സ്മിത്തിനെ മാറ്റി നിര്‍ത്തിയാല്‍ ഇരു ടീമുകളും സമാസമം

സ്റ്റീവ് സ്മിത്തിനെ മാറ്റി നിര്‍ത്തിയാല്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്ന് പറഞ്ഞ് ജോ റൂട്ട്. ആഷസ് ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു ഇംഗ്ലണ്ട് നായകന്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്മിത്ത് ഒറ്റയ്ക്ക് 293 റണ്‍സാണ് നേടിയത്. പരമ്പരയില്‍ ഇതുവരെ 671 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെ പരമ്പരയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോര്‍ 82 റണ്‍സായിരുന്നു. പരമ്പരയില്‍ ബെന്‍ സ്റ്റോക്സ് ആണ് രണ്ടാമത്തെ ടോപ് സ്കോററായി നില്‍ക്കുന്നത്. സ്റ്റോക്സ് 354 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

സ്മിത്തിന് ഒട്ടനവധി അവസരമാണ് ഇംഗ്ലണ്ട് നല്‍കിയത്. സ്കോര്‍ 65ല്‍ നില്‍ക്കെ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ച് കൈവിട്ട ശേഷം 82 റണ്‍സില്‍ താരം ഏറെക്കുറെ റണ്ണൗട്ടായതായിരുന്നു പിന്നീട് 118 റണ്‍സില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയ സ്മിത്തിന് ജീവന്‍ ലഭിച്ചത് ജാക്ക് ലീഷ് ഓവര്‍സ്റ്റെപ്പ് ചെയ്തപ്പോളാണ്. ഓസ്ട്രേലിയ 28/2 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഈ തിരിച്ചുവരവ് എന്നതും സ്മിത്തിന് നല്‍കിയ അവസരങ്ങളുടെ വില കാണിക്കുന്നു.

ഫോമിലുള്ള സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയുക വളരെ പ്രയാസകരമായ കാര്യമാണ്, തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കുവാനും ടീമിന് സാധിച്ചില്ലെന്ന് ജോ റൂട്ട് വ്യക്തമാക്കി. ഈ അവസരങ്ങള്‍ കൈവിട്ടത് തിരിച്ചടിയായി എന്നും ജോ റൂട്ട് സൂചിപ്പിച്ചു. ഈ പരമ്പര ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ പരമ്പരയായിരുന്നുവെന്നും ഇരു ടീമിലെയും ബൗളര്‍മാര്‍ മേധാവിത്വം നേടിയ പരമ്പരയില്‍ സ്മിത്തിനെ മാറ്റിയാല്‍ ഇരു ടീമുകളും തമ്മില്‍ അന്തരമൊന്നുമില്ലെന്നും ജോ റൂട്ട് വ്യക്തമാക്കി. ഇരു ടീമുകളിലെയും പരിചയ സമ്പന്നരായ താരങ്ങള്‍ മികച്ച പ്രകടനം പുലര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണെന്ന് റൂട്ട് പറഞ്ഞു.