ലീഡ് 162 റൺസ് മാത്രം, ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ് നഷ്ടം

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ സ്ഥിതി പരുങ്ങലില്‍. നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 155/5 എന്ന നിലയിലാണ്. ജോ റൂട്ട്(46), ഹാരി ബ്രൂക്ക്(46) എന്നിവരെ പുറത്താക്കി നഥാന്‍ ലയൺ ആണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ചത്.

162 റൺസിന്റെ ലീഡ് മാത്രം കൈവശമുള്ള ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും(13*) ജോണി ബൈര്‍സ്റ്റോയുമാണ്(1*) ക്രീസിലുള്ളത്.

ഇംഗ്ലണ്ടിന്റെ ലീഡ് 82 റൺസ് മാത്രം, ഖവാജയുടെ ശതകത്തിലൂടെ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ കരുതുറ്റ സ്കോറിലേക്ക് നീങ്ങുന്നു. ഉസ്മാന്‍ ഖവാജ നേടിയ 126 റൺസിന്റെ ബലത്തിൽ ഓസ്ട്രേലിയ 311/5 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിന് 82 റൺസിന്റെ ലീഡ് മാത്രമാണ് മത്സരത്തിലുള്ളത്.

ഖവാജ – അലക്സ് കാറെ കൂട്ടുകെട്ട് 91 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്. നേരത്തെ 67/3 എന്ന നിലയിൽ നിന്ന് ഖവാജയും ട്രാവിസ് ഹെഡും ആണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചുവരവിന് സാധ്യതയൊരുക്കിയത്. 50 റൺസ് നേടി ഹെഡ് പുറത്തായപ്പോള്‍ ഖവാജയ്ക്ക് കൂട്ടായി 52 റൺസുമായി അലക്സ് കാറെയാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

ഖവാജയ്ക്കും ഹെഡിനും അര്‍ദ്ധ ശതകം, രണ്ടാം സെഷനിൽ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഒരു ഘട്ടത്തിൽ 67/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഉസ്മാന്‍ ഖവാജ – ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

നാലാം വിക്കറ്റിൽ 81 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 50 റൺസ് നേടിയ ട്രാവിസ് ഹെഡിനെ മോയിന്‍ അലിയാണ് പുറത്താക്കിയത്. രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 188/4 എന്ന നിലയിലാണ്.

84 റൺസുമായി ഖവാജയും 21 റൺസ് നേടി കാമറൺ ഗ്രീനുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയ ഇപ്പോളും ഇംഗ്ലണ്ടിന്റെ സ്കോറിന് 205 റൺസ് പിന്നിലാണ്.

ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്, റൂട്ടിന് ശതകം, ലയണിന് 4 വിക്കറ്റ്

എഡ്ജ്ബാസ്റ്റണിലെ ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം 393/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ജോ റൂട്ട് നേടിയ ശതകത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ നേടിയത്. 4 വിക്കറ്റുമായി നഥാന്‍ ലയൺ ഓസീസ് ബൗളിംഗിൽ തിളങ്ങിയപ്പോള്‍ ഒന്നാം ദിവസം 12 ഓവറുകള്‍ അവശേഷിക്കെയാണ് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്.

118 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നപ്പോള്‍ സാക്ക് ക്രോളി(61), ജോണി ബൈര്‍സ്റ്റോ(78) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍.

4 ഓവറിൽ 14 റൺസുമായി ഓസ്ട്രേലിയ ഒന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ചു.

ഇംഗ്ലണ്ട് 240/5 എന്ന നിലയിൽ, റൂട്ട് അര്‍ദ്ധ ശതകവുമായി പൊരുതുന്നു

ആഷസിലെ ആദ്യ ടെസ്റ്റിൽ ഒന്നാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 240/5 എന്ന നിലയിൽ. 124/3 എന്ന സ്കോറിൽ നിന്ന് രണ്ടാം സെഷനിലെ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 51 റൺസ് കൂടി ചേര്‍ക്കുന്നതിനിടയിൽ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നഷ്ടമായി. 32 റൺസ് നേടിയ താരത്തെ നഥാന്‍ ലയൺ ആണ് പുറത്താക്കിയത്.

