മഴ നിയമത്തില്‍ അഫ്ഗാനിസ്ഥാന്‍

- Advertisement -

മഴ നിയമം മൂലം സിംബാബ്വെയെ 12 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.2 ഓവറില്‍ 216 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകം നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനികാസിയാണ് കളിയിലെ കേമന്‍. സിംബാബ്വെയ്ക്ക് വേണ്ടി ഗ്രീം ക്രെമര്‍ 3 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ സിംബാബ്‍വേ 99/4 എന്ന നിലയിലെത്തിയപ്പോളാണ് കളി മഴ തടസ്സപ്പെടുത്തിയത്. ക്രെയിഗ് ഇര്‍വിന്‍ 38 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നേരത്തെ ടോസ് ലഭിച്ച അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദിനെ(8) ആദ്യമേ നഷ്ടമായെങ്കിലും നൂര്‍ അലി സര്‍ദ്ദാനും(39) രാഹത് ഷായും(31) ചേര്‍ന്ന് 67 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. നൂര്‍ അലിയുടെ മെല്ലെ പോക്ക് അഫ്ഗാന്‍ റണ്‍ നിരക്കിനെ വല്ലാതെ ബാധിച്ചുവെങ്കിലും നായകന്‍ അസ്ഗര്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയായിരുന്നു. തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ അസ്ഗര്‍ പുറത്തായത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. അന്തിമ ഓവറുകളില്‍ റഷീദ് ഖാന്റെ വെടിക്കെട്ട്(32) ബാറ്റിംഗ് ആണ് അഫ്ഗാന്‍ സ്കോര്‍ 200 കടത്തിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ഗ്രീം ക്രെമര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടെണ്ടായി ചതാര, ക്രിസ് പോഫു എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ് ഗാരാവ, സികന്ദര്‍ റാസ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

ചെറിയ സ്കോര്‍ പിന്തുടര്‍ന്ന സിംബാബ്‍വേ തുടക്കം മെല്ലെയായിരുന്നു. സ്കോര്‍ 21 എത്തിയപ്പോളേക്കും ഓപ്പണിംഗ് ബാറ്റ്സ്മാന്മാര്‍ രണ്ട് പേരും പുറത്തായി. സികന്ദര്‍ റാസയെയും നഷ്ടമായ സിംബാബ്‍വേയെ ക്രെയിഗ് ഇര്‍വിന്‍, റയാന്‍ ബര്‍ല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും റാഷിദ് ഖാന്‍ റയാന്‍ ബര്‍ലിന്റെ അന്തകനായി. ബര്‍ല്‍(28) പുറത്തായ ഉടനെ മഴ സിംബാബ്‍വേയുടെ വില്ലനായി അവതരിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനു വേണ്ടി അമീര്‍ ഹംസ, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നബി, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement