അഞ്ചാം ദിനം ഇംഗ്ലണ്ടിനെ ചുരുട്ടികൂട്ടി വമ്പൻ ജയം കുറിച്ച് ഓസ്‌ട്രേലിയ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2001 നു ശേഷം ആദ്യമായി ഇംഗ്ലണ്ട് ആഷസിൽ എഡ്‌ബാസ്റ്റണിൽ പരാജയം അറിഞ്ഞപ്പോൾ ആദ്യ ടെസ്റ്റ് സ്വന്തമാക്കി ഓസ്‌ട്രേലിയ. അഞ്ചാം ദിനം 52.3 ഓവറിൽ വെറും 146 റൺസ് നേടിയ ഇംഗ്ലണ്ട് പുറത്തതായപ്പോൾ 251 റൺസിന്റെ കൂറ്റൻ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ടെസ്റ്റിൽ ഉടനീളം ഇംഗ്ലീഷ്‌ ആധിപത്യം ആണെങ്കിൽ അവസാനരണ്ട് ദിവസം മത്സരത്തിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തി. ഇന്ന് ജയിക്കാൻ 385 റൺസ് കൂടി വേണ്ടിയിരുന്ന ഇംഗ്ലണ്ട് സമനില എന്ന ലക്ഷ്യം വച്ചാണ് ബാറ്റിംഗിന് ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ആദ്യ ഇന്നിങ്സിൽ ശതകം നേടിയ ബേർൺസിനെ ലയോണിന്റെ കൈകളിൽ എത്തിച്ച പാറ്റ്‌ കമ്മീൻസ് ഓസ്‌ട്രേലിയക്ക് പ്രതീക്ഷകൾ നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ 41 റൺസിന്റെ ചെറിയ കൂട്ടുകെട്ട് ഉയർത്തിയ ജേസൻ റോയിയും ക്യാപ്റ്റൻ ജോ റൂട്ടും ഇംഗ്ലണ്ട് പ്രതിരോധിക്കും എന്ന സൂചന നൽകി. എന്നാൽ ലയോണിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു മുതിർന്നു 28 റൺസ് നേടിയ റോയി മടങ്ങിയപ്പോൾ ഇംഗ്ലണ്ട് പക്ഷെ വരാനിരിക്കുന്ന കൂട്ട തകർച്ച പ്രതീക്ഷിച്ച് കാണില്ല.

28 റൺസ് നേടിയ ജോ റൂട്ട്, 11 റൺസ് നേടിയ ജോ ഡെൻലി എന്നിവരെ ബാൻഗ്രോഫ്റ്റിന്റെ കൈകളിൽ എത്തിച്ച ലയോൺ മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കും എന്നുറപ്പിച്ചു. പിന്നീട് കണ്ടത് ഇംഗ്ലീഷ് തകർച്ച തന്നെയായിരുന്നു. 1 റൺസ് എടുത്ത ബട്ട്ലറിന്റെ കുറ്റി തെറുപ്പിച്ച കമ്മീൻസ് ഒരു വശത്തും ലയോൺ മറുവശത്തും പന്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ടിന് ഉത്തരമുണ്ടായില്ല.6 റൺസ് എടുത്ത ബരിസ്റ്റോയിനേയും ബാൻഗ്രോഫ്റ്റിന് കയ്യിലെത്തിച്ചു കമ്മീൻസ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ 6 റൺസ് നേടിയ ബെൻ സ്റ്റോക്‌സിനെ ടിം പെയിനിന്റെ കയ്യിൽ എത്തിച്ച ലയോൺ ടെസ്റ്റിലെ തന്റെ 350 മത്തെ വിക്കറ്റ് വീഴ്ത്തി. പിന്നീട് തുടർച്ചയായ പന്തുകളിൽ 4 റൺസ് നേടിയ അലിയെയും റൺസ് ഒന്നും എടുക്കാത്ത ബ്രോഡിനെയും മടക്കിയ ലയോൺ തന്റെ അഞ്ചും ആറും വിക്കറ്റ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ജയം ഒരു വിക്കറ്റ് അകലെ.

തോൽവി ഉറപ്പിച്ചെങ്കിലും വോക്‌സ് പൊരുതിയപ്പോൾ കൂട്ടായി പരിക്കിലുള്ള ജിമ്മി ആന്റേഴ്‌സൻ എത്തി. എന്നാൽ 37 റൺസ് നേടിയ വോക്‌സിനെ സ്മിത്തിന്റെ കയ്യിൽ എത്തിച്ച കമ്മിൻസ് ഓസ്‌ട്രേലിയക്ക് ചരിത്രജയം സമ്മാനിച്ചു. ഇതോടെ ആഷസിൽ വ്യക്തമായ മുൻതൂക്കം ഏകദിന ലോകജേതാക്കൾക്ക് മേൽ നേടാൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. നല്ല ആധിപത്യം പുലർത്തിയ മത്സരം വലിയ സ്കോറിന് തോറ്റത് ഇംഗ്ലണ്ടിനെ മാനസികമായി തളർത്തും ഒപ്പം ആന്റേഴ്‌സന്റെ അഭാവം വരും ടെസ്റ്റുകളിലും ഇംഗ്ലണ്ടിന് വിനയാകും. ബോളർമാർക്ക് അല്ല രണ്ട് ഇന്നിങ്‌സുകളിലും ഓസ്‌ട്രേലിയൻ ബാറ്റിംഗിനെ രക്ഷിച്ച ഇരു ഇന്നിംഗ്സുകളിലും ശതകം നേടി തിരിച്ചു വരവ് ആഘോഷിച്ച സ്റ്റീവ് സ്മിത്തിനോടാണ് ഓസ്‌ട്രേലിയ ഈ ജയത്തിൽ കടപ്പെട്ടിരിക്കുന്നത്. സ്മിത്ത് തന്നെയാണ് കളിയിലെ കേമനും.