അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷമില്ല

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടത്തുകയില്ലെന്ന് അറിയിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സ്നിക്സര്‍ സ്പോര്‍ട്സുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ പലതും പാലിക്കപ്പെടാതിരുന്നതിനാല്‍ അവരുമായുള്ള കമേഴ്സല്‍ റൈറ്റ്സ് അഗ്രിമെന്റ് റദ്ദാക്കുകയാണെന്ന് എസിബി ഭാരവാഹികള്‍ അറിയിച്ചു. ലീഗ് അടുത്ത വര്‍ഷം നടത്തുമെന്നും ബോര്‍ഡ് അറിയിച്ചു.

അഫ്ഗാന്‍ ബോര്‍ഡ് പറയുന്നത് പ്രകാരം ആദ്യ സീസണില്‍ നല്‍കേണ്ട തുക സ്നിക്സര്‍ സ്പോര്‍ട്സ് നല്‍കിയിട്ടില്ലെന്നാണ്. ഇത് കൂടാതെ ലീഗില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതി സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ അഫ്ഗാനിസ്ഥാന്റെ അറ്റോര്‍ണി ജനറലുടെ ഓഫീസിനോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ചെയര്‍മാന്‍ ആതിഫ് മഷാല്‍, ഇപ്പോളത്തെ സിഇഒ ഷഫീക്കുള്ള സ്റ്റാനെക്സായി എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുമെന്നാണ് അറിയുന്നത്.

അടുത്ത വര്‍ഷം ലീഗ് നടത്തിപ്പിനായി പുതിയ ടെണ്ടറുകള്‍ വിളിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പ് 2018ല്‍ യുഎഇയില്‍ ആണ് നടന്നത്. ബാല്‍ക്ക് ലെജന്‍ഡ്സ് ആണ് ചാമ്പ്യന്മാരായത്.