ന്യൂസിലാണ്ട് എയ്ക്കെതിരെ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ

- Advertisement -

നാലാം ഏകദിനത്തില്‍ ന്യൂസിലാണ്ടിനെ 64 റണ്‍സിനു പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് വിശാഖപട്ടണത്ത് നടന്ന നാലാം അനൗദ്യോഗിക ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഭിമന്യു ഈശ്വരനും(83), വിജയ് ശങ്കര്‍(61), ദീപക് ഹൂഡ(59) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 289 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യസിലാണ്ട് 225 റണ്‍സിനു ഓള്‍ഔട്ട് ആയി.

പ്രശാന്ത് ചോപ്രയെ വേഗത്തില്‍ നഷ്ടമായെങ്കിലും അങ്കിത് ഭാവനേ(39) അഭിമന്യൂ ഈശ്വരന്‍ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. അങ്കിത്തിനെയും ഋഷഭ് പന്തിനെയും പുറത്താക്കി ന്യൂസിലാണ്ട് മത്സരത്തിലേക്ക് തിരികെ എത്തിയെങ്കിലും അഭിമന്യു ഈശ്വരനും ദീപക് ഹൂഡയും വിജയ് ശങ്കറും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് ചെന്നെത്തിച്ചു. റണ്‍ഔട്ട് ആവുമ്പോള്‍ 83 റണ്‍സാണ് അഭിമന്യൂ നേടിയത്. ന്യൂസിലാണ്ടിനായി സ്കോട്ട് കഗ്ഗെലൈന്‍(2), സേഥ് റാന്‍സ്, മാറ്റ് ഹെന്‍റി, ജോര്‍ജ്ജ് വര്‍ക്കര്‍ എന്നിവരാണ് വിക്കറ്റ് നേടിയത്.

ജോര്‍ജ്ജ് വര്‍ക്കറുടെ ശതകത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ട് വിജയ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഷാഹ്ബാസ് നദീമിനും സിദ്ധാര്‍ത്ഥ് കൗളിനും മുന്നില്‍ ന്യൂസിലാണ്ട് ടോപ് ഓര്‍ഡറും വാലറ്റവും മുട്ടു മടക്കുകായിരുന്നു. 187/4 എന്ന നിലയില്‍ നിന്ന് ന്യൂസിലാണ്ട് 225 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ 108 റണ്‍സ് നേടിയപ്പോള്‍ ഹെന്‍റി നിക്കോളസ്(37), ടോം ബ്ലണ്ടെല്‍(31) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.

ഇന്ത്യയ്ക്കായി ഷാഹ്ബാസ് നദീം നാലും സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നും വിക്കറ്റ് നേടി. ശര്‍ദ്ധുല്‍ താക്കൂറും(2) കരണ്‍ ശര്‍മ്മയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement