ഇനി ബാരാബതി മാമാങ്കം

‘ഇനി മുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന് കൂടുതല്‍ പരിഗണന.’ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്‍റെ സെലക്ഷന്‍ ബോര്‍ഡ് അധ്യക്ഷന്‍ ആണ്ട്രൂ സ്ട്രോസ് പറഞ്ഞത് വെറുതെയായിരുന്നില്ല. 2015 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് കളിച്ച മുപ്പത്തി രണ്ടു മത്സരങ്ങളില്‍ പത്തൊന്‍പതിലും  വിജയം. 350 ന് മുകളില്‍ റണ്സ് അടിച്ച കളികള്‍ ഏഴെണ്ണം. നായകന്‍ ഓയിന്‍ മോര്‍ഗന്‍ തെളിക്കുന്ന വിജയരഥത്തിലേറി ഇംഗ്ലണ്ടിന്‍റെ ഏകദിന ടീം തീര്‍ച്ചയായും പുതിയ മാനങ്ങള്‍ കൈവരിച്ചു മുന്നേറുകയായിരുന്നു എന്നുതന്നെ വേണം പറയാന്‍.. പക്ഷേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിപ്പെടുന്നത് വരെ മാത്രമായിരുന്നു അത്.

മഹാരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലെ തോല്‍വി ഇംഗ്ലണ്ടിനെ ഇപ്പോള്‍ മാനസികമായ സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്തു 350 റണ്‍സ് അടിച്ചിട്ടും മത്സരം തോല്‍ക്കുന്നത് ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. പക്ഷെ എതിര്‍ ടീമിനെ അറുപത് റണ്‍സിന് 4 വിക്കെറ്റ് എന്ന പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിയിട്ടിട്ടും അവര്‍ക്ക് വിജയം കൈപ്പിടിയില്‍ ഒതുക്കാനായില്ല എന്ന വസ്തുതയാണ് അവരെ ഏറെ തളര്‍ത്തുന്നത്.

എന്നാല്‍ ഒറീസയിലെ ബാരാബതി സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന രണ്ടാമത്തെ ഏകദിന മത്സരത്തിനു മുന്‍പ് ഇംഗ്ലണ്ടിന് നേരിടേണ്ടി വരുന്ന തലവേദനകളുടെ എണ്ണം കൂടുന്നതെയുള്ളൂ. മത്സരം നടക്കുന്ന നഗരമായ കട്ടക്കില്‍ ഇരു ടീമുകള്‍ക്കും താമസിക്കാന്‍ റൂമുകള്‍ ഇല്ല! കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. കട്ടക്കിലെ നിലവാരമേറിയ എല്ലാ ഹോട്ടലുകളും ബുധനാഴ്ച രാവിലെ വരെ ലഭ്യമല്ല. റാംജിറാവു സ്പീക്കിങ്ങിലെ സായി കുമാറിന്‍റെ കഥാപാത്രത്തെ പോലെ ഇരു ടീമുകളും ‘താമസിക്കാനൊരു മുറി’ നോക്കി നടക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍ . ആദ്യത്തെ മത്സരത്തിനു ശേഷം ടീമുകൾ  ഇപ്പോള്‍ പൂനെയില്‍ തന്നെ തങ്ങുകയാണ്. രണ്ടു കൂട്ടര്‍ക്കും മത്സര വേദിയിലെ പരിശീലന സമയം കുറയുമെങ്കിലും ഇംഗ്ലണ്ടിനെയാണ് അത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന കട്ടക്കിലെ പിച്ചില്‍ ടോസ് നിര്‍ണ്ണായകമാകാനാണ് സാധ്യത. ഡ്യൂ ഫാക്ടര്‍ കണക്കിലെടുക്കുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും രണ്ടാമത് ബാറ്റ് ചെയ്യാനായിരിക്കും താല്പ്പര്യപ്പെടുക. ആദ്യ മത്സരത്തിലെ അതിശയിപ്പിക്കുന്ന  വിജയത്തിന് ശേഷം ക്യാപ്റ്റന്‍ കോഹ്ലിയും കൂട്ടരും ആത്മവിശ്വാസത്തിലാണ്. എത്ര റണ്‍സ് വേണമെങ്കിലും ചേസ് ചെയ്യാന്‍ കഴിയുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് അതിന് കാരണം. എന്നിരുന്നാലും ഇന്ത്യയുടെ ആദ്യ കളിയിലെ പോരായ്മകള്‍ ചൂഷണം ചെയ്യാനായിരിക്കും കോച് ട്രെവര്‍ ബെയ്ലിസ്സും ക്യാപ്റ്റന്‍ മോര്‍ഗനും പദ്ധതിയിടുക. ആത്മവിശ്വാസമില്ലാതെ ബാറ്റ് വീശുന്ന ശിഖര്‍ ധവാന്‍ , വലിയ ഇന്നിങ്ങ്സ് കളിക്കാന്‍ തനിക്കിനിയും കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന യുവരാജ് സിംഗ് , യഥേഷ്ടം റണ്‍ വിട്ടുനല്‍കിയ ഉമേഷ്‌ യാദവ്, ബീമര്‍ ബുമ്ര, മുനയില്ലാതിരുന്ന അശ്വിന്‍ , ഇവയൊക്കെ വിജയത്തിന്‍റെ മികവില്‍ ആരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ്. നിലവാരമുള്ള കളിക്കാരാണെങ്കിലും തങ്ങളുടെ സ്ഥാനം ന്യായീകരിക്കാന്‍ സമ്മര്‍ദം ഉണ്ടാകും അടുത്ത മത്സരത്തില്‍.  ഇവയില്‍  തന്നെയായിരിക്കും ഇംഗ്ലണ്ട് പ്രതീക്ഷയര്‍പ്പിക്കുന്നതും. ഒപ്പം കഴിഞ്ഞ കളിയിലെ അവരുടെ തന്നെ മികവേറിയ ബാറ്റിംഗ് പ്രകടനവും.

പക്ഷെ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതൊന്നുമായിരിക്കില്ല. ക്രിക്കറ്റില്‍ പതിനെട്ടാം നമ്പറിനു ഫുട്ബോളിലെ പത്താം നമ്പറിന്റെ അതേ സ്ഥാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിരാടന്‍ വിരാട്ടിന്‍റെ അവിശ്വസനീയ ഫോം തന്നെയാണ് അവരുടെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ കളിയില്‍ കളിച്ച പോലത്തെ ഞെട്ടിക്കുന്ന ഷോട്ടുകളും, അത് കാത്തിരിക്കുന്ന സ്റ്റേഡിയത്തിലെ കാണികളും, ഒപ്പം കഴിഞ്ഞ കളിക്ക് മുന്‍പുവരെ പേര് കേള്‍ക്കുമ്പോള്‍ അധികം ‘ഉയര’മില്ലാത്ത വെല്ലുവിളിയായി തോന്നിച്ച കേദാര്‍ മഹാദേവ് ജാധവും കൂടിയാകുമ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മത്സരത്തിനു ശേഷം ഇങ്ങനെ പറഞ്ഞാലും അത്ഭുതപ്പെടേണ്ടി വരില്ല

‘താമസിക്കാന്‍ മുറി കിട്ടാത്തത് കൊണ്ട് കളി ശരിയായില്ല’!