സ്റ്റോക്സില്ലാത്ത ഇംഗ്ലണ്ട് ടീം തീരെ ദുര്‍ബലം: ഗ്രെയിം സ്വാന്‍

ആഷസ് പരമ്പര നഷ്ടമായതിനു തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍. വാക്കയിലെ ടെസ്റ്റ് ഇന്നിംഗ്സിനും 41 റണ്‍സിനു ജയിച്ച് ഓസ്ട്രേലിയ 3-0നു ആഷസ് പരമ്പര തിരിച്ചിപിടിച്ചിരുന്നു. ശക്തമായ ഓസ്ട്രേലിയന്‍ ടീമിനു മുന്നില്‍ പകച്ച് നില്‍ക്കുന്ന ഇംഗ്ലണ്ടിനെയാണ് പരമ്പരയില്‍ ഇതുവരെ കാണാനായത്. രണ്ടാം ഇന്നിംഗ്സില്‍ 218 റണ്‍സിനു ഓള്‍ഔട്ട് ആയ ഇംഗ്ലണ്ടിനു വേണ്ടി ദാവീദ് മലന്‍, ജെയിംസ് വിന്‍സ്, ജോണി ബൈര്‍സ്റ്റോ എന്നിവര്‍ മാത്രമാണ് മികവ് പുലര്‍ത്തിയിട്ടുള്ളത്. സീനിയര്‍ താരങ്ങളായ കുക്ക് സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ ജോ റൂട്ടിനു തന്റെ മികവിനൊപ്പം എത്താന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നതും ഇംഗ്ലണ്ടിനു തിരിച്ചടിയായി.

ബെന്‍ സ്റ്റോക്സ് ഇല്ലാത്ത ടീം ഒട്ടും സന്തുലിതമല്ലെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍ പറഞ്ഞത്. സ്റ്റോക്സ് ഉള്ളപ്പോള്‍ ടീമിനു ഒരു സന്തുലിതാവസ്ഥ കൈവരുന്നുണ്ടെങ്കിലും താരത്തിന്റെ അഭാവം ടീമിനെ ഏറെ ദുര്‍ബലമാക്കിയെന്ന് സ്വാന്‍ അഭിപ്രായപ്പെട്ടു. ജോ റൂട്ടും അലിസ്റ്റര്‍ കുക്കും ടീമിനു വേണ്ടി ഈ പരമ്പരയില്‍ വട്ടപൂജ്യമാണെന്നും സ്വാന്‍ തുറന്ന് പറഞ്ഞത്. യുവതാരങ്ങള്‍ തങ്ങളാല്‍ ആവുന്ന തരത്തില്‍ പോരാടുമ്പോള്‍ സീനിയര്‍ താരങ്ങള്‍ പകച്ച് നില്‍ക്കുകയാണെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു. ജെയിംസ് വിന്‍സും, ദാവീദ് മലനും മാത്രമാണ് ഇംഗ്ലണ്ടിനു ഈ പരമ്പരയില്‍ സന്തോഷിക്കുവാനുള്ള അവസരങ്ങള്‍ നല്‍കിയതെന്നും സ്വാന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial