ദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നു, മാര്‍ക്രത്തിനും എബിഡിയ്ക്കും അര്‍ദ്ധ ശതകം

രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിംഗ്സില്‍ 72 ഓവറുകള്‍ പിന്നിട്ടപ്പോള്‍ മൂന്നാം ദിവസം 238/5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 84 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം പുറത്തായപ്പോള്‍ 51 റണ്‍സുമായി എബി ഡി വില്ലിയേഴ്സ് പുറത്താകാതെ നില്ക്കുന്നു. 29 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്ക് ആണ് എബിഡിയ്ക്ക് കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്.
ഹാഷിം അംല(31), ഫാഫ് ഡു പ്ലെസി(20) എന്നിവര്‍ക്കൊപ്പം ഡിന് എല്‍ഗാര്‍, ടെംബ ബാവുമ എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 255 റണ്‍സില്‍ അവസാനിച്ചിരുന്നു. തലേ ദിവസത്തെ സ്കോറായ 245/9 എന്ന നിലയില്‍ നിന്ന് 10 റണ്‍സ് കൂടിയെ ഓസ്ട്രേലിയയ്ക്ക് നേടാനായുള്ളു. 34 റണ്‍സുമായി ടിം പെയിന്‍ പുറത്താകാതെ നിന്നപ്പോള്‍ ജോഷ് ഹാസല്‍വുഡിനെ റബാഡ പുറത്താക്കി. ഇതോടെ കാഗിസോ റബാഡയ്ക്ക് ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടാനായി. മോണേ മോര്‍ക്കലും നാല് വിക്കറ്റ് നേടിയപ്പോള്‍ വെറോണ്‍ ഫിലാന്‍ഡര്‍ രണ്ട് വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial