ലോകകപ്പ് യോഗ്യത, അഫ്ഗാനിസ്ഥാന്റെ സാധ്യതകളിങ്ങനെ

ക്രിക്കറ്റ് ലോകത്തിലെ പുത്തന്‍ താരോദയങ്ങളായിരുന്നു അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ കുറച്ചധികം വര്‍ഷങ്ങളായി. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് വരെ എത്തുവാന്‍ കഴിഞ്ഞ റഷീദ് ഖാന്റെയും പുതിയ സ്പിന്‍ താരോദയം മുജീബ് സദ്രാനെയും മുഹമ്മദ് നബിയെയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദിനെയും എല്ലാം ക്രിക്കറ്റ് ലോകത്തിനു സമ്മാനിച്ച ഏഷ്യന്‍ ശക്തികള്‍. അയര്‍ലണ്ടിനൊപ്പം ടെസ്റ്റ് പദവിയും തങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനം മൂലം അഫ്ഗാനിസ്ഥാനു കൈവന്നു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ കുഴഞ്ഞ് മറിഞ്ഞ സ്ഥിതിയിലാണ് അഫ്ഗാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച്. ലോകകപ്പിനു യോഗ്യത നേടുവാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു അഫ്ഗാനിസ്ഥാന്‍ എന്നാല്‍ കാര്യങ്ങള്‍ ആദ്യ മത്സരം മുതല്‍ ടീമിനു പിഴയ്ക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനോട് തോല്‍വി. രണ്ടാം മത്സരത്തില്‍ അതേ ഫലം ആതിഥേയരായ സിംബാബ്‍വേയില്‍ നിന്ന്. തീര്‍ത്തും ത്രില്ലറെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ സിംബാബ്‍വേ രണ്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ടീമിനു ഹോങ്കോംഗിനെതിരെ വിജയം അനിവാര്യമായിരുന്നു. പക്ഷേ ഫലം മൂന്നാം തോല്‍വി. ലോകകപ്പ് യോഗ്യത എന്ന അഫ്ഗാനിസ്ഥാന്റെ സ്വപ്നങ്ങള്‍ ശരിക്കും കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു.

നേര്‍ത്തൊരു അവസരം മാത്രമാണ് ഇനി അഫ്ഗാനിസ്ഥാനു മുന്നില്‍ സാധ്യതയായി തെളിഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് ശേഷിക്കുന്ന മത്സരം ജയിക്കുക എന്നത് മാത്രമല്ല മറ്റു ടീമുകള്‍ തങ്ങള്‍ക്കനുകൂലമായി ഫലം നേടുന്നതിനായും അഫ്ഗാനിസ്ഥാന്‍ കാത്തിരിക്കണം. അടുത്ത മത്സരത്തില്‍ നേപ്പാളിനെ കൂറ്റന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുക, നേപ്പാള്‍ ഹോങ്കോംഗിനെ കീഴടക്കുകക, സിംബാബ്‍വേ ഹോങ്കോംഗിനെ കീഴടക്കുക എന്ന മൂന്ന് ഫലങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ വന്നാല്‍ വീണ്ടും അഫ്ഗാനിസ്ഥാനു ഇംഗ്ലണ്ടിലേക്കുള്ള ടിക്കറ്റ് സ്വപ്നം കാണാം.

ഇതില്‍ നേപ്പാള്‍ ഹോങ്കോംഗ് മത്സരമാവും അഫ്ഗാനിസ്ഥാന്റെ വിധിയെ നിര്‍ണ്ണയിക്കുക. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി എത്തുന്ന ഹോങ്കോംഗിനെതിര നേപ്പാളിനു ജയം നേടുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറബാഡയ്ക്ക് മുന്നില്‍ തകര്‍ന്ന് ഓസ്ട്രേലിയന്‍ മധ്യനിര
Next articleമാനുപ്പ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു