23 സിക്സുകള്‍, ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സ് നേടുന്ന ടീമായി ബാല്‍ക്ക് ലെജന്‍ഡ്സ്

കാബുള്‍ സ്വാനനെതിരെ 20 ഓവറില്‍ നിന്ന് 244 റണ്‍സ് നേടിയ ബാല്‍ക്ക് ലെജന്‍ഡ്സിനു മറ്റൊരു റെക്കോര്‍ഡ് കൂടി. ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിലൂടെ ടീം സ്വന്തമാക്കിയത്. 48 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ക്രിസ് ഗെയിലിന്റെ 10 സിക്സുകള്‍ക്കൊപ്പം മറ്റു താരങ്ങളും സംഭാവന ചെയ്തപ്പോളാണ് ഈ കൂറ്റന്‍ ലക്ഷ്യം ടീം നേടിയത്.

ഡാര്‍വിഷ് റസൂലി(5), ദില്‍ഷന്‍ മുനവീര(3), മുഹമ്മദ് നബി(3), മിര്‍വൈസ് അഷ്റഫ്(2) എന്നിവരാണ് മറ്റു സിക്സടിക്കാര്‍. കോളിന്‍ ഇന്‍ഗ്രാമിന്റെ പതിനൊന്നാം ഓവറില്‍ 32 റണ്‍സാണ് ഗെയിലും ഡാര്‍വിഷ് റസൂലിയും ചേര്‍ന്ന് നേടിയത്. തൊട്ടടുത്ത ഓവറില്‍ ഗെയില്‍ റണ്ണൗട്ട് ആയത് കാബുളിനു ആശ്വാസമായി മാറുകയായിരുന്നു.

റസൂലി 27 പന്തില്‍ 50 റണ്‍സും ദില്‍ഷന്‍ മുനവീര 25 പന്തില്‍ 46 റണ്‍സും മുഹമ്മദ് നബി 15 പന്തില്‍ 37 റണ്‍സും നേടി തകര്‍ത്ത് അടിക്കുകയായിരുന്നു. കാബുളിനു വേണ്ടി ഫരീദ് അഹമ്മദ് രണ്ടും വെയിന്‍ പാര്‍ണെല്‍, ഷഹീദുള്ള കമാല്‍, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleഇന്ത്യന്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി വിന്‍ഡീസ് പരമ്പര
Next articleടി20യില്‍ ഒരോവറില്‍ ആറ് സിക്സ് പറത്തി സാസായി, 12 പന്തില്‍ അര്‍ദ്ധ ശതകം