തൊട്ടടുത്ത ഓവറിൽ ബെന്‍ സ്റ്റോക്സിനെ കൂടി ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ടീം 176/5 എന്ന സ്കോറിലേക്ക് വീണു. അവിടെ നിന്ന് ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്റ്റോക്സിന്റെ വിക്കറ്റ് ഹാസൽവുഡ് ആണ് നേടിയത്.

റൂട്ട് 66 റൺസും ബൈര്‍സ്റ്റോ 33 റൺസും നേടിയപ്പോള്‍ 64 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്.

ആഷസ്: ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം, സാക്ക് ക്രോളി ലഞ്ചിന് തൊട്ടുമുമ്പ് പുറത്ത്

ആഷസിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം. ഒന്നാ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 124/3 എന്ന നിലയിലാണ്.  61 റൺസുമായി സാക്ക് ക്രോളിയുടെ വിക്കറ്റ് ലഞ്ചിന് തൊട്ടുമുമ്പ് സ്കോട്ട് ബോളണ്ട് വീഴ്ത്തുകയായിരുന്നു.

20 റൺസ് നേടി ജോ റൂട്ടാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 12 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ ജോഷ് ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ 31 റൺസ് നേടിയ ഒല്ലി പോപിനെ നഥാന്‍ ലയൺ ആണ് പവലിയനിലേക്ക് മടക്കിയത്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗമാണ് സ്കോറിംഗ് തുടങ്ങിയതെങ്കിലും നാലാം ഓവറിൽ സ്കോര്‍ 22 റൺസിൽ നിൽക്കുമ്പോള്‍ ബെന്‍ ഡക്കറ്റിനെ നഷ്ടമായി. പിന്നീട് സാക്ക് ക്രോളി – ഒല്ലി പോപ് കൂട്ടുകെട്ട് 70 റൺസ് കൂടിയാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ക്രോളി – റൂട്ട് കൂട്ടുകെട്ട് 32 റൺസ് ആണ് നേടിയത്..

ബാസ്ബോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ വില പോവുമോ എന്നത് കാണാന്‍ കാത്തിരിക്കുന്നു – സ്റ്റീവ് സ്മിത്ത്

ആഷസിന് മുമ്പുള്ള വാക് പോര് ആരംഭിച്ച് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ഓസ്ട്രേലിയയുടെ പേസര്‍മാര്‍ക്കെതിരെ എങ്ങനെയുണ്ടാകുമെന്ന് കാണുവാന്‍ താന്‍ ഉറ്റുനോക്കുകയാണെന്നാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ ഓസ്ട്രേലിയയുടേതിന് ഏറ്റവും അടുത്ത് നിൽക്കുന്ന വിക്കറ്റുകളാണെന്നും ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നിൽ ഇംഗ്ലണ്ടിന് പുതിയ ശൈലിയിൽ ബാറ്റ് വീശാനാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണെന്നും സ്മിത്ത് പറഞ്ഞു.

പന്ത് സീമും സ്വിംഗും ചെയ്യുമ്പോള്‍ ആക്രമണം അഴിച്ച് വിടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. ഇതൊക്കെയാണെങ്കിലും ഇംഗ്ലണ്ടിന്റെ പുതിയ ശൈലിയിലുള്ള ടെസ്റ്റ് ക്രിക്കറ്റ് സമീപനം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

റിട്ടയര്‍മെന്റ് പിന്‍വലിച്ച് മോയിന്‍ അലി!!! ആഷസ് സംഘത്തിൽ

ഇംഗ്ലണ്ടിന്റെ ആഷസ് സംഘത്തിലേക്ക് മോയിന്‍ അലിയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ജാക്ക് ലീഷിന് പകരം താരത്തെ ഉള്‍പ്പെടുത്തുവാനായി ഇംഗ്ലണ്ട് ബോര്‍ഡ് താരത്തോട് ടെസ്റ്റിൽ നിന്നുള്ള റിട്ടയര്‍മെന്റ് പിന്‍വലിച്ച് എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 2021 സീസൺ അവസാനത്തിലാണ് മോയിന്‍ അലി ടെസ്റ്റിൽ നിന്ന് റിട്ടയര്‍ ചെയ്തത്.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും, മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലവും പുരുഷ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍ റോബ കീയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് മോയിന്‍ അലിയെ തിരികെ വിളിക്കുന്ന തീരുമാനത്തിലേക്ക് എത്തിയത്. ജൂൺ 16ന് ആണ് ആഷസ് പരമ്പര ആരംഭിയ്ക്കുന്നത്.

ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ സംഘം: Ben Stokes (c), James Anderson, Jonny Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Ollie Pope, Matthew Potts, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood, Moeen Ali

ഇംഗ്ലണ്ടിന് തിരിച്ചടി, ജാക്ക് ലീഷ് ആഷസിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിന്റെ മുന്‍ നിര സ്പിന്നര്‍ ജാക്ക് ലീഷിന്റെ സേവനം ആഷസിനില്ല. താരത്തിനേറ്റ സ്ട്രെസ്സ് ഫ്രാക്ച്ചര്‍ ആണ് വിനയായി മാറിയിരിക്കുന്നത്. അയര്‍ലണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കിന്റെ ചെറിയ സൂചനകള്‍ ലഭിയ്ക്കുന്നത്. പിന്നീട് സ്കാനുകളിലാണ് വ്യക്തത വന്നത്. ജാക്ക് ലീഷ് മത്സരത്തിൽ 4 വിക്കറ്റ് നേടിയിരുന്നു.

2018ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലീഷ് ഇതുവരെ 35 ടെസ്റ്റിൽ കളിച്ചിട്ടുണ്ട്. 2019ൽ ലീഡ്സിൽ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമൊപ്പം അവസാന വിക്കറ്റിലെ ത്രില്ലര്‍ വിജയത്തിൽ ജാക്ക് ലീഷ് പങ്കാളിയായിരുന്നു. പൊതുവേ ഇംഗ്ലണ്ടിന്റെ ടീമിലെ ഏക സ്പിന്നര്‍ റോള്‍ കൈയ്യാളുന്നയാളാണ് ജാക്ക് ലീഷ്.

ഇംഗ്ലണ്ട് പകരക്കാരന്‍ സ്പിന്നറെ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 16ന് ആണ് ആഷസ് പരമ്പര ആരംഭിയ്ക്കുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ മത്സരം.

ആഷസിൽ ബൗളിംഗ് ചെയ്യാനാകുമെന്ന് പ്രതീക്ഷ – ബെന്‍ സ്റ്റോക്സ്

ആഷസിൽ തനിക്ക് ബൗളിംഗിലേക്ക് തിരിച്ച് വരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്സ്. തന്റെ കാൽമുട്ടിന്റെ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു. ചെന്നൈയിലെ മെഡിക്കൽ ടീമിനൊപ്പം താന്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ക്ക് ഇസിബിയുടെ മേൽനോട്ടവും ഉണ്ടായിരുന്നുവെന്നും താനിപ്പോള്‍ 2019, 2020 കാലഘട്ടത്തിലെങ്ങനെയാണോ ആ നിലയിലേക്ക് മടങ്ങിവരുന്നുവെന്നാണ് കരുതുന്നതെന്നും സ്റ്റോക്സ് പറഞ്ഞു.

