ആഷസ് പരമ്പരയിലെ വിജയികളെ പ്രവചിക്കുക അസാധ്യമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം

ആഷസ് പരമ്പരയിലെ വിജയികളെ പ്രവചിക്കുക അസാധ്യമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ.  എന്ത് കൊണ്ടാണ് കഴിഞ്ഞ 18 വർഷമായി ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടിൽ പരമ്പര നേടാനാവാതെ പോയതെന്ന കാര്യം നിഗൂഡമാണെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു. ആറ് ആഴ്ചകൾക്കുളിൽ അഞ്ച് ടെസ്റ്റ് മത്സരം കളിക്കുക എന്നത് ഫാസ്റ്റ് ബൗളർമാരെ സംബന്ധിച്ച് വളരെ കഠിനമാണെന്നും വോ പറഞ്ഞു.

ഇത്തരം ഘട്ടങ്ങളിൽ ടീമിന്റെ ആഴം പരീക്ഷിക്കപെടുമെന്നും ജിമ്മി ആൻഡേഴ്സണും മിച്ചൽ സ്റ്റാർക്കിനും പരിക്കേറ്റാൽ അത് ടീമിനെ മൊത്തം ബാധിക്കുമെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു. അതെ സമയം ലോകകപ്പ് കിരീടം നേടിയതും ആഷസ് ടെസ്റ്റും തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ട് താരത്തിലുള്ള മത്സരമാണെന്നും വോ പറഞ്ഞു. അടുത്ത വ്യാഴഴ്ച്ച എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ആഷസ് ടെസ്റ്റ് പോരാട്ടം.

ആഷസ് ഓർമ്മകൾ – എന്ത് വിലകൊടുത്തും ജയിക്കുക

കാലഘട്ടം ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ബാറ്റ്‌സ്മാൻ ക്രിക്കറ്റ് കളിക്കുന്ന കാലമാണ്, ഡോൺ ബ്രാഡ്മാൻ ബോളർമാരെ തകർത്തെറിയുന്ന കാലം. 1930 ലെ ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് മണ്ണിൽ ഒരു ട്രിപ്പിൾ സ്വഞ്ചറിയും 2 ഡബിൾ സ്വഞ്ചറിയും ഒരു സ്വഞ്ചറിയും അടക്കം 139.14 എന്ന ശരാശരിയിൽ ബ്രാഡ്മാൻ നേടിയത് 974 റൺസ് ആയിരുന്നു. ഇംഗ്ലീഷ് കാണികളെ കാഴ്ചക്കാരാക്കിയ ഈ പ്രകടനം ഓസ്‌ട്രേലിയക്ക് ആഷസ് ജയവും സമ്മാനിച്ചു. ആഷസിലെ ഓരോ തോൽവിയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അഹങ്കാരത്തിനും ഏറ്റ വലിയ തോൽവിയായി ആണ് ഇംഗ്ലീഷ്കാർ കണ്ടത്. ഈ അവസരത്തിൽ ആണ് 1931 ൽ ഡഗ്ലസ് ജാർഡിൻ ഇംഗ്ലീഷ് നായകനായി അവരോധിക്കപ്പെടുന്നത്. എന്ത് വിലകൊടുത്തും ജയിക്കുക എന്ത് വൃത്തികെട്ട രീതിയിൽ ആയാലും ബ്രാഡ്മാനെ തടയുക എന്നതായി ജാർഡിന്റെ ലക്ഷ്യം. ഇതിനായി തല പുകച്ച് തുടങ്ങി ഇംഗ്ലീഷ് നായകൻ. 1930 ആഷസിൽ ഇറങ്ങാതിരുന്ന ജാർഡിൻ തന്റെ സൂക്ഷിച്ചുള്ള, മെല്ലെ പോക്ക് ബാറ്റിംഗിന് കുപ്രസിദ്ധി നേടിയ താരമായിരുന്നു. 1928-29 ലെ ആഷസ് പരമ്പരയിലെ ജാർഡിന്റെ ബാറ്റിംഗ് കാണികൾ കൂവലോടെയാണ്‌ സ്വീകരിച്ചത്. 1931 ലെ ന്യൂസിലാൻഡ് പരമ്പരയിൽ ആണ് ജാർഡിൻ നായകപദവി ഏറ്റെടുക്കുന്നത്. ഡഗ്ലസ് ജാർഡിൻ ആയിരുന്നു 1932 ൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിനെ നയിച്ചതും.

പരമ്പരക്ക് മുമ്പ് 1930 ലെ ആഷസിൽ ഓവലിൽ ബ്രാഡ്മാൻ നേടിയ 232 റൺസിന്റെ വീഡിയോ പഠനവിധേയമാക്കിയ ജാർഡിന്റെ മുമ്പിൽ ഒരു ‘യുറേക്ക മോമന്റ്’ കണ്ണിലുടക്കി. അത് ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ ഹാരോൾഡ്‌ ലാർവുഡിനെ നേരിടുമ്പോൾ ബ്രാഡ്മാൻ ശരീരത്തിന് നേരെ വരുന്ന പന്തുകൾക്ക് മുമ്പിൽ പതറുന്ന കാഴ്ച ആയിരുന്നു. ശരീരത്തിന് നേരെ പന്തെറിഞ്ഞും ലെഗ് സൈഡിലേക്ക് വരുന്ന ബോൺസർ ഷോട്ട് ബോളുകൾ കൊണ്ടും ബ്രാഡ്മാനെ ബാക്ക് ഫുട്ടിലേക്ക് തളക്കാൻ ആവുമെന്ന് ഇംഗ്ലീഷ് നായകൻ തിരിച്ചറിഞ്ഞു. ഇത് ബ്രാഡ്മാനു റൺസ് നേടാനുള്ള അവസരങ്ങൾ കുറക്കും എന്നു ജാർഡിന് മനസ്സിലായി. ഈ ന്യൂനതയെ ബ്രാഡ്മാന്റെ ഭീരുത്വം ആയിട്ടാണ് ജാർഡിൻ കണക്കാക്കിയത്. 1911-12 ആഷസിൽ ഇംഗ്ലീഷ് ബോളർ ഫ്രാങ്ക് ഫോസ്റ്റർ പുറത്തെടുത്ത ലെഗ് സ്റ്റമ്പിനെയും ബാറ്റ്സ്മാന്റെ കാലുകളേയും ലക്ഷ്യം വക്കുന്ന പന്തുകൾ എറിഞ്ഞ് ലെഗ് സൈഡിൽ ഫിൽഡർമാരെ അണിനിരത്തുന്ന ‘ലെഗ് തിയറി’ എന്ന പേരിൽ പ്രസിദ്ധമായ രീതിയുടെ കൂടുതൽ മൂർച്ചയുള്ള ക്രൂരമായ രീതിയായിരുന്നു ഇംഗ്ലീഷ് നായകന്റെ മനസ്സിൽ. ഹാരോൾഡ്‌ ലാർവുഡിന് പുറമെ ബിൽ വോസും ബിൽ ബ്വേസും അടങ്ങുന്ന മികച്ച ഫാസ്റ്റ് ബോളർമാർ ടീമിലുണ്ടായിരുന്ന ജാർഡിൻ തന്റെ ആശയം ആഷസിന് മുമ്പ് പരീക്ഷിച്ചു ഉറപ്പിക്കുകയും ചെയ്തു. ലാർവുഡും വോസും കളിച്ചിരുന്ന നോട്ടിങ്‌ഹാംഷറിന്റെ ക്യാപ്റ്റനും സുഹൃത്തുമായ മുൻ ഇംഗ്ലീഷ് നായകൻ ആർതർ കാറിനെ വച്ചാണ് ജാർഡിൻ തന്റെ ആശയം ആദ്യമായി പരീക്ഷിക്കുന്നത്. സന്നാഹമത്സരങ്ങളിലും ഈ രീതി തുടർന്ന ജാർഡിൻ ബ്രാഡ്മാനെ ചെറിയ സ്കോറുകളിൽ പുറത്തതാക്കാൻ ആയതിലൂടെ തന്റെ ആശയം വിജയം കാണുന്നു എന്ന് മനസ്സിലാക്കി.

കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു ഓസ്‌ട്രേലിയ അന്ന്. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും ബുദ്ധിമുട്ടിച്ച അക്കാലത്ത് കായികരംഗത്തെ ജയങ്ങൾ ഓസ്‌ട്രേലിയക്ക് വലിയ ആശ്വാസമാണ് പകർന്നത്. പ്രതീക്ഷയുടെ ഏറ്റവും വലിയ പ്രതീകമായാണ് ഡോൺ ബ്രാഡ്മാനെ ഓസ്‌ട്രേലിയൻ ജനത കണ്ടത്. സാമ്പത്തിക ഞെരുക്കം ക്രിക്കറ്റിനെയും ബാധിച്ച ഇക്കാലത്ത് ഓസ്‌ട്രേലിയൻ ബോർഡുമായി അത്ര രസത്തിൽ അല്ലായിരുന്നു ബ്രാഡ്മാൻ. ശാരീരിക പ്രശ്നങ്ങൾ മൂലം ആദ്യ ടെസ്റ്റിൽ ബ്രാഡ്മാൻ ഇറങ്ങാതിരുന്നത് സന്നാഹമത്സരങ്ങളിൽ പരാജയപ്പെട്ട ബ്രാഡ്മാൻ പേടിച്ച് പിന്മാറിയത് ആയി വ്യാഖ്യാനിച്ചു ജാർഡിൻ. തന്റെ ആശയം ജയം കാണുന്നു എന്നു മനസ്സിലാക്കിയ ഇംഗ്ലീഷ് നായകൻ ബ്രാഡ്മാന്റെ അഭാവത്തിലും ബാറ്റ്സ്മാന്റെ ശരീരം ലക്ഷ്യമാക്കി പന്തെറിയാൻ ബോളർമാർക്ക് നിർദേശം നൽകി. ശരീരത്തിൽ തുടർച്ചയായി പന്ത് കൊണ്ട് പരിക്കേറ്റങ്കിലും പൊരുതി ആഷസ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മഹത്തായ ഇന്നിങ്‌സ് കളിച്ച സ്റ്റാൻ മക്കബെറയുടെ 187 റൺസിനും ഓസ്‌ട്രേലിയൻ പരാജയം തടുക്കാൻ ആയില്ല. മത്സരത്തിൽ 10 വിക്കറ്റ് സ്വന്തമാക്കിയ ഹാരോൾഡ്‌ ലാർവുഡ് മത്സരം ഇംഗ്ലണ്ടിനു സമ്മാനിച്ചു. മത്സരശേഷം മെൽബൺ ഹെറാൾഡ് ആണ് ഇംഗ്ലീഷ് ബോളിംഗിന് ‘ബോഡി ലൈൻ’ ബോളിങ് എന്ന പ്രയോഗം നൽകുന്നത്. ഓസ്‌ട്രേലിയയിലും എന്തിന് ഇംഗ്ലണ്ടിൽ വരെ ഇതിനെതിരെ വിമർശനങ്ങൾ ഉണ്ടായി. എന്നാൽ ഇതൊന്നും ജയം മാത്രം ലക്ഷ്യം വച്ച ഇംഗ്ലീഷ് നായകനിൽ കുലുക്കമുണ്ടാക്കിയില്ല.

രണ്ടാം ടെസ്റ്റിൽ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് വലിയ ആരവത്തോടെയാണ് കാണികൾ ബ്രാഡ്മാനെ സ്വീകരിച്ചത്. എന്നാൽ ബാറ്റിംഗിന് ഇറങ്ങിയ ബ്രാഡ്മാനെ കാത്ത് 3 ലെഗ് സ്ലിപ്പും, 2 ലെഗ് ഗള്ളിയും, ഒരു ഫോർവേഡ് ഷോർട്ട് ലെഗും, ഒരു ലോങ് ലെഗും ഒരു മിഡ് ഓണും അടക്കം 8 പേരെ ലെഗ് സൈഡിലേക്ക് അണിനിരത്തിയ ഫീൾഡിങ് ആയിരുന്നു. അതായത് ബോളറും വിക്കറ്റ് കീപ്പറും കഴിഞ്ഞാൽ ഓഫ് സൈഡിൽ ഒരാൾ മാത്രം. തുടക്കത്തിൽ തന്നെ ബ്വേസിന്റെ പന്തിൽ പിഴച്ച ബ്രാഡ്മാന്റെ ബാറ്റിൽ തട്ടി പന്ത് സ്റ്റമ്പിൽ കൊണ്ടു. തന്റെ തന്ത്രം വിജയിക്കുന്നതിന്റെ ആവേശത്തിൽ നൃത്തം ചവിട്ടി ഇംഗ്ലീഷ് നായകൻ. എന്നാൽ രണ്ടാം ഇന്നിംഗിസിൽ അപരാജിത 103 റൺസ് കുറിച്ച ബ്രാഡ്മാൻ ഓസ്‌ട്രേലിയയെ 191 ൽ എത്തിച്ചു. വെറും 7 ഫോറുകൾ പിറന്ന ഇന്നിങ്‌സിൽ പക്ഷേ ഗ്രൗണ്ടിൽ എങ്ങും ഷോട്ടുകൾ പാഴിച്ച ബ്രാഡ്മാൻ ബോഡി ലൈൻ തന്ത്രത്തെ തന്റെ പ്രതിഭ കൊണ്ട് നിഷ്പ്രഭമാക്കി. 100 തികച്ച ശേഷം എം.സി.ജിയിലെ കാണികൾ ബ്രാഡ്മാനെ കയ്യടികൾ കൊണ്ട് മൂടിയപ്പോൾ മത്സരം പോലും അൽപ്പനേരം തടസ്സപ്പെട്ടു. മത്സരത്തിൽ 10 വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റിങിനെ നിലംപരിശാക്കിയ ബിൽ ഒറേലി മത്സരം ഓസ്‌ട്രേലിയക്ക് സമ്മാനിച്ച് പരമ്പര 1-1 നു സമനിലയാക്കി.

എന്നാൽ ജയം മാത്രം ലക്ഷ്യമാക്കി ഡഗ്ലസ് ജാർഡിൻ ഇറങ്ങിയപ്പോൾ മൂന്നാം മത്സരം വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷുകാർ 341 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആദ്യമേ തന്നെ ജാക്കി ഫിങ്ൽട്ടനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ക്യാപ്റ്റൻ ബിൽ വുഡ്ഫുള്ളിനൊപ്പം ബ്രാഡ്മാൻ ക്രീസിലേക്ക്. നിമിഷങ്ങൾക്ക് ഇപ്പുറം ഹാരോൾഡ്‌ ലാർവുഡിന്റെ പന്ത് നെഞ്ചിൽ കൊണ്ട വുഡ്ഫുൾ വേദന കൊണ്ട് പിടഞ്ഞു. ഷർട്ട് തുറന്ന് കഴിഞ്ഞ കളിയിൽ ഏറ്റ പാടും ഈ പാടും ഉയർത്തി കാണിച്ച വുഡ്ഫുൾ തന്റെ നീരസം പ്രകടമാക്കി. അക്ഷമരായ കാണികൾ ഇംഗ്ലീഷ്കാർക്ക് നേരെ ശാപവാക്കുകൾ ഉതിർത്തു. എന്നാൽ ബ്രാഡ്മാൻ കേൾക്കെ പ്രകോപിക്കാൻ ഉറച്ച് അപ്പോൾ ഇംഗ്ലീഷ് നായകൻ വിളിച്ച് പറഞ്ഞത് ‘നന്നായി പന്ത് എറിഞ്ഞു ഹാരോൾഡ്‌’ എന്നായിരുന്നു. കാണികളെ ചൊടിപ്പിക്കാൻ ഓസ്‌ട്രേലിയൻ നായകൻ ചെയ്ത നാടകം എന്നതിനപ്പുറം ഒരു വിലയും ജാർഡിനോ ഹരോൾഡോ ഈ സംഭവത്തിനു നൽകിയില്ല. അതിനുള്ള തെളിവ് അടുത്ത പന്തിന് മുമ്പ് തന്നെ കണ്ടു. അടുത്ത പന്തെറിയാൻ തയ്യാറായി നിന്ന ലാർവുഡിനെ തടഞ്ഞ ജാർഡിൻ ലെഗ് സൈഡിലേക്ക് തന്നെ ഫിൾഡർമാരെ വിന്യസിച്ച് കാണികളെ ഒന്നുകൂടി പ്രകോപിപ്പിച്ച് താൻ പിന്നോട്ടില്ലെന്ന് വ്യക്തമായ സൂചന നൽകി. വീണ്ടും തുടർച്ചയായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാരുടെ ശരീരം ലക്ഷ്യമാക്കി തീയുണ്ടകൾ പാഞ്ഞു.

അന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഇംഗ്ലീഷ് മാനേജറെ വിളിച്ചു വരുത്തി ഓസ്‌ട്രേലിയ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ‘ഇവിടെ ഒരു ടീം മാത്രമേ ക്രിക്കറ്റ് കളിക്കുന്നുള്ളൂ’ എന്നു തുറന്നടിച്ചു വുഡ്ഫുൾ. മാന്യത മുഖമുദ്രയാക്കിയ ഇംഗ്ലീഷ് മാനേജർ പെൽഹാം വാർണറുടെ മുഖം താണൂ. എന്നാൽ വൈസ് ക്യാപ്റ്റനും സഹതാരങ്ങളും കാണികളും നിർബന്ധിച്ചിട്ടും ശരീരത്തിൽ വലിയ മുറിവ് ഏറ്റിട്ടും ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരുടെ ശരീരം ലക്ഷ്യമാക്കി പന്തെറിയാൻ വുഡ്ഫുൾ തന്റെ ബോളർമാരെ അനുവദിച്ചില്ല. വീണ്ടും ഇംഗ്ലീഷ് ശിക്ഷ തുടർന്ന് കൊണ്ടേയിരുന്നു. പന്ത് കൊണ്ട് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാർ വേദന കൊണ്ട് വീണൂ, പലപ്പോഴും ഓസ്‌ട്രേലിയൻ കാണികൾ ഇംഗ്ലീഷ് താരങ്ങളെ അക്രമിക്കുമോ എന്നു പോലും സംഘാടകർ ഭയന്നു. മൂന്നാം ടെസ്റ്റ് 338 റൺസിന് ജയിച്ച ജാർഡിനോ ഇംഗ്ലീഷ് ടീമിനോ ഇതൊന്നും ഒരു പ്രശ്നമായി പോലും തോന്നിയില്ല. കളിക്കളത്തിലെ സകലമാന്യതയും ബോഡി ലൈൻ ലംഘിക്കുന്നു എന്ന വിമർശനം എങ്ങും ഉയർന്നു. ഓസ്‌ട്രേലിയൻ ഭരണാധികാരി പോലും ബ്രിട്ടീഷ് അധികാരികളെ പ്രതിഷേധം അറിയിച്ചു. ഒരു സമയത്ത് ബാക്കിയുള്ള മത്സരങ്ങൾ ഉപേക്ഷിച്ചു പ്രതിഷേധിക്കാൻ പോലും ഓസ്‌ട്രേലിയൻ ബോർഡ് തീരുമാനിച്ചു. എന്നാൽ ഇത് സാമ്പത്തിക ഞെരുക്കം വീണ്ടും കൂട്ടും എന്ന തിരിച്ചറിവ് അവരെ അതിൽ നിന്ന് പിൻവലിപ്പിച്ചു. വീണ്ടും മത്സരങ്ങൾ തുടർന്നു. ഹാരോൾഡ്‌ ലാർവുഡിന്റെ പന്തുകളേറ്റ് ഓസ്‌ട്രേലിയൻ താരങ്ങൾ പിടഞ്ഞു. അടുത്ത രണ്ട് ടെസ്റ്റും ജയിച്ച് ആഷസ് 4-1 നു സ്വന്തമാക്കിയ ഇംഗ്ലണ്ട് ജയം ആഘോഷിച്ചു. അങ്ങനെ ബ്രാഡ്മാനെ തളക്കാൻ ഒരു വഴി ജാർഡിൻ കണ്ടു പിടിച്ചു. 4 ടെസ്റ്റുകളിൽ നിന്നായി 56.57 ശരാശരിയിൽ 396 റൺസ് നേടിയ ബ്രാഡ്മാൻ മെരുക്കപ്പെട്ടപ്പോൾ ഏതു രീതിയിലും കളി ജയിക്കുക എന്നത് ഇംഗ്ലീഷ് മുദ്രാവാക്യമായി.

എന്നാൽ വലിയ വിഭാഗം ഇംഗ്ലീഷ്കാരിൽ പോലും നാണക്കേടാണ്‌ ഈ ജയം ഉണ്ടാക്കിയത്. ലെഗ് തിയറിയെ നിയമം കൊണ്ട് മറികടക്കാൻ മുഖ്യപങ്ക് വഹിച്ച വാർണർ തന്റെ പ്രായശ്ചിത്തം നിർവഹിച്ചു. പിന്നീട് ഒരു ടെസ്റ്റ് പോലും ഹാരോൾഡ്‌ ലാർവുഡ് ഇംഗ്ലണ്ടിനായി കളിച്ചില്ല, എന്നാൽ ഒരിക്കൽ പോലും തന്റെ പ്രവർത്തിക്കു മാപ്പ് പറയാനും അദ്ദേഹം തയ്യാറായില്ല. നിയമങ്ങൾക്ക് അകത്ത് നിന്നാണ് ഡഗ്ലസ് ജാർഡിൻ കളി ജയിച്ചത് എന്നും അല്ല മാന്യതയുടെ എല്ലാ അതിർവരമ്പുകളും അദ്ദേഹം ലംഘിച്ചു എന്നും വാദങ്ങൾ പലതും ഉണ്ടായി. ഏതാണ്ട് 90 വർഷങ്ങൾക്ക് ഇപ്പുറവും ആ ഇംഗ്ലീഷ് നായകൻ വിചാരണ നേരിടുകയാണ്. ഇന്നും അദ്ദേഹത്തിന്റെ പ്രവർത്തി നീതികരിക്കാവുന്ന ഒന്നാണോ എന്ന ചോദ്യമുയരുന്നു. എന്ത് വില കൊടുത്തും ജയമെന്ന ജാർഡിന്റെ മുദ്രാവാക്യം ലോകം അധികം വൈകാതെ ഏറ്റെടുക്കുന്നതാണ് തുടർന്ന് നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ലോകം കണ്ടത്. ജയം ജയം മാത്രമാണ് ലക്ഷ്യമെന്ന് ചർച്ചിൽ ആക്രോശിച്ചു. തങ്ങളുടെ ചെയ്തി കളിയുടെ നിയമപരിധിക്കു ഉള്ളിൽ ആണെന്നും നീതികരിക്കാവുന്നതാണെന്നുമുള്ള ഉത്തമബോധ്യമാണ് രക്തവും വിയർപ്പും കണ്ണീരും വീഴ്ത്തി പോലും ജയിച്ച് കയറാൻ ഹാരോൾഡ്‌ ലാർവുഡിനെ ഡഗ്ലസ് ജാർഡിനെ സഹായിച്ച ഘടകം. അവർ തെറ്റുകാരാണോ എന്ന ചോദ്യം എന്നും ഉയർന്നു തന്നെ കേൾക്കും. എത്ര പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡോക്‌മെന്ററികൾ, ടെലിവിഷൻ പരമ്പരകൾ ഒക്കെയും ചർച്ച ചെയ്തതും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നതും സംവാദത്തിൽ ഏർപ്പെടുന്നതും ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ്. എങ്കിലും ഒന്നുറപ്പാണ് ആഷസിലെ ശത്രുതയെ, വീര്യത്തെ നിർവചിക്കാനുള്ള അവസാനവാക്ക് ആകുന്നു 1932-33 ലെ ആ ബോഡി ലൈൻ പരമ്പര എന്നു കുപ്രസിദ്ധി നേടിയ ആ ആഷസ് പരമ്പര.

ആഷസ്‌ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് ലോകകപ്പിൽ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ജോഫ്ര ആർച്ചർ ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി 20 വിക്കറ്റ് വീഴ്ത്തിയ താരമാണ് ആർച്ചർ.

അയർലണ്ടിനെതിരെയുള്ള ടെസ്‌റ്റിൽ വിശ്രമം അനുവദിച്ച ബെൻ സ്റ്റോക്സിനെയും ജോസ് ബട്ലറെയും ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചത്. പരിക്ക് മൂലം അയർലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ കളിക്കാതിരുന്ന ജെയിംസ് ആൻഡേഴ്സണും 14 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

നൈറ്റ് ക്ലബ്ബിൽ ഉണ്ടാക്കിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബെൻ സ്റ്റോക്സ് വീണ്ടും വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.

England squad:  Joe Root (capt), Moeen Ali, James Anderson, Jofra Archer, Jonny Bairstow (wk), Stuart Broad, Rory Burns, Jos Buttler (wk), Sam Curran, Joe Denly, Jason Roy, Ben Stokes, Olly Stone, Chris Woakes

വിവാദ താരങ്ങളെ ഉൾപ്പെടുത്തി ആഷസ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ച ബോൾ ചുരണ്ടാൽ വിവാദത്തിൽ പെട്ട മൂന്ന് താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരാണ് ബോൾ ചുരണ്ടൽ വിവാദത്തിൽ പെട്ട് ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നത്. വിലക്ക് കാലാവധികഴിഞ്ഞതോടെയാണ് താരങ്ങൾ ടീമിൽ തിരിച്ചെത്തിയത്. ആഷസ് പരമ്പരക്ക് മുൻപ് നടന്ന ട്രയൽ മച്ചിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാൻക്രോഫ്റ്റിന് ടീമിൽ ഇടം നേടി കൊടുത്തത്.

ഇവരെ കൂടാതെ മിച്ചൽ മാർഷും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മാത്യു വെയ്‌ഡും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.  മിച്ചൽ നെസെറിന് ആദ്യമായി ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിക്കുന്നത്.  ഓഗസ്റ്റ് 1നാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.

Full squad: Tim Paine (c), Cameron Bancroft, Patrick Cummins, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Michael Neser, James Pattinson, Peter Siddle, Steven Smith, Mitchell Starc, Matthew Wade, David Warner

ആഷസില്‍ ഓസ്ട്രേലിയ കളിപ്പിക്കേണ്ട ബാറ്റ്സ്മാന്മാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കി അലന്‍ ബോര്‍ഡര്‍

ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് 1ന് ആഷസ് പരമ്പര ആരംഭിക്കുമ്പോള്‍ ഓസ്ട്രേലിയ കൈക്കൊള്ളേണ്ട ബാറ്റിംഗ് തന്ത്രം എന്തെന്ന് പ്രഖ്യാപിച്ച് അലന്‍ ബോര്‍ഡര്‍. ടീം 6 സ്ഥിരം ബാറ്റ്സ്മാന്മാരെയാണ് ആഷസില്‍ കളിപ്പിക്കേണ്ടതെന്നാണ് ടീമിന്റെ മുന്‍ നായകന്‍ പറയുന്നത്. ഓള്‍റൗണ്ടര്‍ക്ക് പകരം ആറ് ബാറ്റ്സ്മാന്മാരുമായാണ് ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ നേരിടേണ്ടതെന്ന് മുന്‍ താരം വ്യക്തമാക്കി. 2001ന് ശേഷം ഇംഗ്ലണ്ടില്‍ വെച്ച് ആഷസ് പരമ്പര ഓസ്ട്രേലിയ വിജയിച്ചിട്ടില്ല.

ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകൈയ്യന്‍ താരങ്ങളെയാണ് ഓസ്ടരേലിയന്‍ മുന്‍ നായകന്‍ തിരഞ്ഞെടുത്തത്. ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവരായിരിക്കണം ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് സ്ഥാനക്കാരെന്നും ബോര്‍ഡര്‍ വ്യക്തമാക്കി. മാത്യൂ വെയിഡിനെ അദ്ദേഹത്തിന്റെ മികച്ച ഫോം കാരണം പരിഗണിക്കേണ്ടതുണ്ടെന്നും ബോര്‍ഡര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ സാഹചര്യങ്ങളില്‍ ബൗളര്‍മാര്‍ക്ക് അമിത ഭാരം തോന്നില്ലെന്നും അതിനാല്‍ തന്നെ ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തി ബൗളിംഗ് ശക്തിപ്പെടുത്തേണ്ട ആവശ്യം ഓസ്ട്രേലിയയ്ക്ക് ഉണ്ടാകില്ലെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.

ഉസ്മാൻ ഖവാജ ആദ്യ ടെസ്റ്റിന് ഉണ്ടാവുമെന്ന് ടിം പെയ്ൻ

ലോകകപ്പിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ ആഷസ് ആദ്യ ടെസ്റ്റിന് ഉണ്ടാവുമെന്ന് സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ.  ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കുമ്പോഴാണ് ഖവാജക്ക് പരിക്കേറ്റത്. തുടർന്ന് താരം ലോകകപ്പിൽ കളിച്ചിരുന്നില്ല.  ഓഗസ്റ്റ് 1നാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ആഷസ് ടെസ്റ്റ്.

താരം പരിക്കിൽ നിന്ന് മോചിതനായികൊണ്ടിരിക്കുകയാണെന്നും ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ താരം ഉണ്ടാവുമെന്നും പെയ്ൻ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഓസ്ട്രേലിയയുടെ നമ്പർ 3 ബാറ്റ്സ്മാൻ ആണ് ഉസ്മാൻ ഖവാജ. പരിക്കിൽ നിന്ന് മോചിതനായി വരുന്ന ഖവാജ കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. അതെ സമയം നാളെ ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയയുടെ പരിശീലന മത്സരത്തിൽ ഖവാജ പങ്കെടുക്കില്ല.

ആഷസ് ഓര്‍മ്മകള്‍ : ലോകത്തെ ചുറ്റിച്ച നൂറ്റാണ്ടിന്റെ പന്ത്

ഇത് ഗുരുത്വാകർഷണനിയമങ്ങളെ തെറ്റിച്ച ഒരു പന്തിന്റെ കഥയാണ്. ഒരു ആഷസ് കഥ. 1993 ലെ ആഷസ് സീരീസ്, വേദി വിഖ്യാതമായ ഓൾഡ്‌ ട്രാഫോഡ്. പന്തെറിയാൻ പോകുന്നത് ആദ്യമായി ഇംഗ്ലണ്ടിൽ കളിക്കുന്ന ആഷസിൽ ആദ്യമായി പന്തെറിയാൻ പോകുന്നൊരു തടിയൻ പയ്യൻ. ലെഗ് സ്പിന്നർ ആണ്, ആൾ അലസനാണെന്നു ശരീരം കണ്ടാൽ തന്നെ അറിയാം. ബാറ്റ് ചെയ്യുന്നതാവട്ടെ ഒരുപാട് പരിചയസമ്പന്നനായ ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡ് കൈമുതലുള്ള ഗാറ്റിങ് ഗാർഡ് എടുത്ത് പന്ത് നേരിടാനായി ക്രീസിൽ നിലയുറപ്പിച്ചു.

https://twitter.com/englandcricket/status/1003592223810904064

മുമ്പ് പലപ്പോഴും കിട്ടിയ അവസരങ്ങൾ പാഴാക്കിയ ആ ഓസ്‌ട്രേലിയകാരൻ പയ്യൻ ബോൾ ചെയ്യാനായി പതുക്കെ നടന്നടുത്തു. ലെഗ് സൈഡിലേക്ക് ഒരുപാട് മാറി പിച്ച് ചെയ്ത പന്ത് വൈഡ് ആകുമോ എന്നു സംശയിച്ച് വെറുതെ വിടണോ അല്ല പാഡ് വച്ച് തടുക്കണോ എന്നു ചെറുതായി ആലോചിച്ചു ഗാറ്റിങ്. പക്ഷെ പന്ത് പിച്ചിൽ വീണ ശേഷം സംഭവിച്ചത് വിശ്വസിക്കാൻ ഗാറ്റിങിന് മാത്രമല്ല അത് കണ്ടിരുന്ന ലോകത്തിനു തന്നെ ഒരു നിമിഷത്തിലേറെ വേണ്ടി വന്നു.

പന്ത് ലെഗിൽ നിന്ന് ഗാറ്റിങിന്റെ ബാറ്റ് കടന്ന് ഓഫ് സ്റ്റെമ്പ് തെറുപ്പിച്ചപ്പോൾ വിശ്വസിക്കാൻ ആവാതെ ഗാറ്റിങ് ക്രീസിൽ ഒരു നിമിഷം അന്തം വിട്ട് നിന്നു, ആദ്യമായി കടലു കാണുന്ന കുട്ടിയെ എന്ന പോലെ. ആ നിമിഷം ഗാറ്റിങ് മാത്രമല്ല ക്രിക്കറ്റ് ആരാധകരും ലോകവും തന്നെ ആ പന്ത് എറിഞ്ഞ പയ്യനെ അറിഞ്ഞു. അതെ സ്പിൻ രാജാവിന്റെ, ഷെയിൻ വോണിന്റെ ക്രിക്കറ്റിലേക്കുള്ള പട്ടാഭിഷേകമായിരുന്നു ആ പന്ത്, അതെ നൂറ്റാണ്ടിന്റെ ആ പന്ത്.

ലോകകപ്പിനൊപ്പം ആഷസും നേടിയാല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കാലമാകും അത്

ഇംഗ്ലണ്ടിന്റെ ക്രിക്കറ്റിന്റെ ഉയരങ്ങളുടെ കൊടുമുടി കീഴടക്കുന്ന പ്രതീതിയാകും ലോകകപ്പിനൊപ്പം ആഷസ് കിരീടവും നേടാനായാലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്. ലോകകപ്പ് വിജയിച്ച് അധികം വൈകാതെ തന്നെ ആഷസിനായി ഇംഗ്ലണ്ട് ഇറങ്ങുകയാണ്. കഴിഞ്ഞ കുറേ കാലമായി മോശം സാഹര്യങ്ങളിലൂടെ കടന്ന് പോകുന്ന ഓസ്ട്രേലിയയ്ക്കെതിരെയാണെങ്കിലും ആഷസില്‍ തങ്ങളുടെ വര്‍ദ്ധിത വീര്യത്തോടെയാവും കംഗാരുക്കള്‍ മത്സരിക്കാനെത്തുന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ട് ആഷസിന് മുമ്പ് അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റില്‍ കളിക്കുമെന്ന് ഉറപ്പാണെങ്കിലും മറ്റ് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

ലോകകപ്പ് വിജയത്തോടൊപ്പം ആഷസും സ്വന്തമാക്കാനായില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഉച്ഛസ്ഥായിയിലുള്ള സംഭവമായിരിക്കും ഇതെന്ന് ജോ റൂട്ട് വ്യക്തമാക്കി. എല്ലാവരും ആവേശത്തിലാണെങ്കിലും ആഷസിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇംഗ്ലണ്ട് നടത്തിയിട്ടുണ്ടെന്ന് ജോ റൂട്ട് പറഞ്ഞു. താരങ്ങള്‍ ആഘോഷങ്ങളില്‍ മതിമറക്കുമ്പോളും പിന്നണിയില്‍ ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ ഏതൊരു പരമ്പരയെക്കാള്‍ വലുതാണ് ആഷസ്. അതിനാല്‍ തന്നെ ഞങ്ങളതിന് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുമെന്നും ജോ റൂട്ട് വ്യക്തമാക്കി.

ആഷസ് ആദ്യ ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ കളിച്ചേക്കില്ല

പരിക്ക് മൂലം ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജെയിംസ് ആന്‍ഡേഴ്സണിന്റെ സേവനം ലഭിച്ചേക്കില്ലെന്ന് സൂചന. ജൂലൈ 24ന് അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റിലും ഓഗസ്റ്റ് 1ന് ആഷസിലുമാണ് താരം ഇപ്പോള്‍ കളിക്കുന്നത് സംശയത്തിലായിരിക്കുന്നത്. വലത് കാല്‍വണ്ണയില്‍ ലോവര്‍ ഗ്രേഡ് ടിയര്‍ ആണ് താരത്തിനുള്ളത്.

ലങ്കാഷയറിന്റെ നോര്‍ത്താംപ്ടണ്‍, സസ്സെക്സ് എന്നീ ടീമുകളുമായുള്ള മത്സരങ്ങളില്‍ നിന്നും താരം വിട്ട് നില്‍ക്കും. അതേ സമയം താരത്തിന്റെ റീഹാബ് നടപടികള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബര്‍ഡ് ലങ്കാഷയറിന്റെ മെഡിക്കല്‍ ടീമുമായി ചേര്‍ന്നാവും മേല്‍നോട്ടം വഹിക്കുക.

ആഷസില്‍ ഇത്തവണ ഒരു മാറ്റം, 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യത്തേത്

ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വര്‍ഷം നീണ്ട ചരിത്രത്തില്‍ ഇതാദ്യമായി ആഷസില്‍ താരങ്ങള്‍ തങ്ങളുടെ ജഴ്സിയില്‍ പേരും നമ്പറും രേഖപ്പെടുത്തും. ഈ വര്‍ഷം ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ആതിഥേയത്വം വഹിക്കുന്ന പരമ്പരയില്‍ ആണ് ഈ തീരുമാനം. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥമാണ് ഐസിസി ഈ മാറ്റം കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നതെന്നാണ് അറിയുന്നത്.

താരങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ ഈ തീരുമാനം സാധ്യമാക്കുമെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ മെച്ചപ്പെട്ട പങ്കാളിത്തമുണ്ടാകുമെന്നുമാണ് ഇതില്‍ ഐസിസി കാണുന്ന ഗുണം. 2001ല്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്പില്‍ അരങ്ങേറ്റം കുറിച്ച ക്രമ നമ്പര്‍ കൊണ്ടുവന്നതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ജേഴ്സിയിലോ മറ്റു വസ്തുക്കളിലോ വന്ന ഏക മാറ്റം. ഇതിനു ശേഷം മറ്റു ടീമുകളും ഈ രീതി പിന്തുടരാന്‍ തുടങ്ങി.

1992ല്‍ ആണ് ആദ്യമായി ഏകദിനത്തില്‍ നിറമുള്ള വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയത്. പിന്നീട് 1999ല്‍ സ്ക്വാഡ് നമ്പറുകളും വന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 2003 മുതല്‍ പേരും സ്ക്വാഡ് നമ്പറുമുള്ള ജേഴ്സികള്‍ ഉപയോഗത്തിലുണ്ട്.

ആഷസിനുള്ള ടീമിലുണ്ടാവണമെങ്കില്‍ അത്ഭുതം സംഭവിക്കണം എന്ന് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍

മികച്ച ഫോമിലാണ് സീസണില്‍ പന്തെറിയുന്നതെങ്കിലും ആഷസിനുള്ള ടീമില്‍ ഇടം പിടിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ജാക്സണ്‍ ബേര്‍ഡ്. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ യഥേഷ്ടം നേടി തിളങ്ങുന്ന ടാസ്മാനിയയുടെ സ്വിംഗ് ബൗളര്‍ക്ക് തന്റെ ഈ പ്രകടനം ഈ വര്‍ഷം അവസാനത്തോട് കൂടി നടക്കുന്ന ആഷസിനു വിളി വരുവാന്‍ പോന്നതാണെന്ന വിശ്വാസം പോര.

തന്നെ തിരഞ്ഞെടുക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് പറഞ്ഞ താരം ഓസ്ട്രേലിയയുടെ പേസ് നിര ഏറെക്കുറെ സുനിശ്ചിതമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ തിരഞ്ഞെടുത്ത താരങ്ങളെല്ലാം ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികവ് പുലര്‍ത്തിയ താരങ്ങളാണ്. അതിനാല്‍ തന്നെ ഈ തീരുമാനങ്ങളെല്ലാം അനുയോജ്യമായതാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജാക്സണ്‍ ബേര്‍ഡ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി 2012ല്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 9 ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ ജോണ്‍സണ്‍, റയാന്‍ ഹാരിസ്, പീറ്റര്‍ സിഡില്‍ എന്നീ താരങ്ങള്‍ കളിച്ച കാലഘട്ടത്തിലാണ് ബേര്‍ഡും രംഗത്തെത്തിയത് എന്നതും താരത്തിനു കൂടുതല്‍ കാലം ഓസ്ട്രേലിയയ്ക്കായി കളിക്കുന്നതിനു തടസ്സം സൃഷ്ടിച്ചു.

ഓസ്ട്രേലിയന്‍ ബൗളിംഗ് യൂണിറ്റ് സുസജ്ജം, ആഷസിനു തയ്യാര്‍

കഴിഞ്ഞ തവണ ആഷസിനു വേണ്ടി ഇംഗ്ലണ്ട് സന്ദര്‍ശിച്ചതിലും ശക്തമാണ് ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍മാരെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. ഇത്തവണ ആഷസിനു സസുജ്ജമാണെന്നാണ് പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെടുന്നത്. 2015ല്‍ ടീമിലുണ്ടായിരുന്നുവെങ്കിലും അന്ന് അവസരം ലഭിക്കാതിരുന്ന താരമാണ് പാറ്റ് കമ്മിന്‍സ്. അന്ന് കളിച്ചവരില്‍ മിച്ചല്‍ ജോണ്‍സണും പീറ്റര്‍ സിഡിലും ഇപ്പോള്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹാസല്‍വുഡിനുമൊപ്പം പന്തെറിയുന്ന താരമാണ് പാറ്റ് കമ്മിന്‍സ്.

ഇത്തവണ ഓസ്ട്രേലിയയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ പുരസ്കാരം നേടിയ താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. മികച്ച ഫോമില്‍ കളിക്കുന്ന പാറ്റ് കമ്മിന്‍സിനൊപ്പം സ്റ്റാര്‍ക്കും ഹാസല്‍വുഡും ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുവാന്‍ പോന്ന ടീമായി ഓസ്ട്രേലിയ മാറും. സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് കഴിഞ്ഞെത്തും എന്നതും ടീമിനെ കൂടതല്‍ ശക്തമാക്കുന്നു.

Exit mobile version