രണ്ട് റണ്‍സ് വിജയവുമായി കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ 2 റണ്‍സ് ജയം നേടി കാബുള്‍ സ്വനാന്‍. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ 15 റണ്‍സ് അവസാന ഓവറില്‍ വിജയത്തിനായി വേണ്ടിയിരുന്ന കാണ്ഡഹാറിനു 12 റണ്‍സ് മാത്രമേ നേടിാനായുള്ളു. 23 പന്തില്‍ 46 റണ്‍സ് നേടിയ റിക്കി വെസ്സലിന്റെ പ്രകടനമാണ് കാണ്ഡഹാറിനെ വിജയത്തിനരികെ എത്തിച്ചതെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ ടീമിനു സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത കാബുള്‍ ലോറി ഇവാന്‍സിന്റെ പ്രകടനത്തിനൊപ്പം ഷാഹിദുള്ള കമാല്‍(33), ജാവേദ് അഹമ്മദി(39) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയത്. ഇവാന്‍സ് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. 5 സിക്സ് സഹിതം 29 പന്തില്‍ നിന്നാണ് ഇവാന്‍സിന്റെ തകര്‍പ്പന്‍ പ്രകടനം. കാണ്ഡഹാറിനു വേണ്ടി സയ്യദ് ഷിര്‍സാദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കരീം ജനത് രണ്ട് വിക്കറ്റിനുടമയായി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാണ്ഡഹാറിനായി ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ 52 റണ്‍സും നസീര്‍ ജമാല്‍ 38 റണ്‍സും നേടി റിക്കി വെസ്സലിനു പിന്തുണ നല്‍കിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നരെ മാത്രമേ നിശ്ചിത 20 ഓവറില്‍ നിന്ന് ടീമിനു നേടാനായുള്ളു. ഷാഹിദുള്ള കമാല്‍, വെയിന്‍ പാര്‍ണെല്‍, മുസ്ലിം മൂസ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.