രണ്ടാം ഇന്നിങ്സിലും ശതകം കുറിച്ച് സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയയുടെ ലീഡ് 250 കടന്നു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ദിനം ചായക്ക് പിരിയുമ്പോൾ മത്സരത്തിൽ സമ്പൂർണ ആധിപത്യം പിടിച്ച് ഓസ്‌ട്രേലിയ. ഉച്ചഭക്ഷണശേഷം ടെസ്റ്റിലെ തന്റെ രണ്ടാം ശതകവും കരിയറിലെ 26 മത്തെ ശതകവും കുറിച്ച് സ്മിത്തിൽ നിന്നു പിറന്നത് മറ്റൊരു മാസ്റ്റർ ക്ലാസ്സ്. ഇതോടെ ആഷസിൽ രണ്ട് ഇന്നിങ്സിലും ശതകം നേടുന്ന അഞ്ചാമത്തെ മാത്രം ഓസ്‌ട്രേലിയൻ താരമായി അദ്ദേഹം. സ്മിത്തിന് മികച്ച പിന്തുണയുമായി മാത്യു വൈഡും ബാറ്റ് വീശിയപ്പോൾ ആക്രമിച്ച് കളിച്ച ഇരുവരും 100 റൺസിലേറെയുള്ള കൂട്ട്കെട്ട് പടുത്തുയർത്തി. വലിയ പിന്തുണ ഒന്നും ബോളർമാർക്ക് കിട്ടാത്ത പിച്ചിൽ സ്പിന്നർമാരെ ഉപയോഗിച്ച റൂട്ടിനു പക്ഷെ നല്ല ഫലം ഉണ്ടാക്കാൻ ആയില്ല. സ്പിന്നർമാരെ നന്നായി നേരിട്ടു ഇരു താരങ്ങളും.

എന്നാൽ ടെസ്റ്റിൽ പുതിയ പന്ത്‌ എടുത്ത രണ്ടാം ഓവറിൽ തന്നെ ഈ കൂട്ട്കെട്ട് പൊളിച്ചു ഇംഗ്ലണ്ട്. വോക്സിന്റെ പന്തിൽ കീപ്പർ ബരിസ്റ്റോക്ക് ക്യാച്ച് നൽകി സ്മിത്ത് മടങ്ങുമ്പോൾ 207 പന്തിൽ അദ്ദേഹം കുറിച്ചത് മനോഹരമായ 142 റൺസ്. ഇംഗ്ലണ്ടിന് ശ്വാസം തിരിച്ച് നൽകി ഈ വിക്കറ്റ്. വൈഡിനു കൂട്ടായി ടിം പെയിൻ ക്രീസിലേക്ക്. 250 റൺസ് ലീഡ് മറികടന്ന ഓസ്‌ട്രേലിയ ഇനി ഈ ടെസ്റ്റിൽ ഏതാണ്ട് തോൽക്കില്ല എന്നു ഉറപ്പിച്ചു. ചായക്ക് പിരിയുമ്പോൾ 356 നു 5 വിക്കറ്റ് എന്ന നിലയിൽ ആണ് ഓസ്‌ട്രേലിയ ഇപ്പോൾ. 86 റൺസുമായി വൈഡിനൊപ്പം 7 റൺസുമായി പെയിൻ ആണ് ക്രീസിൽ. ഇപ്പോൾ 266 റൺസിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ 350 റൺസിലേറെയുള്ള ലക്ഷ്യം നൽകി ഇന്നിങ്സിന് വിരാമം കുറിക്കാൻ ആവും ശ്രമിക്കുക. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇനി ഈ മത്സരം ജയിക്കാൻ അത്ഭുതം തന്നെ സംഭവിക്കേണ്ടി വരും.