പെര്‍ത്ത് ടെസ്റ്റിനുള്ള ടീമില്‍ മിച്ചല്‍ മാര്‍ഷിനെയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയ

ഡിസംബര്‍ 14നു പെര്‍ത്തിലെ വാക്കിയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിനായുള്ള 13 അംഗ സ്ക്വാഡില്‍ മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. ചാഢ് സേയേര്‍സിനു പകരമാണ് മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെുടത്തിയത്. ഇന്ന് അഡിലെയിഡില്‍ വിജയം സ്വന്തമാക്കിയതോടെ ഓസ്ട്രേലിയ പരമ്പരയില്‍ 2-0 ന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.

ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പേസ് ബൗളര്‍മാരും നഥാന്‍ ലയണുമാണ് പ്രധാനമായും ഓസ്ട്രേലിയയുടെ ബൗളിംഗ് ചുമതലകള്‍ ആദ്യ രണ്ട് ടെസ്റ്റുകളിലും നിര്‍വഹിച്ച് പോന്നത്. ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെുടത്തിയത് വഴി ഇവരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ടീം മാനേജ്മെന്റ് ലക്ഷ്യമാക്കുന്നത്.

മിച്ചല്‍ മാര്‍ഷ് ഷെഫീല്‍ ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് ടൂര്‍ണ്ണമെന്റില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ച് വരുന്നത്. പെര്‍ത്തിലെയും തുടര്‍ന്നുള്ള ടെസ്റ്റുകളിലും ബാറ്റിംഗ് അനുകൂല പിച്ചുകളില്‍ അഞ്ചാം ബൗളറുടെ ആവശ്യം ഓസ്ട്രേലിയയ്ക്ക് വന്നേക്കാമെന്ന സെലക്ടര്‍മാരുടെയും ടീം മാനേജ്മെന്റിന്റെയും ചിന്തയാണ് മിച്ചല്‍ മാര്‍ഷിനു നറുക്ക് വീണത്. അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുകയാണെങ്കില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരമാവും മിച്ചല്‍ മാര്‍ഷ് ടീമിലെത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial