അംല, താഹിര്‍ തിളങ്ങി, ന്യൂസിലാണ്ടിനെതിരെ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

- Advertisement -

ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ആതിഥേയര്‍ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏക ടി20 മത്സരത്തിലാണ് ന്യൂസിലാണ്ടിനു 78 റണ്‍സിന്റെ കനത്ത പരാജയം നേരിടേണ്ടി വന്നത്. അംലയുടെ(62) ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക 185/6 എന്ന നിലയില്‍ ആദ്യ ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 107 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 5 വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്കിനെ പൂജ്യത്തിനു നഷ്ടമായെങ്കിലും അംല-ഡ്യുപ്ലെസി കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ സുരക്ഷിത തീരങ്ങളിലെത്തിച്ചു. ഡ്യുപ്ലെസി(36)യും അംലയും പുറത്തായെങ്കിലും പിന്നാലെയെത്തിയ ഡിവില്ലിയേഴ്സ്(26) അതിവേഗം സ്കോറിംഗ് തുടര്‍ന്നെങ്കിലും കോളിന്‍ ഗ്രാന്‍ഡോം പുറത്താക്കുകയായിരുന്നു. 16 പന്തില്‍ 29 റണ്‍സ് നേടിയ ഡുമിനിയുടെ വെടിക്കെട്ടാണ് പിന്നീട് കാണുവാന്‍ കഴിഞ്ഞത്.

ന്യൂസിലാണ്ടിനു വേണ്ടി ബൗള്‍ട്ട്, ഗ്രാന്‍ഡോം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ വീലര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

ന്യൂസിലാണ്ടിന്റെ മറുപടി ബാറ്റിംഗ് 14.5 ഓവറില്‍ 107 റണ്‍സിനു അവസാനിക്കുകയായിരുന്നു. 33 റണ്‍സ് നേടിയ ടോം ബ്രൂസ് ആണ് ന്യൂസിലാണ്ട് ടോപ് സ്കോറര്‍. വാലറ്റത്തില്‍ 6 പന്തില്‍ നിന്ന് 3 സിക്സറുകളുടെ സഹായത്തോടെ 20 റണ്‍സുമായി ടിം സൗത്തിയുടെ പോരാട്ടവും അധികം നീണ്ട് നിന്നില്ല. താഹിറിന്റെ അഞ്ച് വിക്കറ്റിനു പുറമേ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്‍ഡിലെ ഫെഹുല്‍ക്വായോ മൂന്ന് വിക്കറ്റും ക്രിസ് മോറിസ് രണ്ട് വിക്കറ്റും വീഴ്ത്തി.

Advertisement