Ajazpatel

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ തകര്‍ന്നു, ഇരട്ട പ്രഹരവുമായി അജാസ് പട്ടേൽ

മുംബൈ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിനെ 235 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ 86/4 എന്ന നിലയിൽ. ഒരു ഘട്ടത്തിൽ ഇന്ത്യ 78/1 എന്ന നിലയിൽ ആയിരുന്നുവെങ്കിലും പിന്നീട് ടീം തകരുകയായിരുന്നു.

6 റൺസ് നേടുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്. യശസ്വി ജൈസ്വാള്‍ 30 റൺസ് നേടി പുറത്തായപ്പോള്‍ ശുഭ്മന്‍ ഗിൽ 31 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 53 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഗിൽ – ജൈസ്വാള്‍ കൂട്ടുകെട്ട് ഇന്ത്യയെ നയിക്കുന്നതിനിടെയാണ് അജാസ് പട്ടേൽ ജൈസ്വാളിനെ പുറത്താക്കിയത്.

നൈറ്റ് വാച്ച്മാന്‍ മൊഹമ്മദ് സിറാജിനെയും താരം തൊട്ടടുത്ത പന്തിൽ പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‍ലിയെ റണ്ണൗട്ട് രൂപത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായി.

നേരത്തെ വിൽ യംഗ് 71 റൺസും ഡാരിൽ മിച്ചൽ 82 റൺസും നേടിയാണ് ന്യൂസിലാണ്ടിനെ 235 റൺസിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും വാഷിംഗ്ടൺ സുന്ദര്‍ നാലും വിക്കറ്റ് നേടി.

Exit mobile version