സ്മിത്തിനു ആശ്വാസം, അഡിലെയിഡില്‍ ഓസ്ട്രേലിയയ്ക്ക് 120 റണ്‍സ് ജയം

- Advertisement -

ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിനു ശേഷം ഫോളോ ഓണിനു വിധേയരാക്കാതെ ബാറ്റ് ചെയ്യാന്‍ എടുത്ത തീരുമാനം പാളിപ്പോയോ എന്ന് ഒരു നിമിഷം ചിന്തിച്ച സ്മിത്തിനു ആശ്വാസമായി അഡിലെയിഡില്‍ ഓസ്ട്രേലിയന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 233 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ 120 റണ്‍സിന്റെ വിജയം സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ച പൂര്‍ത്തിയാക്കിയത്. ജയത്തോടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0 ലീഡ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിലെ തകര്‍പ്പന്‍ ശതകത്തിനു ഷോണ്‍ മാര്‍ഷിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.

ദിവസത്തിന്റെ രണ്ടാം പന്തില്‍ തന്നെ ക്രിസ് വോക്സിനെ പുറത്താക്കി ജോഷ് ഹാസല്‍വുഡ് ഓസ്ട്രേലിയയ്ക്ക് ആധിപത്യം നല്‍കുകയായിരുന്നു. പിന്നീട് പിടിച്ച് നില്‍ക്കുവാന്‍ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ക്ക് ഏറെ നേരം ആയുസ്സുണ്ടായിരുന്നില്ല. ജോ റൂട്ട്(67), ജോണി ബൈര്‍സ്റ്റോ(36) എന്നിവരാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ ചെറുത്ത് നില്പ് നടത്തിയത്. നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍ വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഓസ്ട്രേലിയ 442/8 ഡിക്ലയര്‍, 138
ഇംഗ്ലണ്ട് 227, 233

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement