ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഓസ്‌ട്രേലിയയുടെ നഥാൻ ലയോൺ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്ക് ക്രിക്കറ്റ് ലോകത്ത് പറയാൻ ഒരു സ്പിൻ ബോളർ മാത്രമേ ഉള്ളു എന്നൊരു പറച്ചിൽ ഉണ്ട്. അതാകട്ടെ സ്പിന്നർമാരുടെ ഒക്കെ രാജാവും, സാക്ഷാൽ ഷെയിൻ വോൺ. ടെസ്റ്റിൽ 705 വിക്കറ്റുകൾ ഉള്ള, സ്പിന്നർമാർക്ക് ഒരു പിന്തുണയും ലഭിക്കാത്ത വിക്കറ്റിൽ പോലും നൂറ്റാണ്ടിന്റെ പന്ത് എറിയാൻ കെൽപ്പുള്ള സാക്ഷാൽ ഷെയിൻ വോൺ. അതിനാൽ തന്നെ വോണിനു ശേഷം ഏതൊരു സ്പിൻ ബോളർമാർ അത് ഓഫ് സ്പിന്നർ ആകട്ടെ, ഇടം കയ്യനാകട്ടെ ഓസ്‌ട്രേലിയക്കായി പന്തെറിഞ്ഞാൽ അവർ വോണിന് പകരക്കാർ ആവുമോ എന്ന ചർച്ച സജീവമാണ്.

അല്ലെങ്കിൽ തന്നെ ഓസ്‌ട്രേലിയൻ സുവർണതലമുറക്ക് ആരാണ് പകരം വക്കുക, ഒരു പക്ഷെ സ്റ്റീവ് സ്മിത്തോ ഡേവിഡ് വാർണറോ ഒരു പരിധിവരെ അവർക്ക് പകരക്കാർ ആയിരുന്നേക്കാം. അതിനാൽ തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ഓസ്‌ട്രേലിയയുടെ മുഖ്യ സ്പിന്നർ(ഏക?) എന്ന നിലയിൽ നഥാൻ ലയോൺ എന്ന ശരാശരിക്കാരൻ ആയ ഓഫ് സ്പിന്നർ അനുഭവിക്കുന്ന സമ്മർദ്ദം അത്ര ചെറുത് ഒന്നുമല്ല. ഒരിക്കലും വോൺ ആയിരുന്നില്ല ലയോൺ, വോണിന് ലഭിക്കുന്ന ബഹുമാനമോ പേടിയോ ആരാധനയോ ഒന്നും ലയോണിനു സ്വന്തം ടീമിൽ നിന്നോ എതിരാളികളിൽ നിന്നോ ലഭിച്ചില്ല. പലപ്പോഴും ലയോണിന്റെ ബോളിംഗിലെ പോരായ്മകൾ ഓസ്‌ട്രേലിയൻ പരാജയത്തിന് വകനൽകുന്നതാണ് എന്ന വിമർശനങ്ങൾ ഉണ്ടായി. ലയോണിന്റെ ന്യൂനതകൾ ഇഴകീറി പരിശോധിക്കപ്പെട്ടു.

അപ്പോൾ ഒക്കെ തന്റെ ജോലി എന്നും കുറ്റമല്ലാത്ത രീതിയിൽ നിർവഹിക്കുന്ന ജോലിക്കാരൻ ആയി ലയോൺ ഓസ്‌ട്രേലിയക്കായി പന്തെറിഞ്ഞു. എന്നും ഇടം കയ്യന്മാരെ ബുദ്ധിമുട്ടിച്ച ലയോൺ ഇന്ന് ബെൻ സ്റ്റോക്‌സിനെ പെയിനിന്റെ കയ്യിലെത്തിച്ചു സ്വന്തമാക്കിയത് ടെസ്റ്റിലെ തന്റെ 350 മത്തെ വിക്കറ്റാണു. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ മൂന്നും രണ്ടാം ഇന്നിങ്സിൽ ആറും വിക്കറ്റ് വീഴ്ത്തിയ ലയോണും കൂടിയാണ് സ്മിത്തിനൊപ്പം ഓസ്‌ട്രേലിയക്ക് ഇന്നത്തെ ജയം സമ്മാനിച്ചത്. 350 വിക്കറ്റുകൾ ഇന്ന് ഒരുപക്ഷേ അത്ര വലിയ സംഖ്യ ആയിരിക്കില്ല എന്നാൽ വൈകി ഓസ്‌ട്രേലിയക്കായി കളിച്ച് തുടങ്ങിയ ലയോൺ എന്ന ശരാശരിക്കാരനു ആ സംഖ്യ അത്ര മോശം ആയി തോന്നാൻ ഇടയില്ല. ഈ ആഷസിൽ തുടർന്നും ഓസ്‌ട്രേലിയൻ ജയങ്ങളിൽ അല്ലെങ്കിൽ പരാജയങ്ങളിൽ നഥാൻ ലയോൺ എന്ന ഓഫ് സ്പിന്നർ എങ്ങനെ പന്തെറിയും എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കും എന്നതിൽ സംശയമില്ല.