ഈ സീസൺ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി വെറും 2 മത്സരങ്ങളിൽ മാത്രം കളിച്ചിട്ടുള്ള ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റിൽ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തും. എന്നാൽ ആഷസിന്റെ സമയത്താവും താന്‍ ബൗളിംഗിലേക്ക് മടങ്ങി വരുവാനുള്ള ശ്രമം നടത്തുകയെന്നും സ്റ്റോക്സ് വ്യക്തമാക്കി.

വാര്‍ണര്‍ ഓസ്ട്രേലിയയുടെ ആഷസ് പ്ലാനുകളുടെ ഭാഗം – ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്

ഓസ്ട്രേലിയയുടെ ആഷസ് പ്ലാനുകളുടെ ഭാഗമാണ് ഡേവിഡ് വാര്‍ണര്‍ എന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. മാര്‍ക്കസ് ഹാരിസിനെ ഓസ്ട്രേലിയ റിസര്‍വ് ഓപ്പണറായി പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ണര്‍ ആയിരിക്കും ഓപ്പണര്‍ എന്നത് പറയുവാന്‍ ഓസ്ട്രേലിയയുടെ ചീഫ് സെലക്ടര്‍ ജോര്‍ജ്ജ് ബെയിലി തയ്യാറായിട്ടില്ലെന്നതും മാറ്റ് റെന്‍ഷായും ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കപ്പെടുവാന്‍ സാധ്യതയുള്ളതിനാൽ തന്നെ ഉസ്മാന്‍ ഖവാജയ്ക്ക് കൂട്ടായി ആരാവും ഇറങ്ങുക എന്നതിൽ വ്യക്തതയില്ല.

എന്നാൽ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് വാര്‍ണര്‍ക്ക് തന്നെയാണ് മുന്‍ഗണന എന്ന തരത്തിലുള്ള സൂചനകളാണ് നൽകുന്നത്.

ലക്ഷ്യം ആഷസ്!!! ജെയിംസ് ആന്‍ഡേഴ്സൺ അയര്‍ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ട് നിന്നേക്കും

ലങ്കാഷയറിന് വേണ്ടി സോമര്‍സെറ്റിനെതിരെയുള്ള കൗണ്ടി മത്സരത്തിനിടെ നിസ്സാര പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്സൺ ആഷസിന് വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ട് നിൽക്കുവാന്‍ സാധ്യത. താരം പരിക്കിൽ നിന്ന് മോചിതനായി വരികയാണെങ്കിലും പത്ത് ദിവസത്തെ റിക്കവറി പിരീഡിന് ശേഷം ജൂൺ 1ന് താരം ഫിറ്റായി അയര്‍ലണ്ട് പരമ്പരയ്ക്ക് തയ്യാറാണെങ്കിലും ജൂൺ 16ന് എഡ്ജ്ബാസ്റ്റണിൽ ആരംഭിിയ്ക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റാണ് താരത്തിന്റെ ഇപ്പോളത്തെ പരിഗണന.

ഇംഗ്ലണ്ട് മുന്‍ നിര പേസര്‍മാരെ ആഷസിനായി കരുതിവയ്ക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിനെതിരെ സ്റ്റുവര്‍ട് ബ്രോഡ്, ഒല്ലി റോബിന്‍സൺ, മാത്യു പോട്സ്, ക്രിസ് വോക്സ് എന്നിവരിൽ നിന്നാവും പേസ് പടയെ തിരഞ്ഞെടുക്കുക.

താന്‍ അയര്‍ലണ്ട് മത്സരത്തിന് മുമ്പ് ഫിറ്റാകുമെന്നും എന്നാൽ കളിക്കണോ വേണ്ടയോ എന്നത് വേറെ വിഷയം ആണെന്നും തനിക്ക് ആ റിസ്ക് എടുക്കുവാന്‍ താല്പര്യമില്ലെന്നുമാണ് ആന്‍ഡേഴ്സൺ വ്യക്തമാക്കിയത്.

Exit mobile version