ലോകകപ്പ് യോഗ്യത ഫൈനല്‍ ജേതാക്കളായി അഫ്ഗാനിസ്ഥാന്‍

തുടര്‍ച്ചയായ മൂന്ന് തോല്‍വിയോടെ തുടക്കം. നേപ്പാളിന്റെയും യുഎഇയുടെയും സഹായത്തോടെ സൂപ്പര്‍ സിക്സിലേക്കും മെയിന്‍ ഡ്രോയിലേക്കും യോഗ്യത. എന്നാല്‍ ഫൈനലില്‍ വിന്‍ഡീസിനെതിരെ മികച്ച ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 204 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ അഫ്ഗാനിസ്ഥാനു 7 വിക്കറ്റ് ജയം നേടുവാന്‍ വെറും 40.4 ഓവറുകളാണ് അഫ്ഗാനിസ്ഥാനു വേണ്ടി വന്നത്. അഹമ്മദ് ഷെഹ്സാദും റഹ്മത് ഷായും നേടിയ അര്‍ദ്ധ ശതകങ്ങളാണ് അഫ്ഗാനിസ്ഥാനു കാര്യങ്ങള്‍ എളുപ്പമാക്കിയത്.

46.5 ഓവറില്‍ വിന്‍ഡീസ് 204 റണ്‍സിനു ഓള്‍ഔട്ട് ആകുമ്പോള്‍ 44 റണ്‍സ് നേടിയ റോവ്മന്‍ പവലും 38 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറുമാണ് ടീമിനായി പൊരുതിയത്. മുജീബ് ഉര്‍ റഹ്മാന്‍ നാല് വിക്കറ്റുമായി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി. ഗുല്‍ബാദിന്‍ നൈബ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലി നഴ്സ് വാലറ്റത്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.

മുഹമ്മദ് ഷെഹ്സാദ് നേടിയ 84 റണ്‍സും റഹ്മത് ഷാ 51 റണ്‍സും നേടി അഫ്ഗാനിസ്ഥാന്റെ വിജയം ഉറപ്പാക്കി. ക്രിസ് ഗെയില്‍ ഇരുവരെയും പുറത്താക്കിയെങ്കിലും സമിയുള്ള ഷെന്‍വാരിയും(20*)-മുഹമ്മദ് നബിയും(27*) ചേര്‍ന്ന് ടീമിന്റെ വിജയം ഉറപ്പാക്കി. മൂന്ന് സിക്സുകളുടെ സഹായത്തോടെയാണ് നബി വെറും 12 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial