സിഡ്നിയില്‍ ക്രിസ് വോക്സ് ഇല്ല, മേസണ്‍ ക്രെയിന്‍ അരങ്ങേറ്റം കുറിക്കും

സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിനു പരിക്കേറ്റത്തോടെ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ പകരക്കാരനായി അവസാന ഇലവനില്‍ മത്സരിക്കും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ഏറ്റ പരിക്ക് ഇപ്പോള്‍ കൂടുതല്‍ വഷളായതാണ് താരത്തിനും ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനു വേണ്ടി പരിശീലന മത്സരങ്ങളിലും പരമ്പരയിലുടനീളവും ഏറ്റവുമധികം തവണ പന്തെറിഞ്ഞത് ക്രിസ് വോക്സ് ആയിരുന്നു.

സ്കാനുകള്‍ പ്രകാരം പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൂടുതല്‍ കാലം പുറത്തിരിക്കാതിരിക്കുവാന്‍ താരം സിഡ്നിയില്‍ വിശ്രമം തേടുന്നതാണ് നല്ലതെന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനു നേരത്തെ പരിക്കേറ്റ് പേസ് ബൗളര്‍ ക്രെയിഗ് ഒവര്‍ട്ടന്റെ സേവനത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെയും വല്ലാതെ ബാധിക്കും. ഇരുവരും ബാറ്റ് കൊണ്ടും ടീമിനെ രക്ഷിക്കുവാന്‍ കഴിവുള്ള രണ്ട് കളിക്കാരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial