Patcummins

ആഷസ് യൂ ബ്യൂട്ടി!!!, ആവേശപ്പോരിൽ 2 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിന് കൈയ്യകലത്തിൽ നഷ്ടമായി. വിജയത്തിനായി 281 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് ലക്ഷ്യം മറികടന്നത്. 9ാം വിക്കറ്റിൽ പാറ്റ് കമ്മിന്‍സും നഥാന്‍ ലയണും ചേര്‍ന്ന് നേടിയ 55 റൺസാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തകര്‍ത്തത്.

ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴ കൊണ്ടു പോയതിന് ശേഷം ബോളണ്ടിന്റെ(20) വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഉസ്മാന്‍ ഖവാജ ചെറുത്ത്നില്പ് നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് സമ്മര്‍ദ്ദം സൃഷ്ടിച്ചു. ട്രാവിസ് ഹെഡിനെ(16) മോയിന്‍ അലി വീഴ്ത്തിയപ്പോള്‍ കാമറൺ ഗ്രീനിന്റെ(28) വിക്കറ്റ് റോബിന്‍സണാണ് നേടിയത്.

ഓസ്ട്രേലിയയുടെ പ്രതീക്ഷയായ ഉസ്മാന്‍ ഖവാജയെ സ്റ്റോക്സ് പുറത്താക്കിയപ്പോള്‍ മത്സരത്തിലെ വലിയ നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 65 റൺസായിരുന്നു ഖവാജയുടെ സംഭാവന. അധികം വൈകാതെ ജോ റൂട്ട് അലക്സ് കാറെയെ(20) പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയുടെ എട്ടാം വിക്കറ്റും നഷ്ടമായി.

എന്നാൽ പിന്നീട് മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. പാറ്റ് കമ്മിന്‍സും നഥാന്‍ ലയണും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചപ്പോള്‍ ഈ കൂട്ടുകെട്ട് 55 റൺസ് നേടി. പാറ്റ് കമ്മിന്‍സ് 44 റൺസും നഥാന്‍ ലയൺ 16 റൺസും നേടി പുറത്താകാതെ നിന്നാണ് ലോക ചാമ്പ്യന്മാരെ വിജയത്തിലേക്ക് നയിച്ചത്.

Exit mobile version