നിരാശ!!! ബെന്‍ ഡക്കറ്റിന് ശതകം 2 റൺസ് അകലെ നഷ്ടം, അവസാന മണിക്കൂറിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട്

ആഷസിൽ ലോര്‍ഡ്സിലെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 416 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 278/4 എന്ന നിലയിൽ. ഓപ്പണിംഗ് വിക്കറ്റിൽ സാക്ക് ക്രോളി – ബെന്‍ ഡക്കറ്റ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് 91 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

48 റൺസ് നേടിയ സാക്ക് ക്രോളിയെ ലയൺ പുറത്താക്കിയപ്പോള്‍ ഒല്ലി പോപും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 97 റൺസ് കൂടി നേടി. 42 റൺസ് നേടിയ പോപിനെ പുറത്താക്കി കാറൺ ഗ്രീനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 98 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ ആണ് അടുത്തതായി ഇംഗ്ലണ്ടിന് നഷ്ടമായത്. ഹാസൽവുഡാണ് താരത്തിന്റെ ശതകത്തിനുള്ള അവസരം നിഷേധിച്ചത്.

45 റൺസുമായി ഹാരി ബ്രൂക്കും 17 റൺസുമായി ബെന്‍ സ്റ്റോക്സും അഞ്ചാം വിക്കറ്റിൽ ഇംഗ്ലണ്ടിനായി 56 റൺസ് നേടിയാണ് ക്രീസിൽ നിൽക്കുന്നത്. ഓസ്ട്രേലിയയുടെ സ്കോറിന് 138 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോളും

സ്മിത്ത് 110 റൺസ് നേടി പുറത്ത്, ഓസ്ട്രേലിയയ്ക്ക് 416 റൺസ്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിൽ 416 റൺസിന് പുറത്തായി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 100.4 ഓവറിൽ അവസാനിക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് 110 റൺസ് നേടി ജോഷ് ടംഗിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഇന്ന് ബാക്കി ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കാര്യമായ ചെറുത്തുനില്പുയര്‍ത്തുവാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് ഒല്ലി റോബിന്‍സണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ട്  രണ്ട്  വിക്കറ്റും നേടി.

റൂട്ടിന്റെ ഡബിള്‍ സ്ട്രൈക്ക്!!! ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 339/5 എന്ന നിലയിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 339 റൺസ്. മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ ഒന്നാം ദിവസം അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും സ്മിത്തിന്റെ ആധികാരിക പ്രകടനം ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മത്സരത്തിൽ മേൽക്കൈ നൽകിയത്. ആദ്യ ദിവസത്തെ കളിയുടെ അവസാനത്തോടെ രണ്ട് വിക്കറ്റ് നേടി ജോ റൂട്ടാണ് ഒരു പരിധി വരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് അവസരം ഒരുക്കിയത്.  ഡേവിഡ് വാര്‍ണര്‍(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അര്‍ദ്ധ ശതകം നേടിയത്.

ജോ റൂട്ട് ഒരേ ഓവറിൽ ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. മാര്‍നസ് ലാബൂഷാനെയ്ക്ക്(47) അര്‍ദ്ധ ശതകം നഷ്ടമായി. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് ക്രീസിലുള്ളത്.

വാര്‍ണറെ പുറത്താക്കി രണ്ടാം വിക്കറ്റ് നേടി ജോഷ് ടംഗ്, ഓസ്ട്രേലിയയെ കുരതലോടെ മുന്നോട്ട് നയിച്ച് സ്മിത്ത് – ലാബൂഷാനെ കൂട്ടുകെട്ട്

ലോര്‍ഡ്സ് ടെസ്റ്റിൽ കരുതലോടെ ഓസ്ട്രേലിയ കുതിയ്ക്കുന്നു. ലഞ്ചിന് ശേഷം ഡേവിഡ് വാര്‍ണറെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് മൂന്നാം വിക്കറ്റിൽ 94 റൺസുമായി സ്റ്റീവന്‍ സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 190/2 എന്ന നിലയിലാണ്. ജോഷ് ടംഗ് ആണ് വാര്‍ണറെ പുറത്താക്കിയത്.

വാര്‍ണര്‍ 66 റൺസ് നേടി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 96/2 എന്ന നിലയിലായിരുന്നു. പിന്നീട് 94 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓസ്ട്രേലിയ നേടിയത്. ചായയ്ക്കായി പിരിയുമ്പോള്‍ മാര്‍നസ് ലാബൂഷാനെ 45 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിലുള്ളത്.

ആദ്യ സെഷനിൽ ഖവാജയെ നഷ്ടം, അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി വാര്‍ണര്‍

ലോര്‍ഡ്സിൽ ആദ്യ ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 73/1 എന്ന നിലയിൽ. 17 റൺസ് നേടിയ ഖവാജയെ ജോഷ് ടംഗ് 24ാം ഓവറിന്റെ ആദ്യ പന്തിൽ പുറത്താക്കിയപ്പോള്‍ ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

53 റൺസുമായി ഡേവിഡ് വാര്‍ണര്‍ ആണ് ക്രീസിലിത്തിരുന്നു. മത്സരം തുടങ്ങി അധികം വൈകാതെ തന്നെ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രതിഷേധക്കാര്‍ വന്ന് കളി തടസ്സപ്പെടുത്തിയിരുന്നു.

ലോര്‍ഡ്സില്‍ ആഷസിലെ രണ്ടാം അങ്കം, ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു

ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോര്‍ഡ്സിൽ ഇന്ന് തുടക്കം. ആദ്യ ടെസ്റ്റിൽ ആവേശകരമായ വിജയം ഓസ്ട്രേലിയ നേടിയപ്പോള്‍ പരമ്പരയിലൊപ്പമെത്തുവാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ടോസ് നേടി ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓസ്ട്രേലിന്‍ ടീമിൽ ഒരു മാറ്റമാണുള്ളത്. ബോളണ്ടിന് പകരം മിച്ചൽ സ്റ്റാര്‍ക് ടീമിലേക്ക് എത്തുന്നു. ജോഷ് ടംഗ് ഇംഗ്ലണ്ടിനായി കളിക്കുന്നു.

ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey(w), Mitchell Starc, Pat Cummins(c), Nathan Lyon, Josh Hazlewood

ഇംഗ്ലണ്ട്: Zak Crawley, Ben Duckett, Ollie Pope, Joe Root, Harry Brook, Ben Stokes(c), Jonny Bairstow(w), Stuart Broad, Ollie Robinson, Josh Tongue, James Anderson

കൗണ്ടിയിൽ പോലും ഇത്തരം പിച്ച് കാണില്ല!!! എഡ്ജ്ബാസ്റ്റണിലെ പിച്ച് താന്‍ കണ്ടതിൽ ഏറ്റവും ഫ്ലാറ്റായ വിക്കറ്റ് – ഡി വെനൂട്ടോ

എഡ്ജ്ബാസ്റ്റണിലെ പിച്ച് താന്‍ കണ്ടതിൽ വെച്ച് ഏറ്റവും ഫ്ലാറ്റായ വിക്കറ്റാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് കോച്ച് മൈക്കൽ ഡി വെനൂട്ടോ. ആവേശകരമായ ടെസ്റ്റ് മത്സരമാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കണ്ടതെങ്കിലും ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ പിച്ചിൽ നിന്ന് ലഭിച്ചില്ലെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മൂവ്മെന്റ്, ബൗൺസ്, പേസ് ഒന്നുമില്ലാത്ത വളരെ സ്ലോ ആയ പിച്ചായിരുന്നു എഡ്ജ്ബാസ്റ്റണിലേതെന്നും വെനൂട്ടോ പറഞ്ഞു. കൗണ്ടിയിൽ പോലും ഇത്രയും ഫ്ലാറ്റോ ഡെഡോ ആയ വിക്കറ്റുകള്‍ കാണാനാകില്ലെന്നും വെനൂട്ടോ കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ടിൽ കീപ്പിംഗ് പ്രയാസകരം, ബൈര്‍സ്റ്റോയ്ക്ക് പിന്തുണയുമായി മക്കല്ലം

മാര്‍നസ് ലാബൂഷാനെയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ കീപ്പിംഗ് പൊതുവേ മോശമായിരുന്നു. എന്നാൽ താരത്തിന് ഇപ്പോള്‍ പിന്തുണയുമായി മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് അനായാസ അവസരങ്ങളാണ് ബൈര്‍സ്റ്റോ മത്സരത്തിൽ കളഞ്ഞത്. അതിൽ കാമറൺ ഗ്രീനിന്റെ സ്റ്റംപിംഗും അലക്സ് കാറെയെ രണ്ട് തവണ ക്യാച് ഡ്രോപ് ചെയ്യുകയും ചെയ്തു. ഇതെല്ലാം മത്സര ഫലത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ന്യൂസിലാണ്ട് കീപ്പറായിരുന്നപ്പോള്‍ താനും ഇംഗ്ലണ്ടിൽ കീപ്പ് ചെയ്യുവാന്‍ പ്രയാസപ്പെട്ടുവെന്നും ഈ സാഹചര്യങ്ങളിൽ കീപ്പിംഗ് ദുഷ്കരമാണെന്നും മക്കല്ലം പറഞ്ഞു.

 

ആഷസ് യൂ ബ്യൂട്ടി!!!, ആവേശപ്പോരിൽ 2 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിന് കൈയ്യകലത്തിൽ നഷ്ടമായി. വിജയത്തിനായി 281 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് ലക്ഷ്യം മറികടന്നത്. 9ാം വിക്കറ്റിൽ പാറ്റ് കമ്മിന്‍സും നഥാന്‍ ലയണും ചേര്‍ന്ന് നേടിയ 55 റൺസാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തകര്‍ത്തത്.

ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴ കൊണ്ടു പോയതിന് ശേഷം ബോളണ്ടിന്റെ(20) വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഉസ്മാന്‍ ഖവാജ ചെറുത്ത്നില്പ് നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് സമ്മര്‍ദ്ദം സൃഷ്ടിച്ചു. ട്രാവിസ് ഹെഡിനെ(16) മോയിന്‍ അലി വീഴ്ത്തിയപ്പോള്‍ കാമറൺ ഗ്രീനിന്റെ(28) വിക്കറ്റ് റോബിന്‍സണാണ് നേടിയത്.

ഓസ്ട്രേലിയയുടെ പ്രതീക്ഷയായ ഉസ്മാന്‍ ഖവാജയെ സ്റ്റോക്സ് പുറത്താക്കിയപ്പോള്‍ മത്സരത്തിലെ വലിയ നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 65 റൺസായിരുന്നു ഖവാജയുടെ സംഭാവന. അധികം വൈകാതെ ജോ റൂട്ട് അലക്സ് കാറെയെ(20) പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയുടെ എട്ടാം വിക്കറ്റും നഷ്ടമായി.

എന്നാൽ പിന്നീട് മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. പാറ്റ് കമ്മിന്‍സും നഥാന്‍ ലയണും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചപ്പോള്‍ ഈ കൂട്ടുകെട്ട് 55 റൺസ് നേടി. പാറ്റ് കമ്മിന്‍സ് 44 റൺസും നഥാന്‍ ലയൺ 16 റൺസും നേടി പുറത്താകാതെ നിന്നാണ് ലോക ചാമ്പ്യന്മാരെ വിജയത്തിലേക്ക് നയിച്ചത്.

ഒന്നാം സെഷന്‍ മഴ കവര്‍ന്നു, രസംകൊല്ലിയായി മാറുമോ മഴ!!!

ആഷസിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിവസത്തെ ആദ്യ സെഷന്‍ കവര്‍ന്ന് മഴ. വിജയം 174 റൺസ് അകലെ നിൽക്കുമ്പോള്‍ ഓസ്ട്രേലിയയുടെ പക്കൽ 7 വിക്കറ്റാണുള്ളത്. 107/3 എന്ന നിലയിലുള്ള ഓസ്ട്രേലിയയ്ക്കായി 34 റൺസ് നേടിയ ഉസ്മാന്‍ ഖവാജയും 13 റൺസുമായി സ്കോട്ട് ബോളണ്ടുമാണ് ക്രീസിലുള്ളത്.

സ്റ്റുവര്‍ട് ബ്രോഡ് 2 വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിക്കുന്നു.

ആവേശം അവസാന ദിവസത്തിലേക്ക്!!! ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നഷ്ടം, ജയിക്കാന്‍ വേണ്ടത് 174 റൺസ്

ആഷസിലെ ആദ്യ ടെസ്റ്റിൽ മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആവേശകരമായ അന്ത്യമാണ് എഡ്ജ്ബാസ്റ്റണില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 273 റൺസിന് പുറത്താക്കിയ ശേഷം 281 റൺസ് തേടിയിറങ്ങിയ ഓസ്ട്രേലിയ നാലാം ദിവസം അവസാനിക്കുമ്പോള്‍ 107/3 എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബൂഷാനെ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷ ഉസ്മാന്‍ ഖവാജയിലാണ്.  ഖജാവ 34 റൺസും നൈറ്റ് വാച്ച്മാന്‍ സ്കോട്ട് ബോളണ്ട് 13 റൺസും നേടി ക്രീസില്‍ നിൽക്കുകയാണ്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് രണ്ട് വിക്കറ്റ് നേടി.

ഇംഗ്ലണ്ട് ഓള്‍ഔട്ട്!!! ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 281 റൺസ്

ആഷസിലെ ആദ്യ ടെസ്റ്റ് വിജയിക്കുവാന്‍ ഓസ്ട്രേലിയ നേടേണ്ടത് 281 റൺസ്. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 273 റൺസിന് അവസാനിച്ചപ്പോള്‍ ടീമുകള്‍ ചായയ്ക്കായി പിരിഞ്ഞു. ജോ റൂട്ട്(46), ഹാരി ബ്രൂക്ക്(46), ബെന്‍ സ്റ്റോക്സ്(43) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി ചെറുത്തുനില്പുയര്‍ത്തിയത്. ഒല്ലി റോബിന്‍സൺ 27 റൺസ് നേടി.

ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണും പാറ്റ് കമ്മിന്‍സും നാല് വീതം വിക്കറ്റാണ് നേടിയത്.

 

Exit mobile version