ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് തന്നെ – ഷെയിന്‍ വാട്സൺ

ഏഷ്യ കപ്പിൽ ഇന്ത്യ വന്‍ ശക്തികളാണെന്നും മറ്റാര്‍ക്കും അവരോട് പിടിച്ച് നിൽക്കുവാനാകില്ലെന്നും പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സൺ. ഇന്ത്യ തന്നെയാവും 2022 ഏഷ്യ കപ്പ് വിജയികളെന്നും വാട്സൺ സൂചിപ്പിച്ചു.

യുഎഇയിലെ സാഹചര്യങ്ങളുമായി ഇന്ത്യ വേഗം പൊരുത്തപ്പെടുമെന്നും അതിനാൽ തന്നെ കിരീടം ഇന്ത്യയ്ക്കായിരിക്കുമെന്നാണ് വാട്സൺ വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ആരാധകര്‍ ഉറ്റുനോക്കുന്ന തീപാറും പോരാട്ടമായിരിക്കുമെന്നും ആ മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താമെന്ന വിശ്വാസം ഉണ്ടാകുമെന്നും വാട്സൺ കൂട്ടിചേര്‍ത്തു.

ഈ മത്സരത്തിലെ വിജയികളാവും കപ്പ് നേടുവാന്‍ സാധ്യതയുള്ളവരെന്നും അതിൽ തന്നെ തന്റെ പ്രവചനം ഇന്ത്യയാവും കിരീടം നേടുകയെന്നുമാണെന്നും വാട്സൺ വ്യക്തമാക്കി. ഇന്ത്യയുടെ ബാറ്റിംഗ് ഫയര്‍ പവര്‍ മറ്റൊരു ടീമിനുമില്ലെന്നും മുന്‍ ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.