ഇന്ത്യ അഫ്ഗാന്‍ മത്സരം ടൈയില്‍ അവസാനിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പില്‍ ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ടൈയില്‍ അവസാനിച്ച് ഇന്ത്യ. അത്യന്തം ആവേശകമായ മത്സരത്തില്‍ ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് ഏഴ് റണ്‍സായിരുന്നു വിജയത്തിനു വേണ്ടിയിരുന്നതെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. സ്കോറുകള്‍ സമനിലയിലായപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ വിജയ റണ്‍സിനു ശ്രമിച്ച ജഡേജ പുറത്തായതോടെ ടീമുകള്‍ സമനിലിയല്‍ പിരിയുകയായിരുന്നു. അഫ്ഗാന്‍ സമ്മര്‍ദ്ദം അതിജീവിച്ച് ഇന്ത്യയെ വിജയത്തിനരികില്‍ വരെയെത്തിച്ചത് 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നുവെങ്കിലും ടീമിനെ വിജയക്കൊടുമുടിയിലെത്തിക്കുവാന്‍ താരത്തിനായില്ല.

ഒരു ഘട്ടത്തില്‍ ജയം ഇന്ത്യ അനായാസം സ്വന്തമാക്കുമെന്ന നിലയില്‍ നിന്ന് പൊരുതിക്കയറിയ അഫ്ഗാനിസ്ഥാനു അര്‍ഹമായ വിജയം നേടിയെടുക്കുവാന്‍ സാധിക്കാതെ പോയത് അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയക്കുറവായി മാത്രം കണക്കാക്കാം. സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടതിനു ശേഷം മാത്രമാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയതെന്നുള്ളതും ടീമനും അഫ്ഗാന്‍ ആരാധകര്‍ക്കും അഭിമാനിക്കുവാനുള്ള വകയാണ്.

മുഹമ്മദ് ഷെഹ്സാദ്(124), മുഹമ്മദ് നബി(64) എന്നിവരുടെ പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ 252 റണ്‍സിലേക്ക് എത്തിച്ചത്. എന്നാല്‍ മികച്ച തുടക്കം സ്വന്തമാക്കിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും ടീമിന്റെ വിജയത്തിനാവശ്യമായ അടിത്തറ നല്‍കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ ശേഷം അമ്പാട്ടി റായിഡുവിനെ(57) മുഹമ്മദ് നബി മടക്കിയയ്ക്കുകയായിരുന്നു. ഏറെ വൈകാതെ ലോകേഷ് രാഹുലും(60) മടങ്ങി.

110/0 എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 30.3 ഓവറില്‍ ഇന്ത്യ 166/4 എന്ന നിലയിലായെങ്കിലും ദിനേശ് കാര്‍ത്തിക്കും കേധാര്‍ ജാഥവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 38 റണ്‍സ് നേടി ടീമിന്റെ വിജയ ലക്ഷ്യം 50ല്‍ താഴെയെത്തിച്ചു. 19 റണ്‍സ് നേടിയ കേധാര്‍ ജാഥവിനെ മുജീബ് സദ്രാന്‍ റണ്ണൗട്ട് ആക്കി അഫ്ഗാനിസ്ഥാന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ മടക്കി നബി മത്സരത്തില്‍ ഇന്ത്യയെ ആദ്യമായി സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ വിജയം മണത്ത് അഫ്ഗാനിസ്ഥാന്‍ റണ്‍സ് വഴങ്ങാതെയും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപക് ചഹാര്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിക്കുമെന്ന പ്രതീതിയുണര്‍ത്തിയെങ്കിലും 12 റണ്‍സ് നേടിയ ചഹാറിനെ പുറത്താക്കി അഫ്താബ് അലം മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ് കൊണ്ടു വന്നു.

21 റണ്‍സാണ് ചഹാര്‍-ജഡേജ കൂട്ടുകെട്ട് നേടിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 23 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് പക്ഷേ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 6 വിക്കറ്റ കൈവശമുണ്ടായിരുന്ന ഇന്ത്യയ്ക്ക് 70ല്‍ പരം പന്തുകളില്‍ നിന്ന് 50ല്‍ താഴെ റണ്‍സ് മാത്രം മതിയായിരുന്നു. ആ സ്ഥിതിയില്‍ നിന്ന് ഇന്ത്യയെ വെള്ളം കുടിപ്പിച്ച അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് ഏറെ പ്രശംസ അര്‍ഹിക്കുന്നു.

അവസാന മൂന്നോവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് റഷീദ് ഖാന്‍ എറിഞ്ഞ 48ാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 4 റണ്‍സ് നേടാനായി. 12 പന്തില്‍ 13 റണ്‍സെന്ന കൈപിടിയിലൊതുങ്ങാവുന്ന ലക്ഷ്യത്തിനു അടുത്തെത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ 49ാം ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായി. രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം റണ്ണിനു ശ്രമിക്കുന്നതിനിടയിലാണ് താരം പുറത്തായത്. 9 റണ്‍സാണ് കുല്‍ദീപിന്റെ സംഭാവന.

ഓവറിലെ അഞ്ചാം പന്തില്‍ സിദ്ധാര്‍ത്ഥ് കൗള്‍ റണ്ണൗട്ട് ആവുകയും അവസാന പന്തില്‍ ജഡേജ സിംഗിള്‍ നേടുകയും ചെയ്തതോടെ അവസാന ഓവറില്‍ നിന്ന് ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത് 7 റണ്‍സായിരുന്നു. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റണ്‍ നേടാനായില്ലെങ്കിലും രണ്ടാം പന്തില്‍ ബൗണ്ടറി നേടി ജഡേജ ഇന്ത്യയെ ജയത്തിനരികിലേക്ക് എത്തിച്ചു. അടുത്ത പന്തില്‍ നിന്ന് സിംഗിള്‍ നേടിയതോടെ സ്ട്രൈക്ക് ഖലീല്‍ അഹമ്മദിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ വിജയ റണ്‍സ് നേടുവാന്‍ ജഡേജയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീമുകള്‍ ടൈയില്‍ പിരിയുകയായിരുന്നു.

അഫ്ഗാനിസ്ഥാനായി അഫ്താബ് അലം, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും ജാവേദ് അഹമ്മദി ഒരു വിക്കറ്റും നേടി.