബിള്‍ ഓടി രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.രോഹിത്തിന്റെ 19ാം ഏകദിന ശതകമാണ് ഇന്ന് പാക്കിസ്ഥാനെതിരെ നേടിയത്. വിജയ സമയത്ത് 111 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയ്ക്കൊപ്പം 12 റണ്‍സുമായി അമ്പാട്ടി റായിഡും ക്രീസിലുണ്ടായിരുന്നു.

പത്രത്തിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി ധനുഷ്ക ഗുണതിലക

ശ്രീലങ്കന്‍ ഓപ്പണിംഗ് താരം ധനുഷ്ക ഗുണതിലകയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ചതിനു നടപടി വേണമെന്ന് പരക്കെ ആവശ്യം. ശ്രീലങ്കയില്‍ നിന്ന് യുഎഇയിലേക്ക് താരം ബാറ്റിംഗ് കിറ്റ് ഇല്ലാതെയാണ് യാത്രയായതെന്നും പരിക്ക് മറച്ച് വെച്ചാണ് താരം ഏഷ്യ കപ്പ് ടീമില്‍ എത്തിയതെന്നുമാണ് ഒരു ശ്രീലങ്കന്‍ പത്രം പുറത്ത് വിട്ടത്.

അതിനെ ആസ്പദമാക്കി ഇന്ത്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത് ഏറ്റു പിടിച്ചു. അതേ സമയം ശ്രീലങ്കയിലെത്തിയ താരം പരിക്ക് കലശലായതിനെത്തുടര്‍ന്ന് താരം പിന്മാറുകയായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നാണ് പത്രത്തിന്റെ ഭാഷ്യം. തനിക്ക് നേരത്തെ തന്നെയുള്ള പരിക്ക് മാനേജ്മെന്റിനെ അറിയിക്കാതെ കിറ്റ് പോലുമില്ലാതെയാണ് ധനുഷ്ക യുഎഇയില്‍ എത്തിയതെന്ന രീതിയിലുള്ള വാര്‍ത്തയാണ് ശ്രീലങ്കയിലെ ദി ഐലന്‍ഡ് പത്രം നല്‍കിയത്.

ഇതിനെതിരെ ശ്രീലങ്കയിലെ തന്നെ മാധ്യമ പ്രവര്‍ത്തകരും ക്രിക്കറ്റ് രംഗത്ത് സജീവമായ വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ഒരു കളിക്കാരനെ ഇല്ലാത്താക്കുവാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്നും ഇത്തരത്തില്‍ കപട വാര്‍ത്തകള്‍ പടച്ച് വിട്ട് താരത്തിനെ ഇകഴ്ത്തിക്കാണിക്കുവാന്‍ ശ്രമിച്ച പത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് ഇവര്‍ ശ്രീലങ്കന്‍ ബോര്‍ഡിനോടും കായിക മന്ത്രിയോടും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ താരം സ്വയം പത്രത്തിനെതിരെ നിയമ നടപടിയ്ക്ക് മുതിരുന്നു എന്നാണ് ലഭിയ്ക്കുന്ന വിവരം.

ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ഇമ്രുല്‍ കൈസും മഹമ്മദുള്ളയും

അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് നിരയ്ക്കും ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്ന് 87/5 എന്ന സ്ഥിതിയിലായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്. 130 റണ്‍സ് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ളുയും ഇമ്രുല്‍ കൈസും ചേര്‍ന്ന് ബംഗ്ലാദേശ് ഇന്നിംഗ്സിനു മാന്യമായ പരിവേഷം നല്‍കുകയായിരുന്നു. ലിറ്റണ്‍ ദാസിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും ഇന്നിംഗ്സിന്റെ ബലത്തില്‍ മെല്ലെ ബംഗ്ലാദേശ് ഇന്നിംഗ്സ് പടുത്തുയര്‍ത്തുകയായിരുന്നുവെങ്കിലും ദാസ്(41) റഷീദ് ഖാനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ബംഗ്ലാദേശ് തകര്‍ച്ച ആരംഭിച്ചു. അതേ ഓവറില്‍ ഷാക്കിബ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഒരോവറിനു ശേഷം റഹീമും(33) റണ്ണൗട്ടിലൂടെ തന്നെ മടങ്ങി.

പിന്നീടാണ് മത്സരത്തില്‍ ബംഗ്ലാദേശിന്റെ രക്ഷകരായ താരങ്ങള്‍ അവതരിച്ചത്. മഹമ്മദുള്ളയും ഇമ്രുല്‍ കൈസും ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു. മഹമ്മദുള്ള അവസാന ഓവറുകളില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച് പുറത്താകുമ്പോള്‍ 74 റണ്‍സാണ് നേടിയത്. ഇമ്രുല്‍ കൈസ് 72 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ നിന്ന് ബംഗ്ലാദേശ് 249 റണ്‍സ് നേടി. ഏഴ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

അഫ്ഗാനിസ്ഥാനും വേണ്ടി അഫ്താബ് അലം മൂന്ന് വിക്കറ്റും റഷീദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം

ഷൊയ്ബ് മാല്കക്കിന്റെയും സര്‍ഫ്രാസ് അഹമ്മദിന്റെയും ബാറ്റിംഗ് മികവില്‍ 237 റണ്‍സ് നേടി പാക്കിസ്ഥാന്‍. 58/3 എന്ന നിലയില്‍ നിന്ന് ഒന്നാം വിക്കറ്റില്‍ ഒത്തുകൂടിയ പാക് സീനിയര്‍ താരങ്ങള്‍ 107 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ പാക് സ്കോര്‍ 165 റണ്‍സിലേക്ക് നയിച്ചു. കുല്‍ദീപ് യാദവ് 44 റണ്‍സ് നേടിയ സര്‍ഫ്രാസിനെ പുറത്താക്കിയപ്പോള്‍ ഷൊയ്ബ് മാലിക്കിനു കൂട്ടായി ആസിഫ് അലി എത്തി. 21 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ആസിഫിനെ ചഹാല്‍ പുറത്താക്കി. 78 റണ്‍സ് നേടിയ മാലിക്കിനെ ബുംറ മടക്കിയയ്ക്കുകയായിരുന്നു. 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. ഫകര്‍ സമന്‍ 31 റണ്‍സ് നേടി പുറത്തായി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ബാബര്‍ അസം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

നിര്‍ണ്ണായക ജയത്തിനായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

ഏഷ്യ കപ്പ് ഫൈനല്‍ സാധ്യതകള്‍ക്കായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും സൂപ്പര്‍ ഫോറിലെ ആദ്യ ജയം തേടിയാണ് ഇരുവരും എത്തുന്നത്. ബംഗ്ലാദേശ് ഇന്ത്യയോട് നാണംകെട്ട് കീഴടങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഏറെക്കുറെ പൊരുതിയാണ് പാക്കിസ്ഥാനോട് കീഴടങ്ങിയത്. ഇരു ടീമുകളിലും കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ നിരയില്‍ സമിയുള്ള ഷെന്‍വാരി ടീമിലേക്ക് എത്തുമ്പോള്‍ നജീബുള്ള സദ്രാന്‍ പുറത്ത് പോകുന്നു. ബംഗ്ലാദേശിനു വേണ്ടി നസ്മുള്‍ ഇസ്ലാം അരങ്ങേറ്റവും ഇമ്രുല്‍ കൈസ് തിരികെ ടീമിലും എത്തുന്നു. റൂബല്‍ ഹൊസൈന്‍, മൊസ്ദൈക്ക് ഹൊസൈന്‍ സൈക്കത്ത് എന്നിവരാണ് ടീമിനു പുറത്ത് പോകുന്നത്.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, സമിയുള്ള ഷെന്‍വാരി, മുഹമ്മദ് നബി, റഷീദ് ഖാന്‍, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, ഇമ്രുല്‍ കൈസ്, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, നസ്മുള്‍ ഹൊസൈന്‍ ഷാന്റോ, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ്, നസ്മുള്‍ ഇസ്ലാം, മുസ്താഫിസുര്‍ റഹ്മാന്‍

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നുള്ള മോചനത്തിനായി ഇന്ത്യയ്ക്കെതിരെ സൂപ്പര്‍ 4 പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പാക്കിസ്ഥാന്‍ ഇന്നിറങ്ങുന്നുത്. ഉസ്മാന്‍ ഷെന്‍വാരി, ഹാരിസ് സൊഹൈല്‍ എന്നിവര്‍ക്ക് പകരം മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ ടീമിലെത്തുന്നു. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല.

ടൂര്‍ണ്ണമെന്റ് വിജയിക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെട്ട ടീമായ പാക്കിസ്ഥാന്‍ എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തകര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരെയും ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലായിരുന്ന ടീമിനെ പാക്ക് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക് ആണ് വിജയത്തിലേക്ക് നയിച്ചത്.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മുഹമ്മദ് അമീര്‍

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ഏഷ്യ കപ്പിനിടെ തന്നെ ബുക്കികള്‍ സമീപിച്ചുവെന്ന് അഫ്ഗാന്‍ താരം

ഏഷ്യ കപ്പിനിടെ യുഎഇയിലെ ഹോട്ടലില്‍ തന്നെ ബുക്കികള്‍ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി അഫ്ഗാന്‍ വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ മുഹമ്മദ് ഷെഹ്സാദ്. ഏഷ്യ കപ്പില്‍ മോശം പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു ബുക്കികളുടെ ആവശ്യമെന്നാണ് താരം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഷെഹ്സാദ് ഇത് ഉടന്‍ തന്നെ ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിച്ചുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യ കപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഷെഹ്സാദ് 34, 37, 20 എന്നീ സ്കോറുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ന് ബംഗ്ലാദേശിനെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്.

ടീമില്‍ അഴിച്ചു പണി നടത്തി ബംഗ്ലാദേശ്, രക്ഷയ്ക്കായി ഓപ്പണര്‍മാരെ ടീമിലെത്തിക്കുന്നു

ശേഷിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശ് ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെയും ഇമ്രുല്‍ കൈസിനെയും തിരികെ വിളിച്ച് ക്രിക്കറ്റഅ ബോര്‍ഡ്. തമീം ഇക്ബാലിന്റെ പരിക്കും ലിറ്റണ്‍ ദാസ്, നസ്മുള്‍ ഹൊസൈന്‍ എന്നിവരുട മോശം ഫോമുമാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുവാന്‍ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ലിറ്റണ്‍ ദാസും നസ്മുള്‍ ഹൊസൈനും ഇതുവരെ ടൂര്‍ണ്ണമെന്റില്‍ രണ്ടക്കം കടന്നിട്ടില്ല.

സൗമ്യ സര്‍ക്കാരും ഇമ്രുല്‍ കൈസും ബംഗ്ലാദേശിനു വേണ്ടി ഏകദിനം കളിച്ചത് ഒരു വര്‍ഷത്തോളം മുമ്പ് ഒക്ടോബര്‍ 22നായിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട ബംഗ്ലാദേശ് നാളെ അഫ്ഗാനിസ്ഥാനെ സൂപ്പര്‍ 4 ഫിക്സ്ച്ചറില്‍ നേരിടും. പ്രാഥമിക റൗണ്ടില്‍ അഫ്ഗാനിസ്ഥാനോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

Exit mobile version