
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം ജാക്സണ് ബേര്‍ഡിനു സാധ്യത. പെര്‍ത്ത് ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ പരിക്കേറ്റ കാലുമായാണ് മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെറിഞ്ഞത്. ഡിസംബര്‍ 26നു ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കാന്‍ സ്റ്റാര്‍ക്കിനു മെഡിക്കല്‍ ടീം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയ താരത്തിനു വിശ്രമം അനുവദിക്കുവാനുള്ള സാധ്യത ഏറെയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. പരമ്പര നേടിക്കഴിഞ്ഞുവെങ്കിലും വൈറ്റ് വാഷിനു ശ്രമിക്കുന്ന ഓസ്ട്രേലിയയുടെ സാധ്യതകള്‍ക്ക് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സാന്നിധ്യം ഏറെ പ്രാധാന്യമുള്ളതാണ്. എന്നിരുന്നാലും വരുന്ന പരമ്പരകളിലും താരത്തിന്റെ ലഭ്യത ഉറപ്പാക്കുവാനായി വിശ്രമമാവും വിധിക്കുക എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
സ്റ്റാര്‍ക്കിന്റെ പരിക്ക് യഥാസമയം മാറുന്നില്ലെങ്കില്‍ 15 അംഗ സ്ക്വാഡിലേക്ക് പുതിയ ഒരു ഫാസ്റ്റ് ബൗളറെ ഉള്പ്പെടുത്തുവാനാവും ക്രിക്കറ്റ് ഓസ്ട്രേലിയ മുതിരുക. ടീമില്‍ റിസര്‍വ്വ ബൗളറായി സ്ഥാനം പിടിച്ചിട്ടുള്ള ജാക്സണ് ബേര്ഡിനാണ് അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുവാന്‍ ഏറെ സാധ്യത കല്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെ ബോക്സിംഗ് ഡേ ടെസ്റ്റിലാണ് ബേര്‍ഡ് അവസാനമായി ടെസ്റ്റ് കുപ്പായം അണിഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial