ഓള്‍റൗണ്ട് പ്രകടനവുമായി അഫ്രീദി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം

- Advertisement -

ധാക്ക ഡൈനാമൈറ്റ്സിനെ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ വിജയത്തിലേക്ക് നയിച്ച് ഷാഹിദ് അഫ്രീദി. ബൗളിംഗില്‍ 4 വിക്കറ്റും ബാറ്റിംഗിനിറങ്ങി 17 പന്തില്‍ 37 റണ്‍സുമാണ് അഫ്രീദി ഇന്നലത്തെ മത്സരത്തില്‍ നേടത്തിയത്. ടോസ് നേടിയ ധാക്ക ഡൈനാമൈറ്റ്സ് ബൗളിംഗ് തിരഞ്ഞെടുത്ത് സില്‍ഹെറ്റ് സിക്സേഴ്സിനെ 101 റണ്‍സിനു കടിഞ്ഞാണിടുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് സിക്സേഴ്സ് ഈ സ്കോര്‍ നേടിയത്.

30 റണ്‍സ് നേടിയ അബുള്‍ ഹസന്‍ ആയിരുന്നു സിക്സേഴ്സ് നിരയിലെ ടോപ് സ്കോറര്‍. അഫ്രീദിയും സുനില്‍ നരൈനുമാണ് ബൗളിംഗില്‍ ധാക്കയ്ക്കായി തിളങ്ങിയത്. അഫ്രീദി 4 ഓവറില്‍ 12 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍ 4 ഓവറില്‍ 10 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ധാക്ക ഡൈനാമൈറ്റ്സിനു സ്ഫോടനാത്മകമായ തുടക്കമാണ് എവിന്‍ ലൂയിസ്-ഷാഹിദ് അഫ്രീദി കൂട്ടുകെട്ട് നല്‍കിയത്. 4.1 ഓവറില്‍ അഫ്രീദി(17 പന്തില്‍ 5 സിക്സര്‍ സഹിതം 37 റണ്‍സ്) പുറത്താകുമ്പോള്‍ ടീം സ്കോര്‍ 59 റണ്‍സായിരുന്നു. കാമറൂണ്‍ ഡെല്‍പോര്‍ടിനെ തൊട്ടടുത്ത പന്തില്‍ നഷ്ടമായെങ്കിലും പിന്നീട് കത്തിക്കയറിയ എവിന്‍ ലൂയിസും(18 പന്തില്‍ 44*) ഷാകിബ് അല്‍ ഹസനും(18*) കൂടുതല്‍ നഷ്ടമില്ലാതെ ധാക്കയെ വിജയത്തിലേക്ക് നയിച്ചു. ടിം ബ്രെസ്നനാണ് സിക്സേഴ്സിനു വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement