അഫ്ഗാനിസ്ഥാനെ തകര്‍ത്ത് സിംബാബ്‍വേ

- Advertisement -

അഫ്ഗാനിസ്ഥാനെതിരെ നാലാം ഏകദിനത്തില്‍ സിംബാബ്‍വേയ്ക്ക് തകര്‍പ്പന്‍ വിജയം. 7 വിക്കറ്റിനാണ് ആതിഥേയര്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തത്. ബൗളിംഗ് മികവില്‍ അഫ്ഗാനിസ്ഥാനെ 111 റണ്‍സിനു പുറത്താക്കിയ സിംബാബ്‍വേ 22.2 ഓവറുകളിലാണ് വിജയം സ്വന്തമാക്കിയത്. 79/0 എന്ന നിലയില്‍ നിന്ന് 84/3 എന്ന നിലയിലേക്ക് പതിച്ചുവെങ്കിലും പീറ്റര്‍ മൂര്‍(36*) സിംബാബ്‍വയേ വിജയത്തിലെത്തിക്കുകയായിരുന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ ക്രിസ് പോഫുവാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും സിംബാബ്‍വേ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 38.5 ഓവറില്‍ 111 റണ്‍സിനു ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാനു വേണ്ടി നായകന്‍ അസ്ഗര്‍ സ്റ്റാനികാസിയാണ് (19) ടോപ് സ്കോറര്‍. സിംബാബ്‍വേയ്ക്ക് വേണ്ടി ക്രിസ് പോഫു മൂന്ന് വിക്കറ്റും തെണ്ടായി ചതാര, ഗ്രെയിം ക്രീമര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. സോളമണ്‍ മിര്‍, റിച്ചാര്‍ ഗാരാവ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

സോളമണ്‍ മിര്‍, പീറ്റര്‍ മൂര്‍ എന്നിവര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തില്‍ സിംബാബ്‍വേ 10 വിക്കറ്റ് വിജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 46 റണ്‍സ് നേടിയ മിര്‍ ആദ്യം പുറത്താകുകയായിരുന്നു. 5 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ 2 വിക്കറ്റുകള്‍ കൂടി നഷ്ടമായത് സിംബാബ്‍വേ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും വിക്കറ്റ് കീപ്പറും ഓപ്പണറുമായ പീറ്റര്‍ മൂര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിജയലക്ഷ്യം മറികടക്കുമ്പോള്‍ മൂര്‍ 36 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 16 റണ്‍സുമായി ഷോണ്‍ വില്യംസ് ആയിരുന്നു മൂറിനു കൂട്ടായി ക്രീസില്‍.

Advertisement