അയര്‍ലണ്ടിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടി

അയര്‍ലണ്ടിനെതിരെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി 2019 ഐസിസി ലോകകപ്പിനു യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍. 5 പന്തുകള്‍ ശേഷിക്കെ നായകന്‍ അസ്ഗര്‍ സ്റ്റാനിക്സായി ബൗണ്ടറി നേടിയാണ് ടീമിനു വിജയവും ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തത്. ഇതോടെ വിന്‍ഡീസിനൊപ്പം ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി മാറി അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് ഷെഹ്സാദ് ആണ് കളിയിലെ താരം.

വിജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമേ നേടിയുള്ളു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റും ദവലത് സദ്രാന്‍ രണ്ടും വിക്കറ്റ് നേടി അയര്‍ലണ്ടിനെ ചെറുത്ത് നിര്‍ത്തുകയായിരുന്നു. 55 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. കെവിന്‍ ഒ ബ്രൈന്‍ 41 റണ്‍സും നിയാല്‍ ഒ ബ്രൈന്‍ 36 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് ഷെഹ്സാദും(54) ഗുല്‍ബാദിന്‍ നൈബും(45) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 50 പന്തില്‍ 54 റണ്‍സ് നേടി ഷെഹ്സാദ് മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാനു നല്‍കിയത്. 39 റണ്‍സ് നേടിയ അസ്ഗര്‍ സ്റ്റാനിക്സായി ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സമിയുള്ള ഷെന്‍വാരി 27 റണ്‍സ് നേടി പുറത്തായപ്പോള്‍ നജീബുള്ള സദ്രാന്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. നിര്‍ണ്ണായകമായ ആറാം വിക്കറ്റില്‍ ഷെന്‍വാരി-സദ്രാന്‍ കൂട്ടുകെട്ട് 32 റണ്‍സുമായി പുറത്താകാതെ നിന്നു.

അയര്‍ലണ്ടിനായി സിമി സിംഗ് പത്തോവറില്‍ 30 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടി. ബാരി മക്കാര്‍ത്തി, ബോയഡ് റാങ്കിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതമീം ഇക്ബാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കളിക്കില്ല
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ സുഭാഷിഷ് റോയ് ഇനി ജംഷദ്പൂർ എഫ് സിയിൽ