കുക്കിന്റെ വിരമിക്കല്‍ ആഷസിനു ശേഷം: മിച്ചല്‍ ജോണ്‍സണ്‍

ആഷസ് പരമ്പരയില്‍ തോല്‍ക്കുന്നതോട് കൂടി അലിസ്റ്റര്‍ കുക്ക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. 2013ലെ സമാനമായി ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ വൈറ്റ് വാഷ് ചെയ്യുമെന്നും അതോട് കൂടി ഇംഗ്ലണ്ട് താരത്തിന്റെ കരിയറിനു വിരാമമാവുമെന്നാണ് മിച്ചല്‍ ജോണ്‍സണ്‍ പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ നാല് ഇന്നിംഗ്സുകളിലായി 62 റണ്‍സ് മാത്രമാണ് ഇംഗ്ലീഷ് ഓപ്പണര്‍ക്ക് നേടാനായിട്ടുള്ളത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുമ്പോള്‍ ആണ് മിച്ചല്‍ ജോണ്‍സണ്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

150 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കുക്ക് ഇപ്പോള്‍ മോശം ഫോമിലാണ്. അത് ജോ റൂട്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ആഷസില്‍ ഒരു 5-0 തോല്‍വി ഇംഗ്ലണ്ട് ടീമില്‍ പലരുടെയും കരിയറിനു വിരാമമാവുമെന്ന് നേരത്തെ നഥാന്‍ ലയണും സൂചിപ്പിച്ചിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട ഇംഗ്ലണ്ട് 0-2നു പരമ്പരയില്‍ പിന്നിലാണ്. ഡിസംബര്‍ 14നു പെര്‍ത്തിലെ വാക്കയിലാണ് മൂന്നാം ടെസ്റ്റ് മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial