Site icon Fanport

മോശം ബാറ്റിംഗ് പ്രകടനം ടീമിന് തിരിച്ചടിയായി- ആന്‍ഡ്രൂ ബാല്‍ബിര്‍ണേ

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും അയര്‍ലണ്ട് തോല്‍വിയിലേക്ക് വീണപ്പോളും രണ്ട് മത്സരങ്ങളിലും ടീം ചെറുത്തിനിന്നിട്ടാണ് പരാജയമേറ്റു വാങ്ങിയത്. എന്നാല്‍ ഇരു മത്സരങ്ങളിലും ടോപ് ഓര്‍ഡറിന്റെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് മുന്നില്‍ പ്രതിരോധത്തിലാകുവാന്‍ അയര്‍ലണ്ടിന് കാരണമായത്.

ആദ്യ മത്സരത്തില്‍ 28/5 എന്ന നിലയില്‍ നിന്ന് കര്‍ടിസ് കാംഫെര്‍ ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലും 91/6 എന്ന നിലയിലേക്ക് വീണ ശേഷമാണ് 212/9 എന്ന നിലയിലേക്ക് എത്തിയത്. ഇംഗ്ലണ്ടിനെ 137/6 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയ ശേഷമാണ് അയര്‍ലണ്ട് മുട്ടുമടക്കിയത്.

ബാറ്റ്സ്മാന്മാര്‍ ആവശ്യത്തിന് റണ്‍സ് കണ്ടെത്തിയിരുന്നുവെങ്കില്‍ ടീമിന് ഇംഗ്ലണ്ടിന് വെല്ലുവിളിയുയര്‍ത്തുവാനുള്ള കൃത്യമായ സാഹചര്യമുണ്ടായിരുന്നു. കര്‍ടിസ് കാംഫെര്‍ രണ്ട് മത്സരങ്ങളിലും നേടിയ അര്‍ദ്ധ ശതങ്ങളാണ് ടീമിന് മാന്യത പകര്‍ന്നത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും ടോപ് ഓര്‍ഡര്‍ കൈവിട്ടതാണ് ടീമിന് തിരിച്ചടിയായതെന്നാണ് അയര്‍ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ പറയുന്നത്.

Exit mobile version