കാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

റയാന്‍ ടെന്‍ ഡോഷെറ്റയുടെ ബാറ്റിംഗ് മികവില്‍ കാബൂള്‍ സ്വാനനെ കീഴടക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ കാബൂളിനു 6 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന മികച്ച സ്കോര്‍ നേടാനായെങ്കിലും രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് 18.5 ഓവറില്‍ വിജയം സ്വന്തമാക്കി.

റയാന്‍ ടെന്‍ ഡോഷെറ്റയുടെ 78 റണ്‍സ് പ്രകടനത്തിനൊപ്പം രവി ബൊപ്പാര(38*), ഉസ്മാന്‍ ഖാനി(40) എന്നിവരും ബാല്‍ക്കിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. 46 പന്ത് നേരിട്ട റയാന്‍ 7 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് ബൊപ്പാരയും റയാനും ചേര്‍ന്ന് നേടിയത്. അഞ്ചാം ഓവറില്‍ റഷീദ് ഖാന്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയെങ്കിലും പിന്നീട് ബാല്‍ക്ക് ലെജന്‍ഡ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാബൂള്‍ ഒരു ഘട്ടത്തില്‍ 76/5 എന്ന നിലയിലായിരുന്നുവെങ്കിലും അവസാന 9 ഓവറില്‍ നിന്ന് 100 റണ്‍സ് നേടി മികച്ച സ്കോര്‍ നേടുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ ലൗറി ഇവാന്‍സ് മികച്ച പ്രകടനം നടത്തിയപ്പോള്‍ റഷീദ് ഖാനാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 27 പന്തില്‍ നിന്ന് 5 സിക്സുള്‍പ്പെടെ 56 റണ്‍സാണ് പുറത്താകാതെ റഷീദ് ഖാന്‍ നേടിയത്. ഇവാന്‍സ് 64 റണ്‍സ് നേടി. മുഹമ്മദ് നബിയും അഫ്താബ് അലവും രണ്ട് വീതം വിക്കറ്റ് ബാല്‍ക്കിനായി നേടി.

Previous articleകട്ടിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് കാണ്ഡഹാര്‍, നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനു 6 വിക്കറ്റ് ജയം
Next articleവിക്കറ്റ് നഷ്ടമില്ല, മന്ദ ഗതിയില്‍ പാക്കിസ്ഥാന്‍, ഹഫീസ് അര്‍ദ്ധ ശതകത്തിനരികെ