സൂപ്പര്‍ സിക്സില്‍ അഫ്ഗാനിസ്ഥാനു സൂപ്പര്‍ തുടക്കം, വിന്‍ഡീസിനെ 3 വിക്കറ്റ് ജയം

- Advertisement -

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ റൗണ്ടിലെ മോശം പ്രകടനത്തിനു ശേഷം സൂപ്പര്‍ സിക്സില്‍ വിജയവുമായി അഫ്ഗാനിസ്ഥാന്‍. വിന്‍ഡീസിനെതിരെ 3 വിക്കറ്റിന്റെ ജയമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. 197 റണ്‍സിനു കരുതുറ്റ വിന്‍ഡീസ് നിരയെ തളച്ചിട്ട ശേഷം അഫ്ഗാനിസ്ഥാന്‍ ലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. റഹ്മത് ഷായും മുഹമ്മദ് നബിയും സമീയുള്ള ഷെന്‍വാരിയുമാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ചെറിയ ലക്ഷ്യമായിരുന്നുവെങ്കിലും അതിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് അഫ്ഗാനിസ്ഥാന്‍ എത്തിപ്പെട്ടത്. റഹ്മത് ഷാ 68 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബിയും(31) സമീയുള്ള ഷെന്‍വാരിയും(27) നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.

നായകന്‍ റഷീദ് ഖാന്‍ നിര്‍ണ്ണായകമായ 13 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും കീമോ പോള്‍ രണ്ടും വിക്കറ്റ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ധത്തിലാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 50 ഓവറില്‍ 197/8 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ ഒതുക്കി. 43 റണ്‍സ് നേടിയ ഷായി ഹോപ്, മര്‍ലന്‍ സാമുവല്‍സ്(36), ജേസണ്‍ ഹോള്‍ഡര്‍(28), എവിന്‍ ലൂയിസ്(27) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. മൂജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് നബി രണ്ടും വിക്കറ്റാണ് വിജയികള്‍ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement