കരുത്താര്‍ന്ന പ്രകടനവുമായി ദാവീദ് മലനും ജോണി ബൈര്‍സ്റ്റോവും

- Advertisement -

ആഷസിലെ പെര്‍ത്ത് ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ഇംഗ്ലണ്ട്. ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ എന്നിവരുടെ അപരാജിതമായ 174 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 305/4 എന്ന നിലയിലാണ്. 110 റണ്‍സുമായി ദാവീദ് മലനും 75 റണ്‍സ് നേടി ജോണി ബൈര്‍സ്റ്റോവുമാണ് ക്രീസില്‍. മാര്‍ക്ക് സ്റ്റോണ്‍മാന്‍ 56 റണ്‍സ് നേടി പുറത്തായി. പെര്‍ത്തില്‍ മലന്‍ തന്റെ കന്നി ടെസ്റ്റ് ശതകമാണ് കുറിച്ചത്. തന്റെ വ്യക്തിഗത സ്കോര്‍ 92ല്‍ നില്‍ക്കെ സ്ലിപ്പില്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് വിട്ടു കളഞ്ഞതും ആദ്യ ശതകം നേടുന്നതില്‍ സഹായകരമായി. മാര്‍ക്ക് സ്റ്റോണ്‍മാന്റെ ക്യാച്ച് മിച്ചല്‍ മാര്‍ഷ് നേരത്തെ വിട്ടു കളഞ്ഞിരുന്നു. 52 റണ്‍സില്‍ നില്‍ക്കുകയായിരുന്ന സ്റ്റോണ്‍മാന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് അധികം തലവേദന സൃഷ്ടിക്കാതെ പുറത്താകുകയും ചെയ്തു.

ടോസ് നേടിയ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റാര്‍ക്കിനു വിക്കറ്റ് നല്‍കി അലിസ്റ്റര്‍ കുക്കിനെ(7) വേഗത്തില്‍ നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനെ സ്റ്റോണ്‍മാന്‍-ജെയിംസ് വിന്‍സ് കൂട്ടുകെട്ട് മികച്ച നിലയിലേക്ക് നയിച്ചു. എന്നാല്‍ ലഞ്ചിനു തൊട്ടുമുമ്പ് വിന്‍സിനെ(25) ഇംഗ്ലണ്ടിനു നഷ്ടമായി. ആദ്യ സെഷനില്‍ ഇംഗ്ലണ്ട് 91 റണ്‍സാണ് നേടിയത്.

പിന്നീട് ജോ റൂട്ടും(20) മാര്‍ക്ക് സ്റ്റോണ്‍മാനും(56) അടുത്തടുത്തുള്ള ഓവറുകളില്‍ വിട പറഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 131/4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ മലന്‍-ബൈര്‍സ്റ്റോ സഖ്യം ആക്രമണം ഓസ്ട്രേലിയയ്ക്ക് നേരെ തിരിച്ചു വിടുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും, ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement