മോശം ഫോമില്‍ അലി അവസാന ടെസ്റ്റില്‍ കളിക്കേണ്ടതുണ്ടോ: ഗ്രെയിം സ്വാന്‍

ആഷസില്‍ ഇംഗ്ലണ്ട് ടീമിലെ മോയിന്‍ അലിയുടെ സ്ഥാനം ചോദ്യം ചെയ്ത് ഗ്രെയിം സ്വാന്‍. മൂന്ന് വിക്കറ്റുകളും ബാറ്റിംഗിലും കാര്യമായി റണ്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന മോയിന്‍ അലിയ്ക്ക് പകരം മേസണ്‍ ക്രെയിനിനെ കളിപ്പിക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ അഭിപ്രായപ്പെട്ടത്. തന്റെ ആദ്യ ആഷസ് ടൂറിനു എത്തിയ മോയിന്‍ അലിയുടെ പ്രകടനം ആത്മവിശ്വാസമില്ലാതെയാണെന്നും ടീമിനു അത് യാതൊരു തരത്തിലും ഗുണം ചെയ്യുന്നില്ലെന്നും സ്വാന്‍ പറഞ്ഞു.

സിഡ്നിയിലെ അവസാന ടെസ്റ്റില്‍ മോയിന്‍ അലിയ്ക്ക് പകരം യുവ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിനിനെ കളിപ്പിച്ചേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സ്പിന്നിനു പിന്തുണ ലഭിക്കാന്‍ സാധ്യതയുള്ള പിച്ചാണ് സിഡ്നിയിലെ എന്നാണ് പറയപ്പെടുന്നത്. ആഷ്ടണ്‍ അഗറിനെ ഓസ്ട്രേലിയ തങ്ങളുടെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ സൂചനയാണെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ അഭിപ്രായം.

സിഡ്നിയില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുവാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയല്ലാത്ത പക്ഷം മോയിന്‍ അലി ടീമിനു പുറത്ത് പോകേണ്ടത് തന്നെയാണെന്നാണ് ഗ്രെയിം സ്വാന്നിന്റെ വാദം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial