ഹാട്രിക്കുമായി ഷാഹിദ് അഫ്രീദി, പഖ്ത്തൂണ്‍സിനു മികച്ച ജയം

- Advertisement -

ഇന്റർനാഷണൽ ക്രിക്കറ്റർമാർ അണിനിരക്കുന്ന പ്രഥമ ടി10 ലീഗിന് ആവേശകരമായ തുടക്കം. 10 ഓവർ മാത്രം നീണ്ടുനിൽക്കുന്ന കളിയിൽ ഓരോ പന്തും ആവേശമായപ്പോൾ കാണികൾക്ക് ഒരു പുത്തൻ അനുഭവമായി. ആദ്യത്തെ മത്സരത്തിൽ ഓയിൻ മോർഗന്റെ കേരള കിങ്‌സ് ഷെഹ്സാദിന്റെ ബംഗാൾ ടൈഗേഴ്സിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ അഫ്രിദിയുടെ പഖ്ത്തൂൺസിന് 25 റൺസിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്യാൻ അയക്കപ്പെട്ട പഖ്ത്തൂൺസ് 10 ഓവറിൽ 121 റൺ നേടി. മുഹമ്മദ് സമിയെ തുടർച്ചയായി മൂന്ന് സിക്സുകൾ പായിച്ചത് ഉൾപ്പടെ ആദ്യത്തെ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിൽ ലിയാം ഡോസൻ 23 റൺസ് നേടി. ഡോസൻ, ഫഖർ സമൻ എന്നിവർ യഥാക്രമം 44, 45 റൺസ് വീതം നേടി. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന അഫ്രീദി വെടിക്കെട്ട് 6 പന്തിൽ 10 റൺസിൽ ഒതുങ്ങി. മൂന്ന് ഡോട്ട് ബോളുകൾക്ക് ശേഷം ഒരു പ്രൊഫഷണൽ ക്രിക്കറ്റർക്ക് ഓർക്കാൻ പോലും നാണക്കേട് ഉണ്ടാകുന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പുറത്താകൽ. ഷോർട്ട് ബോൾ അടിക്കാൻ കഴിയാതെ കീപ്പറുടെ കൈകളിൽ പന്ത് എത്തുകയും, ക്രീസിലേക്ക് കയറാൻ ഒരു ശ്രമം നടത്തുന്നതിന് മുന്നേ കമ്രാൻ അക്മൽ റൺ ഔട്ട് ആക്കുകയും ആയിരുന്നു. ഇമാദ് വസിം ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇമാദിന് പുറമെ 2 ഓവറിൽ 13 റൺ മാത്രം നൽകിയ ആമിറിന് മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളു.

രണ്ടാം ബാറ്റിങ്ങിന് എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിപരീതമായി സെഹ്‌വാഗ് ഓപ്പൺ ചെയ്യാൻ എത്തിയില്ല. അലക്സ് ഹേൽസ്, കമ്രാൻ അക്മൽ ആയിരുന്നു ഓപ്പണിങ്ങിന്. ആദ്യ വിക്കറ്റ് വീഴുമ്പോൾ സെഹ്‌വാഗ് വരുമെന്ന് കരുതിയെങ്കിലും, വെസ്റ്റ് ഇന്ത്യൻ താരം സിമ്മൺസിനായിരുന്നു അവസരം. എന്നാൽ ഇർഫാൻ തന്റെ ആദ്യത്തെ ഓവറിൽ രണ്ടാമത്തെ വിക്കറ്റ് വീഴ്ത്തുമ്പോൾ സിമ്മൺസ് ആയിരുന്നു ഇര. 4ആമത്തെ ഓവറിൽ ഉമർ ഗുലിനെ ഗ്രൗണ്ടിന് ചുറ്റും അലക്സ് ഹേൽസ് പായിക്കുന്നതാണ് പിന്നീട് കണ്ടത്. പന്തെറിയാൻ വന്ന ആദ്യ ഓവറിന്റെ ആദ്യ മൂന്ന് പന്തുകളിൽ റൈലി റൂഷോയെയും, ഡ്വെയ്ൻ ബ്രാവോയെയും, ബാറ്റിങ്ങ് ഓർഡറിൽ താഴെയിറങ്ങിയ സെഹ്‌വാഗിനെയും അഫ്രീദി മടക്കി. ടി10 ലീഗിലെ ആദ്യ ഹാട്രിക്ക് ആഫ്രിദിക്ക് സ്വന്തം. തന്റെ ബാറ്റിങ്ങ് വെടിക്കെട്ട് കാണാൻ വന്നവർക്ക് ബൗളിങ്ങ് വിരുന്നൊരുക്കി തന്റെ ട്രേഡ്മാർക്ക് രീതിയിൽ ആഘോഷിച്ച് തനിക്ക് ഇന്നും ക്രിക്കറ്റ് ബാല്യം നഷ്ടമായിട്ടില്ലെന്ന് അടിവരയിടുകയായിരുന്നു. എന്നാൽ ഓപ്പണിങ്ങിന് ഇറങ്ങിയ ഹേൽസ് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. അഫ്രിദിയുടെ രണ്ടാം ഓവറിൽ ഒരു ഫോറും അടുത്ത പന്തിൽ സ്റ്റേഡിയത്തിന്റെ പുറത്ത് ഒരു സിക്‌സും എത്തിച്ചു. 9ആം ഓവർ എറിയാൻ വന്ന സൊഹൈൽ ഖാൻ വെറും 3 റൺ വിട്ടുകൊടുത്തതും വിൽജോയെന് റൺ എളുപ്പത്തിൽ റൺ എടുക്കാൻ കഴിയാഞ്ഞതും ഹേൽസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ബാറിന് പുറത്ത് വെച്ച് പ്രശ്നമുണ്ടാക്കിയതിന് ബെൻ സ്റ്റോക്സിനൊപ്പം ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താക്കിയ ഹേൽസ് 24 പന്തിൽ നിന്നും തന്റെ 50 തികച്ചു. ഒടുവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 96 റണ്ണിൽ ഒതുങ്ങി.

കാത്തിരുന്നവരെ ബാറ്റ് കൊണ്ട് സെഹ്‌വാഗും, അഫ്രിദിയും നിരാശപ്പെടുത്തിയപ്പോൾ, അഫ്രീദി പന്ത് കൊണ്ട് നാണക്കേട് മാറ്റി. സൊഹൈൽ ഖാൻ 2 ഓവറിൽ 6 റൺ മാത്രം വിട്ടുകൊടുത്തുകൊണ്ട് 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement