ഇംഗ്ലണ്ടിനു 178 റണ്‍സ് കൂടി, ഓസ്ട്രേലിയയ്ക്ക് വേണ്ടത് 6 വിക്കറ്റ്, ആഷസ് ആവേശകരമായ അന്ത്യത്തിലേക്ക്

- Advertisement -

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഓസ്ട്രേലിയ നല്‍കിയ 354 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 176/4 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍. 178 റണ്‍സ് കൂടി നേടേണ്ട ഇംഗ്ലണ്ടിനായി ജോ റൂട്ട്(67*), ക്രിസ് വോക്സ്(5*) എന്നിവരാണ് ക്രീസില്‍.

അലിസ്റ്റര്‍ കുക്ക് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ ബുദ്ധിമുട്ടിയെങ്കിലും മാര്‍ക്ക് സ്റ്റോണ്‍മാന്‍ വേഗത്തില്‍ സ്കോറിംഗ് നടത്തി ഇംഗ്ലണ്ടിന്റെ സ്കോര്‍ 50 കടത്തുകയായിരുന്നു. സ്കോര്‍ 53ല്‍ കുക്കിനെ(16) നഷ്ടമായ ഇംഗ്ലണ്ടിനു ഏറെ വൈകാതെ സ്റ്റോണ്‍മാനെയും(36) നഷ്ടമായി. കുക്കിനെ നഥാന്‍ ലയണും സ്റ്റോണ്‍മാനെ സ്റ്റാര്‍ക്കുമാണ് പുറത്താക്കിയത്. ജോ റൂട്ടിനൊപ്പം നിലയുറപ്പിക്കുവാന്‍ ശ്രമിച്ച ജെയിംസ് വിന്‍സിനെയും(15) സ്റ്റാര്‍ക്ക് പുറത്താക്കി. ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടായ ജോ റൂട്ട്-ദാവീദ് മലന്‍ സഖ്യം കൂടുതല്‍ നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പാറ്റ് കമ്മിന്‍സ് മലനെ(29) ക്ലീന്‍ ബൗള്‍ഡ് ആക്കുന്നത്. 78 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 138 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയയിലെ തന്റെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയപ്പോള്‍ ക്രിസ് വോക്സ് നാല് വിക്കറ്റുമായി മികച്ച പിന്തുണ ആന്‍ഡേഴ്സണ് നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement