ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ഇമ്രുല്‍ കൈസും മഹമ്മദുള്ളയും

അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് നിരയ്ക്കും ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്ന് 87/5 എന്ന സ്ഥിതിയിലായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്. 130 റണ്‍സ് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ളുയും ഇമ്രുല്‍ കൈസും ചേര്‍ന്ന് ബംഗ്ലാദേശ് ഇന്നിംഗ്സിനു മാന്യമായ പരിവേഷം നല്‍കുകയായിരുന്നു. ലിറ്റണ്‍ ദാസിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും ഇന്നിംഗ്സിന്റെ ബലത്തില്‍ മെല്ലെ ബംഗ്ലാദേശ് ഇന്നിംഗ്സ് പടുത്തുയര്‍ത്തുകയായിരുന്നുവെങ്കിലും ദാസ്(41) റഷീദ് ഖാനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ബംഗ്ലാദേശ് തകര്‍ച്ച ആരംഭിച്ചു. അതേ ഓവറില്‍ ഷാക്കിബ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഒരോവറിനു ശേഷം റഹീമും(33) റണ്ണൗട്ടിലൂടെ തന്നെ മടങ്ങി.

പിന്നീടാണ് മത്സരത്തില്‍ ബംഗ്ലാദേശിന്റെ രക്ഷകരായ താരങ്ങള്‍ അവതരിച്ചത്. മഹമ്മദുള്ളയും ഇമ്രുല്‍ കൈസും ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു. മഹമ്മദുള്ള അവസാന ഓവറുകളില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച് പുറത്താകുമ്പോള്‍ 74 റണ്‍സാണ് നേടിയത്. ഇമ്രുല്‍ കൈസ് 72 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ നിന്ന് ബംഗ്ലാദേശ് 249 റണ്‍സ് നേടി. ഏഴ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

അഫ്ഗാനിസ്ഥാനും വേണ്ടി അഫ്താബ് അലം മൂന്ന് വിക്കറ്റും റഷീദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.