ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടറിഞ്ഞ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍, ശിഖര്‍ ധവാനു ശതകം

- Advertisement -

അരങ്ങേറ്റക്കാരായ അഫ്ഗാനിസ്ഥാന്റെ പേരുകേട്ട സ്പിന്നര്‍മാര്‍ക്കും ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടറിഞ്ഞു. ശിഖര്‍ ധവാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ശതകം നേടിയപ്പോള്‍ അഫ്ഗാന്‍ സ്പിന്‍ ത്രയത്തിനും ടെസ്റ്റ് ക്രിക്കറ്റില്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ യാതൊരുവിധ പ്രഭാവവുമുണ്ടാക്കുവാന്‍ അഫ്ഗാനിസ്ഥാനു സാധിച്ചില്ല എന്നതാണ് സത്യം. 27ഓവറില്‍ നിന്ന് ഇന്ത്യ 158 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിരിക്കുന്നത്.

47 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശിഖര്‍ ധവാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 87 പന്തില്‍ തന്റെ ശതകവും ശിഖര്‍ ധവാന്‍ നേടി. 91 പന്തില്‍ നിന്ന് 104 റണ്‍സാണ് ശിഖര്‍ ധവാന്‍ ലഞ്ചിനു പിരിയുമ്പോള്‍ നേടിയിട്ടുള്ളത്. ഐപിഎലില്‍‍ സ്വന്തം ടീമംഗമായ റഷീദ് ഖാനെയാണ് ശിഖര്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. 41 റണ്‍സുമായി മുരളി വിജയയും ക്രീസിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement