വെടിക്കെട്ട് ബാറ്റിംഗുമായി അനാമുള്‍ ഹക്കും ലൂക്ക് റോഞ്ചിയും

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ലൂക്ക് റോഞ്ചിയും അനാമുള്‍ ഹക്കും. ഇന്ന് നടന്ന ചിറ്റഗോംഗ് വൈക്കിംഗ്സ്-ധാക്ക ഡൈനാമൈറ്റ്സ് മത്സരത്തിലാണ് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 27 പന്തില്‍ നിന്നാണ് റോഞ്ചി തന്റെ അര്‍ദ്ധ ശതകം തികച്ചത്. റോഞ്ചിയും അനാമുള്‍ ഹക്കും ചേര്‍ന്ന് ഷാകിബ് അല്‍ ഹസന്റെ ഒരു ഓവറില്‍ നിന്ന് 23 റണ്‍സ് നേടി ചിറ്റഗോംഗിനു മികച്ച തുടക്കമാണ് നല്‍കിയത്. ഒരു ഘട്ടത്തില്‍ 19 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ റോഞ്ചി പിന്നീട് സ്കോറിംഗ് വേഗത കുറയ്ക്കുകയായിരുന്നു.

59 റണ്‍സ് നേടിയ റോഞ്ചിയെ പുറത്താക്കിയത് ഷാകിബ് അല്‍ ഹസന്‍ തന്നെയാണ്. നാല് ബൗണ്ടറിയും നാല് സിക്സും അടങ്ങിയതായിരുന്നു റോഞ്ചിയുടെ ഇന്നിംഗ്സ്. 40 പന്തുകളാണ് റോഞ്ചി നേരിട്ടത്. ആദ്യം മെല്ലെയാണ് തുടങ്ങിയതെങ്കിലും റോഞ്ചിയെക്കാള്‍ അപകടകാരിയായി മാറുകയായിരുന്നു അനാമുള്‍ ഹക്ക്. 31 പന്തില്‍ നിന്നാണ് അനാമുള്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. റോഞ്ചി പുറത്തായ ശേഷവും അനാമുള്‍ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ വൈക്കിംഗ്സ് മികച്ച സ്കോറിലേക്ക് നീങ്ങി.

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് ചിറ്റഗോംഗ് നേടിയത്. അനാമുള്‍ ഹക്ക് 47 പന്തില്‍ നിന്ന് 73 റണ്‍സ് നേടി. 3 ബൗണ്ടറിയും 6 സിക്സുമാണ് അനാമുള്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. സിക്കന്ദര്‍ റാസ 11 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ധാക്ക നിരയില്‍ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ സുനില്‍ നരൈന്‍ ആണ് തിളങ്ങിയത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial