
ആഷസ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം പാതി കടമ്പ കടന്ന് ഓസ്ട്രേലിയ. ഇംഗ്ലണ്ടിന്റെ 302 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ നിന്ന് കരകയറി രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 165 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 76/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ സ്മിത്ത്-ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ സ്കോറിനെക്കാള്‍ 137 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോള്‍. 66 റണ്‍സ് നേടിയ സ്മിത്തിനു കൂട്ടായി 44 റണ്‍സുമായി ഷോണ്‍ മാര്‍ഷും ക്രീസിലുണ്ട്. 89 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ സ്മിത്ത്-മാര്‍ഷ് സഖ്യം നേടിയത്.
196/4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 106 റണ്‍സ് കൂടിയേ ഇംഗ്ലണ്ടിനു തങ്ങളുടെ ആദ്യ ദിവസത്തെ സ്കോറിനോട് ചേര്‍ക്കാനായുള്ളു. സ്കോര്‍ 246ല്‍ നില്‍ക്കെ ദാവീദ് മലന്(56) സ്റ്റാര്‍ക്കിനു വിക്കറ്റ് നല്കി മടങ്ങി. തൊട്ടടുത്ത ഓവറില്‍ മോയിന്‍ അലിയെ(38) ലയണ്‍ മടക്കി. പിന്നീട് തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായപ്പോള്‍ വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് ടീം സ്കോര്‍ 300 കടക്കാന്‍ സഹായിച്ചത്. 116.4 ഓവറില്‍ ഇംഗ്ലണ്ട് 302 റണ്‍സിനു പുറത്തായി. സ്റ്റുവര്‍ട് ബ്രോഡ് (20), ജേക്ക് ബാള്‍(14) എന്നിവരാണ് വാലറ്റത്തില്‍ നിന്ന് ചെറുത്ത് നില്പ് പ്രകടിപ്പിച്ചത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് 3 വീതം വിക്കറ്റ് വീഴ്ത്തി. നഥാന്‍ ലയണ്‍ രണ്ടും ജോഷ് ഹാസല്‍വുഡ് ഒരു വിക്കറ്റും നേടി.
ഓസ്ട്രേലിയയുടെ ബാറ്റിംഗും തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. കാമറൂണ്‍ ബാന്ക്രോഫ്ടിനെയാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. ഏറെ വൈകാതെ ഉസ്മാന് ഖ്വാജയും(11) പുറത്തായി. ഡേവിഡ് വാര്‍ണറും(26), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും(14) മടങ്ങിയതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി. പിന്നീടാണ് അഞ്ചാം വിക്കറ്റില്‍ സ്മിത്തും ഒപ്പം എത്തിയ ഷോണ്‍ മാര്‍ഷും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട് ബ്രോഡ്, മോയിന്‍ അലി, ജേക്ക് ബാള്‍ എന്നിവര്‍ വിക്കറ്റുകള്‍ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial