സ്മിത്തിനെ പുറത്താക്കി ക്രെയിഗ് ഓവര്‍ട്ടണു കന്നി വിക്കറ്റ്, അഡിലെയിഡില്‍ ഓസ്ട്രേലിയ 209/4

- Advertisement -

അഡിലെയിഡില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 209/4. ഉസ്മാന്‍ ഖ്വാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്ക് ലഭിച്ച തുടക്കങ്ങള്‍ വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുവാന്‍ സാധിക്കാത്തതാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായത്. ഡിന്നറിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 138/2 എന്ന നിലയിലായിരുന്നു. ഡിന്നറിനു ശേഷം മത്സരം പുനരാരംഭിച്ച ആദ്യ ഓവറില്‍ തന്നെ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ ഓസ്ട്രേലിയയ്ക്ക് മൂന്നാമത്തെ തിരിച്ചടി നല്‍കി. പത്ത് ഓവറുകള്‍ക്ക് ശേഷം സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കി ക്രെയിഗ് ഓവര്‍ട്ടണ്‍ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കി. 40 റണ്‍സായിരുന്നു സ്മിത്തിന്റെ സംഭാവന.

161/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്കോര്‍ 200 കടക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. 36 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 20 റണ്‍സ് നേടി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍.

ആദ്യ സെഷനില്‍ രണ്ട് വട്ടമാണ് മഴ കളി മുടക്കിയത്. ഡേവിഡ് വാര്‍ണര്‍ തന്റെ അര്‍ദ്ധ ശതകത്തിനു 3 റണ്‍സ് അകലെ പുറത്തായിരുന്നു. എന്നിരുന്നാലും 81 ഓവറുകള്‍ ആദ്യ ദിവസം എറിയുവാന്‍ സാധിച്ചു. മോയിന്‍ അലി പരിക്ക് മൂലം പന്തെറിയില്ല എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും 10 ഓവറുകള്‍ താരം എറിഞ്ഞു. ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് വോക്സ്, ക്രെയിഗ് ഓവര്‍ട്ടണ്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ച ഇംഗ്ലീഷ് ബൗളര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement