ജോസ് ബട്ലറുടെയും ക്രെയിഗ് ഓവര്‍ട്ടണിന്റെയും പ്രതിരോധത്തെ ഭേദിച്ച് ജോഷ് ഹാസല്‍വുഡ്, ജാക്ക് ലീഷിനെ വീഴ്ത്തി ലാബൂഷാനെ, ആഷസ് ഓസ്ട്രേലിയയ്ക്ക്

Sports Correspondent

ഇംഗ്ലണ്ടിനെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 185 റണ്‍സിന് പരാജയപ്പെടുത്തി 2019 ആഷസ് സ്വന്തമാക്കി ഓസ്ട്രേലിയ. 383 റണ്‍സ് ജയത്തിനായി തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ 197 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആക്കിയത്. അവസാന സെഷനിലേക്ക് മത്സരം എത്തിക്കുവാന്‍ ജോസ് ബട്‍ലര്‍-ക്രെയിഗ് ഓവര്‍ട്ടണ്‍ കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും താരത്തെ പുറത്താക്കി ജോഷ് ഹാസല്‍വുഡ് ഏറെ നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ ഓസ്ട്രേലിയയ്ക്ക് നല്‍കുകയായിരുന്നു. 111 പന്തുകള്‍ ചെറുത്ത് നിന്ന് ജോസ് ബട്‍ലര്‍ ഉയര്‍ത്തുവാന്‍ ശ്രമിച്ച പ്രതിരോധത്തെ തകര്‍ത്താണ് ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കിയത്.

ഒമ്പതാം വിക്കറ്റില്‍ ഓവര്‍ട്ടണൊപ്പം പൊരുതി നിന്ന ജാക്ക് ലീഷ് മത്സരം അവസാന മണിക്കൂറിലേക്ക് നീട്ടി. ഓസ്ട്രേലിയന്‍ മുന്‍ നിര ബൗളര്‍മാര്‍ക്ക് ഇവരുടെ പ്രതിരോധം ഭേദിക്കാനാകാതെ പോയപ്പോള്‍ ടിം പെയിന്‍ മാര്‍നസ് ലാബൂഷാനെയ്ക്ക് പന്ത് കൈമാറി.

51 പന്തുകള്‍ ചെറുത്ത് നിന്ന് 12 റണ്‍സ് നേടിയ ജാക്ക് ലീഷിനെ മടക്കി ഓസ്ട്രേലിയയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിക്കറ്റാണ് ലാബൂഷാനെ നേടിക്കൊടുത്തത്. 23 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഏകദേശം 14 ഓവറുകളാണ് ഈ കൂട്ടുകെട്ട് പ്രതിരോധം കെട്ടിയുയര്‍ത്തിയത്.

അധികം വൈകാതെ 105 പന്തുകള്‍ക്കൊടുവില്‍ ജോഷ് ഹാസല്‍വുഡ് ക്രെയിഗ് ഓവര്‍ട്ടണെ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ആഷസ് ഓസ്ട്രേലിയ നിലനിര്‍ത്തുകയായിരുന്നു. 21 റണ്‍സാണ് ക്രെയിഗ് ഓവര്‍ട്ടണ്‍ നേടിയത്.

നേരത്തെ 7ാം വിക്കറ്റില്‍ 34 റണ്‍സ് നേടി മെല്ലെയെങ്കിലും ഇംഗ്ലണ്ടിന്റെ തോല്‍വിയൊഴിവാക്കുമെന്ന അവസാന പ്രതീക്ഷയായ കൂട്ടുകെട്ട് തകര്‍ന്നപ്പോള്‍ 34 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. അധികം വൈകാതെ ജോഫ്ര ആര്‍ച്ചറെയും ഇംഗ്ലണ്ടിന് നഷ്ടമായി. 91.3 ഓവറില്‍ 197 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

53 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ജേസണ്‍ റോയ് 31 റണ്‍സ് നേടിയപ്പോള്‍ ജോണി ബൈര്‍സ്റ്റോ 25 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.