ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, പാക്തിയ പാന്തേഴ്സിനെ തകര്‍ത്ത് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക്

- Advertisement -

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് കാബുള്‍ സ്വാനന്‍. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ പാക്തി പാന്തേഴ്സിനെ തകര്‍ത്താണ് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ കാബുളിന്റെ എതിരാളികള്‍ ബാല്‍ക്ക് ലെജന്‍ഡ്സ് ആണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുറത്തെടുത്ത സ്വാനന്‍ നായകന്‍ റഷീദ് ഖാന്‍ ആണ് കളിയിലെ താരം. 19 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ റഷീദ് ഖാന്‍ ബൗളിംഗില്‍ 4 വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കാബുള്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. കോളിന്‍ ഇന്‍ഗ്രാം 27 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ലൗറി ഇവാന്‍സ്(31), റഷീദ് ഖാന്‍(35*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ലൂക്ക് റോഞ്ചിയും(15), ഹസ്രത്തുള്ള സാസായിയും(24) മികച്ച തുടക്കം ടീമിനു നല്‍കിയെങ്കിലും അവര്‍ക്ക് അത് തുടരാന്‍ സാഘിച്ചില്ല. ഒരു ഘട്ടത്തില്‍ 79/4 എന്ന സ്ഥിതിയിലായിരുന്ന കാബുള്‍ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തിലാണ് 192 റണ്‍സിലേക്ക് എത്തുന്നത്. ഇതില്‍ അവസാന ഓവറില്‍ മാത്രം 20 റണ്‍സാണ് ടീം നേടിയത്. പാക്തിയയ്ക്കായി ഇസ്രു ഉഡാന, സിയാവ് റഹ്മാന്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ പാക്തിയ പാന്തേഴ്സിനു ആദ്യ ഓവറില്‍ തന്നെ നായകന്‍ മുഹമ്മദ് ഷെഹ്സാദിനെ നഷ്ടമായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കാബുള്‍ ഒരു ഘട്ടത്തിലും പാന്തേഴ്സിനു തിരിച്ചുവരവിനു അവസരം നല്‍കിയില്ല. 14.5 ഓവറില്‍ 102 റണ്‍സിനു പാക്തിയ പുറത്തായപ്പോള്‍ 90 റണ്‍സിന്റെ ജയമാണ് കാബുള്‍ സ്വന്തമാക്കിയത്.

റഷീദ് ഖാന്‍ നാലും മുസ്ലീം മൂസ രണ്ടും വിക്കറ്റ് നേടി. വെയിന്‍ പാര്‍ണെല്‍, ജാവേദ് അഹമ്മദി, ഷാഹീദുള്ള കമാല്‍, ഫിത്രത്തുള്ള ഖവാരി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഫൈനല്‍ മത്സരം ഇന്ന് ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം 9.30നു അരങ്ങേറും.

Advertisement